Connect with us

Kozhikode

കോഴിക്കോട്ട് വികസന നായകർ നേർക്കുനേർ

Published

|

Last Updated

എം കെ രാഘവൻ, എ പ്രദീപ് കുമാർ, പ്രകാശ് ബാബു

ഇടത് വലത് സ്ഥാനാർഥികളുടെ ജനകീയത കൊണ്ട് കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്. രണ്ട് വികസന നായകർ മാറ്റുരക്കുന്നുവെന്നതാണ് ഇവിടുത്തെ പ്രത്യേകത. കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ എണ്ണി യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവൻ വോട്ട് തേടുമ്പോൾ കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിലുടനീളം വ്യാപിപ്പിക്കാനാകുമെന്നാണ് എൽ ഡി എഫ് സ്ഥാനാർഥി എ പ്രദീപ് കുമാർ വാഗ്്ദാനം ചെയ്യുന്നത്.
തദ്ദേശതിരഞ്ഞെടുപ്പുകളുടേയും നിയമസഭാ പോരാട്ടങ്ങളുടേയും ചരിത്രം പരിശോധിക്കുമ്പോൾ ഇടതിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് കോഴിക്കോട്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ മണ്ഡലം വലത്തോട്ട് ചായുകയാണ് പതിവ്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ഇത്തവണ ആര് ജയിച്ച് കയറുമെന്നത് പ്രവചനാതീതമാണ്.

എന്നാൽ മൂന്ന് ഘട്ടപ്രചാരണങ്ങൾ പിന്നിടുമ്പോൾ അപ്രതീക്ഷിതമായെത്തിയ ഒളിക്യാമറ വിവാദം എം കെ രാഘവന് തിരിച്ചടിയാകും. എം കെ രാഘവൻ അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെടുന്ന വീഡിയോ ഹിന്ദി ചാനലായ ടി വി 9 ഭാരത് വർഷ് ചാനൽ പുറത്ത് വിട്ടതിനെ തുടർന്ന് ഇത് വലിയ തോതിൽ പ്രചാരണായുധമാക്കുകയാണ് എൽ ഡി എഫ്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന് അയോഗ്യത കൽപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
എന്നാൽ തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പെയ്ഡ് ന്യൂസായി ഒളിക്യാമറാ ദൃശ്യം പുറത്ത് വന്നിരിക്കുന്നതെന്നാണ് രാഘവന്റെ പക്ഷം. ഗൂഢാലോചന ആരോപിച്ച് എം കെ രാഘവൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതികളിലും അന്വേഷണം നടക്കുകയാണ്. വിവാദം കത്തിനിൽക്കുമ്പോഴും പ്രചാരണ പ്രവർത്തനങ്ങളിൽ രാഘവൻ സജീവമാണ്. തന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറയുമ്പോഴും ഒളിക്യാമറാ വിവാദം സംബന്ധിച്ച കാര്യങ്ങളിൽ തന്റെ നിലപാടും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനാവശ്യമായ പദ്ധതികൾ കൊണ്ടുവന്നതായി അദ്ദേഹം അവകാശപ്പെടുന്നു. ഇതിന് പുറമെ മെഡിക്കൽ കോളജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിട സമുച്ഛയം തുടങ്ങിയടക്കമുള്ളവയും എം കെ രാഘവൻ വികസന നേട്ടങ്ങളായി പ്രചാരണ വേദികളിൽ എണ്ണിപ്പറയുന്നു.

