Connect with us

Ongoing News

കർണാടകയിലെ നാല് മണ്ഡലങ്ങളിൽ സഖ്യകക്ഷികൾ ഭിന്നധ്രുവത്തിൽ

Published

|

Last Updated

കർണാടകയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 18ന് നടക്കാനിരിക്കെ മാണ്ഡ്യ, മൈസൂരു- കുടക്, ഹാസൻ, തുമകൂരു എന്നിവിടങ്ങളിൽ കോൺഗ്രസും-ജെ ഡി എസും തമ്മിലുള്ള പടലപ്പിണക്കം തുടരുന്നു. മാണ്ഡ്യയിലും ഹാസനിലും തുമക്കൂരുവിലും ദൾ സ്ഥാനാർഥികളുടെ പ്രചാരണത്തിൽ നിന്ന് കോൺഗ്രസും കുടകിൽ കോൺഗ്രസ് സ്ഥാനാർഥി സി എച്ച് വിജയശങ്കറിന്റെ പ്രചാരണത്തിൽ നിന്ന് ജെ ഡി എസ് പ്രവർത്തകരും വിട്ടുനിൽക്കുകയാണ്. വിജയശങ്കറിനെ പരാജയപ്പെടുത്തുമെന്നാണ് ഈ മേഖലയിൽ നിന്നുള്ള ദൾ നേതാക്കളുടെ ഭീഷണി.

ഇരുകക്ഷികളിലും യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും ദൾ അധ്യക്ഷൻ എച്ച് ഡി ദേവെഗൗഡയെയും പങ്കെടുപ്പിച്ച് മാണ്ഡ്യ കെ ആർ നഗറിൽ ഏപ്രിൽ 13ന് റാലി സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. മൈസൂരു, മാണ്ഡ്യ, ഹാസൻ, തുമക്കൂരു എന്നീ മണ്ഡലങ്ങളുമായി ചേർന്ന് നിൽക്കുന്ന പ്രദേശമാണ് കെ ആർ നഗർ. റാലിക്ക് മുന്നോടിയായി 12ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ മൈസൂരുവിൽ പ്രചാരണ കാമ്പയിനും സംഘടിപ്പിക്കും. ഇടഞ്ഞുനിൽക്കുന്നവരോട് റാലിയിൽ പങ്കെടുക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനം ബെംഗളൂരുവിൽ സഖ്യകക്ഷികൾ സംയുക്തമായി മെഗാ റാലി സംഘടിപ്പിച്ചിട്ടും മൂന്ന് മണ്ഡലങ്ങളിൽ പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മാണ്ഡ്യയിൽ രാഹുലിനെ പങ്കെടുപ്പിച്ച് വീണ്ടും റാലി നടത്തുന്നത്. റാലിയോടെ ഇരുകക്ഷികളിലെയും പ്രവർത്തകരെ പ്രചാരണ രംഗത്ത് ഒറ്റക്കെട്ടായി അണിനിരത്താൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്- ദൾ നേതൃത്വം. നാല് മണ്ഡലങ്ങളിലെയും പ്രാദേശിക നേതൃത്വങ്ങളാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നത്.

സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും പ്രവർത്തകരിലും നേതാക്കളിലുമുണ്ടായിട്ടുള്ള അതൃപ്തി പരിഹരിക്കാനും പ്രചാരണം ശക്തമാക്കാനും മാണ്ഡ്യയിലെ റാലി സഹായിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
മാണ്ഡ്യയിലെ കോൺഗ്രസ്- ദൾ സഖ്യത്തിന്റെ സ്ഥാനാർഥിയും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനുമായ നിഖിൽഗൗഡക്ക് സുമലതയുടെ സ്ഥാനാർഥിത്വം കനത്ത വെല്ലുവിളിയായിട്ടുണ്ട്. ഇവിടുത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും ബി ജെ പിയും സുമലതക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പ്രചാരണത്തിൽ സജീവമായതാണ് നിഖിലിന് ഭീഷണിയായത്. മകനെ പരാജയപ്പെടുത്താൻ കോൺഗ്രസ് ചക്രവ്യൂഹം തീർക്കുകയാണെന്ന് വരെ ഒരുവേള കുമാരസ്വാമിക്ക് പറയേണ്ടിവന്നു.

മാണ്ഡ്യയിൽ കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്നായിരുന്നു എച്ച് ഡി ദേവെഗൗഡ അഭിപ്രായപ്പെട്ടത്. ഇവിടുത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വവുമായി സിദ്ധരാമയ്യ നിരവധി തവണ കൂടിക്കാഴ്ച നടത്തിയെങ്കിലും മഞ്ഞുരുകിയിട്ടില്ല. മാണ്ഡ്യയിൽ വിമത പ്രവർത്തനം നടത്തുന്ന കോൺഗ്രസ് നേതാവ് എൻ ചേലുവരായ സ്വാമി ഉൾപ്പെടെയുള്ളവർക്ക് നേതൃത്വം താക്കീത് നൽകിയിട്ടുണ്ട്.

Latest