Connect with us

Kerala

'സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രമറിയുന്നവര്‍ ഇങ്ങനെ പറയില്ല'; അമിത് ഷാക്കെതിരെ പിണറായി

Published

|

Last Updated

കല്‍പ്പറ്റ: വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചു കൊണ്ട് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. “വയനാടിനെ കുറിച്ച് അമിത് ഷാക്ക് ഒന്നുമറിയില്ല. ഇവിടുത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം അറിയുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തില്ല”- കല്‍പ്പറ്റയില്‍ ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ വയനാട് വഹിച്ച ഉജ്ജ്വലമായ പങ്കു സംബന്ധിച്ച് അദ്ദേഹത്തിനു വിവരമില്ലെന്നാണ് ഇതു തെളിയിക്കുന്നത്. അതിന് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കാളിയായെങ്കിലല്ലേ ചരിത്ര വസ്തുതകളെ കുറിച്ച് ഗ്രാഹ്യമുണ്ടാവൂയെന്ന് പിണറായി പരിഹസിച്ചു. പഴശ്ശിരാജയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പ്രധാന സൈന്യം കുറിച്യപ്പടയായിരുന്നുവെന്നത് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. അങ്ങനെയൊരു നാടിനെ ഇങ്ങനെ അപമാനിക്കുന്നത് കഷ്ടമാണ്- പിണറായി കൂട്ടിച്ചേര്‍ത്തു.

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. എല്ലാം വര്‍ഗീയമായി കാണുന്ന ആര്‍ എസ് എസിന്റെ രീതിയാണിത്. എന്നാല്‍, ആര്‍ എസ് എസിന്റെ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ യു ഡി എഫിനു കഴിയുന്നില്ലെന്നും പാക്കിസ്ഥാന്റെ പതാകയല്ല വയനാട്ടില്‍ ഉപയോഗിച്ചതെന്ന് പറയാന്‍ മുസ്‌ലിം ലീഗ് തയാറായില്ലെന്നും കോടിയേരി പറഞ്ഞു.

സഖ്യകക്ഷികള്‍ക്കു വേണ്ടി രാഹുല്‍ ബാബ കേരളത്തിലേക്കു പോയെന്നും എഴുന്നള്ളിപ്പു കാണുമ്പോള്‍ ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും അങ്ങനെ ഒരു സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ പോയതെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും മറ്റുമായിരുന്നു അമിത്ഷാ പ്രസംഗിച്ചത്.

Latest