എന്നാൽ വികസനങ്ങൾ നടന്നുവെന്ന പ്രചാരണങ്ങളെ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചാണ് ഇടതുപക്ഷം രംഗത്ത് വരുന്നത്. പറയത്തക്ക ഒരു കേന്ദ്ര പദ്ധതിയും കൊണ്ടുവരാൻ എം പിയെന്ന നിലയിൽ എം കെ രാഘവന് കഴിഞ്ഞില്ലെന്ന് ഇടതുപക്ഷം പറയുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനുണ്ടായ വികസനം യാത്രക്കാരുടെ വർധനക്കനുസരിച്ചുള്ള സ്വാഭാവിക വികസനം മാത്രമാണെന്ന് അവർ വാദിക്കുന്നു.
വികസന മുരടിപ്പിന്റെ പത്ത് വർഷമാണ് കഴിഞ്ഞു പോയിരിക്കുന്നതെന്നും എൽ ഡി എഫ് ആരോപിക്കുന്നു. ഇരുമുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം മുന്നേറുമ്പോഴും അടിയൊഴുക്കുകൾ പ്രവചനാതീതമാണ്.
ഐക്യകേരളം രൂപപ്പെട്ട ശേഷം നാല് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്, മുസ്‌ലിം ലീഗുൾപ്പെടെയുള്ള കക്ഷികളാണ് മണ്ഡലത്തിൽ വിജയക്കൊടി നാട്ടിയത്. എന്നാൽ 1980ൽ പ്രവചനങ്ങൾ കാറ്റിൽപ്പറത്തി സഖാവ് ഇ കെ ഇമ്പിച്ചിബാവ മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചു. ചുറ്റിക അരിവാൾ നക്ഷത്രത്തിൽ മത്സരിച്ച അദ്ദേഹം യു ഡി എഫിലെ അരങ്ങിൽ ശ്രീധരനെയാണ് മലർത്തിയടിച്ചത്.

അതിന് ശേഷം ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നത്തിൽ ആരും കോഴിക്കോട് മണ്ഡലത്തിൽ ജയിച്ചിട്ടില്ല. ഇപ്പോൾ എ പ്രദീപ് കുമാറിനെയാണ് വീണ്ടും ചെങ്കൊടി പാറിക്കാനുള്ള ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച 92,000 വോട്ടിന്റെ ലീഡും ഐ എൻ എൽ, ലോക് താന്ത്രിക് ജനതാദൾ എന്നിവയുടെ ഇടതു പ്രവേശവും ഇത്തവണ തങ്ങൾക്ക് വിജയം സുനിശ്ചിതമാക്കുമെന്നാണ് ഇടതു പക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വമുൾപ്പെടെയുള്ള കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ ആത്മവിശ്വാസം.

കോഴിക്കോട് മണ്ഡലത്തിൽ സ്വതന്ത്രരുൾപ്പെടെ മൊത്തം 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ എൻ ഡി എ സ്ഥാനാർഥിയായ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ പി പ്രകാശ് ബാബു ശബരിമല യുവതീ പ്രവേശവുമായിബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായി ജയിലിലാണുള്ളത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് പാർട്ടി പ്രവർത്തകർ താമര ചിഹ്നത്തിൽ വോട്ട് തേടുന്നത്.
പാർട്ടിയിലെ പടലപ്പിണക്കങ്ങളും സ്ഥാനാർഥി ജയിലിലായതും ബി ജെ പിയുടെ പ്രചാരണപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2014 ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെ വോട്ടിന്റെ 12.28 ശതമാനം നേടാൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. അതായത് 1,15,760 വോട്ട്.

യു ഡി എഫ്
സാധ്യത: മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം.
ആശങ്ക: ഒളിക്യാമറാ വിവാദം, എതിർസ്ഥാനാർഥിയുടെ സ്വീകാര്യത.

എൽ ഡി എഫ്
സാധ്യത: ഒളിക്യാമറാ വിവാദം, കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ, സ്ഥാനാർഥിയുടെ പൊതുസ്വീകാര്യത.
ആശങ്ക: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം, എതിർസ്ഥാനാർഥി സൃഷ്ടിച്ചെടുത്ത പ്രതിച്ഛായ.

എൻ ഡി എ
സാധ്യത: ശബരിമല വിഷയങ്ങൾ, മണ്ഡലത്തിൽ നടപ്പാക്കിയ കേന്ദ്രപദ്ധതികൾ.
ആശങ്ക: സ്ഥാനാർഥിയുടെ ജയിൽ വാസം, പാർട്ടിയിലെ പടലപ്പിണക്കങ്ങൾ.

 

ശഫീഖ് കാന്തപുരം

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്