Connect with us

Wayanad

ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നു; വയനാടിന് തിരിച്ചടി

Published

|

Last Updated

സഞ്ചാരികളെ ആകർഷിക്കുന്ന കോട്ടത്തറ പഞ്ചായത്തിലെ
കുറുമ്പാലക്കോട്ട

ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നത് വയനാടിന് കനത്ത തിരിച്ചടിയാവുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സൗത്ത് വയനാട് വനം ഡിവിഷന് കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കുറുവാ ദ്വീപ്, സൂചിപ്പാറ, ചെമ്പ്രാ പീക്ക്, ബാണാസുരക്കടുത്ത മീൻ മുട്ടി എന്നിവ പൂട്ടിയതോടെ വയനാടിന്റെ പ്രധാന വരുമാനമായ ടൂറിസം മേഖല തളർന്നിരിക്കുകയാണ്. പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഇവിടങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവെച്ചത്.

കൂടാതെ മുത്തങ്ങ, തോൽപ്പെട്ടി വന്യജീവി കേന്ദ്രങ്ങൾ കാട്ടു തീ ഭീഷണിയെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നത് സഞ്ചാരികളെ നിരാശരാക്കുന്നു. അതേ സമയം ഡി ടി പി സി കേന്ദ്രങ്ങളിൽ ബദൽ സഞ്ചാരികൾക്കായി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദയവും അസ്തമയവും കൺകുളിർക്കേ കാണാനെത്തുന്ന സഞ്ചാരികൾക്ക് പച്ചയുടുപ്പിട്ട് അണിഞ്ഞൊരുങ്ങി നിൽക്കുന്ന വയലുകളും കുന്നുകളുമുള്ള കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പാലക്കോട്ടയും മനോഹരമായ വിരുന്നാണൊരുക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേഖലയായി വയനാട് മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പ്രളയം സംഹാര താണ്ഡവമാടിയത്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും വയനാട്ടിലേക്കെത്തിക്കൊണ്ടിരുന്ന ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ പൂട്ടിയതും മാവോയിസ്റ്റ് സാന്നിധ്യവും വയനാടിന് കനത്ത തിരിച്ചടിയാവുകയാണ്.

Latest