Connect with us

Kozhikode

ഒരു വർഷം നീണ്ട 25 കർമ പദ്ധതികൾ; സഹായി വാദിസലാം സിൽവർ ജൂബിലി ആഘോഷ പരിപാടികൾക്ക് പ്രൗഢ തുടക്കം

Published

|

Last Updated

കോഴിക്കോട്: ഒരു വർഷം നീണ്ടു നിൽക്കുന്ന സഹായി വാദിസലാം സിൽവർ ജൂബിലി ആഘോഷ പരിപാടികൾക്ക് പ്രൗഢമായ തുടക്കം.
സഹായി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽകോളജ് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ സിൽവർ ജൂബിലി പ്രഖ്യാപനം നടത്തി.
ഒരാണ്ട് നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷത്തിനിടക്ക് സഹായി വാദിസലാം കടന്ന് ചെല്ലാനിരിക്കുന്ന മികവുറ്റ 25 സേവന പദ്ധതികൾ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് വള്ള്യാട് മുഹമ്മദലി സഖാഫി അവതരിപ്പിച്ചു.

ഡയാലിസിസ് സെന്റർ സമർപ്പണം, രോഗികൾക്കാശ്വാസമായി 25 ആംബുലൻസുകൾ, ആയിരം വളണ്ടിയർമാർ, ജില്ലയിലുടനീളം മയ്യിത്ത് പരിപാലനത്തിനുള്ള വനിതാ വളണ്ടിയർ പരിശീലനം, ആശുപത്രി വാർഡ് നവീകരണം, പാലിയേറ്റീവ് കെയർ പദ്ധതി, ജില്ലയിൽ 600 കേന്ദ്രങ്ങളിൽ ബ്ലഡ് ഡയറക്ടറി, രക്തദാന മഹാമേള, ഡി- അഡിക്ഷൻ സെന്റർ, ജീവിത ശൈലീബോധവത്കരണം, കെയർഹോം തുടങ്ങിയ വൈവിധ്യവും സേവന രംഗത്ത് ആശ്വാസമേകുന്നതുമായ പദ്ധതികളുടെ കർമരേഖയാണ് സഹായി പ്രഖ്യാപിച്ചിരിക്കുന്നത്.
സമ്മേളനച്ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് നിർവഹിച്ചു.

മദ്‌റസാ ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ, മെഡിക്കൽകോളജ് കാർഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. കുര്യാക്കോസ്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ജമലുല്ലൈലി തങ്ങൾ തുടങ്ങിവർ സംബന്ധിച്ചു.

വേദിയിൽ അഞ്ച് ജില്ലകൾക്കാകമാനം ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രി പരിസരത്ത് കാൽ നൂറ്റാണ്ട് കാലത്തോളമായി സ്തുത്യർഹ സേവനം നടത്തി വരുന്നു. സഹായിയുടെ കാരുണ്യം അടുത്തറിയാനും അത് പാവങ്ങൾക്കേകുന്ന തണൽ അനുഭവിച്ചറിയാനും കഴിഞ്ഞവരാണ് മെഡിക്കൽകോളജിലെ ഡോക്ടർമാരും ജീവനക്കാരുമെന്ന് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ ചടങ്ങിൽ പറഞ്ഞു.

പരാശ്രയമില്ലാതെ കഷ്ടപ്പെടുന്നവർക്ക് സഹായമെത്തിക്കാൻ ആരെ സമീപിക്കുമെന്ന ചർച്ചയിൽ ആദ്യം ചൂണ്ടിക്കാണിക്കപ്പെടുന്നത് സഹായിയെയാണെന്ന് അദ്ദേഹം പറഞ്ഞു.

ടി കെ അബ്ദുർറഹ്‌മാൻ ബാഖവി, ഷുക്കൂർ സഖാഫി വെണ്ണക്കോട്, എ കെ സി മുഹമ്മദ് ഫൈസി, സി എം യൂസുഫ് സഖാഫി, അബ്ദുന്നാസർ ചെറുവാടി, ബി പി സിദ്ദീഖ് ഹാജി, ടി എ മുഹമ്മദ് അഹ്‌സനി, കബീർ മാസ്റ്റർ, വി എം കോയ മാസ്റ്റർ, അബ്ദുൽകലാം മാവൂർ, മുല്ലക്കോയ തങ്ങൾ, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, അബ്ദുസ്സമദ് സഖാഫി മായനാട് സംബന്ധിച്ചു.

Latest