Connect with us

Editorial

റാഫേല്‍: സത്യം പുറത്തുവരട്ടെ

Published

|

Last Updated

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ ഭരണകക്ഷിയായ ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കനത്ത തിരിച്ചടിയാണ് റാഫേല്‍ അഴിമതിക്കേസില്‍ സുപ്രീം കോടതിയുടെ ഇന്നലത്തെ വിധി. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് വ്യക്തമാക്കുന്ന “ദ ഹിന്ദു” പുറത്തുവിട്ട നിര്‍ണായക രേഖകള്‍ കേസില്‍ പരിഗണിക്കാമെന്നാണ് കോടതിയുടെ നിലപാട്. ഈ രേഖകള്‍ ഔദ്യോഗിക സുരക്ഷാ നിയമം ലംഘിച്ച് മോഷ്ടിച്ചതായതിനാല്‍ പരിഗണിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ വാദം കോടതി തള്ളി. വിവരാവകാശ നിയമം, തെളിവു നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതിരോധ രേഖകള്‍ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ടെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ അതിന്റെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ലെന്ന എ ജിയുടെ വാദവും കോടതി സ്വീകരിച്ചില്ല. മാത്രമല്ല, പാര്‍ലിമെന്റ് വിവരാവകാശ നിയമം കൊണ്ടുവന്നത് വിപ്ലവ നടപടിയായിരുന്നു. അതില്‍ നിന്ന് പിന്നാക്കം പോകാനാകില്ലെന്നും വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് കെ എം ജോസഫ് പ്രതികരിക്കുകയും ചെയ്തു.

പുതുതായി പുറത്തുവന്ന തെളിവുകളുടെ പശ്ചാത്തലത്തില്‍ കേസില്‍ അന്വേഷണോത്തരവ് ആവശ്യമില്ലെന്ന ഡിസംബര്‍ 14ലെ കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജികളില്‍ വിശദമായ വാദം കേള്‍ക്കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ കോടതി ബഞ്ച് തീരുമാനിച്ചിട്ടുണ്ട്. റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആര്‍ക്കെങ്കിലും സാമ്പത്തിക ലാഭമുണ്ടാക്കിക്കൊടുത്തതായി തെളിവില്ലെന്ന നിരീക്ഷണത്തിലാണ,് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയത്. ഇതിനെതിരെ മുന്‍ കേന്ദ്ര മന്ത്രിമാരും ബി ജെ പി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ടു ജി കേസിലും കല്‍ക്കരി അഴിമതി കേസിലും ഉറവിടം അറിയാത്ത രേഖകള്‍ കോടതി പരിഗണിച്ച കാര്യം പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാണിച്ചിരുന്നു. അന്ന് മുന്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍, അതെങ്ങനെ ശേഖരിച്ചുവെന്ന് വ്യക്തമാക്കാതിരുന്നിട്ടും കോടതി തെളിവായി പരിഗണിച്ചിരുന്നു.

അഴിമതി തടയുന്നതിനുള്ള വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്താണ് ഫ്രഞ്ച് കമ്പനിയുമായി കേന്ദ്ര സര്‍ക്കാര്‍ കരാറുണ്ടാക്കിയതെന്നാണ് പത്രം പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത്. ഇടനിലക്കാര്‍ക്കുള്ള കമ്മീഷന്‍, അനധികൃതമായ സ്വാധീനം എന്നിവ തടയുന്നതിനായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ കരാറിലെ വ്യവസ്ഥകളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. നേരത്തെയുള്ള വ്യവസ്ഥ പ്രകാരം സുതാര്യത ഉറപ്പാക്കാന്‍ അക്കൗണ്ട് വഴിയാണ് പണം നല്‍കേണ്ടത്. വ്യവസ്ഥ എടുത്തുകളഞ്ഞതോടെ അത് ഇല്ലാതാകും. ഫ്രഞ്ച് കമ്പനിക്ക് ഏറെ ഗുണകരവും ഇന്ത്യക്ക് ദോഷകരവുമാണ് ഈ മാറ്റം. ഇളവനുസരിച്ച് ഫ്രഞ്ച് സര്‍ക്കാറിന് ഇടപാടില്‍ ബാധ്യതയില്ലാതാകുന്നതിനാല്‍ കരാറില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ഫ്രഞ്ച് സര്‍ക്കാര്‍ വഴിയുള്ള ഇടപെടല്‍ സാധ്യമാകുകയുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതിയാണ് കരാര്‍ മാറ്റിയെഴുതിയത്. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അധ്യക്ഷനായ ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ അതംഗീകരിക്കുകയും ചെയ്തു. ഇടപാടില്‍ ചര്‍ച്ചക്കായി നിയോഗിച്ച കോസ്റ്റ് അഡൈ്വസര്‍ എം പി സിംഗ്, എയര്‍ ഫിനാന്‍ഷ്യല്‍ മാനേജര്‍ എ ആര്‍ സുലെ, എയര്‍ അക്യുസിഷന്‍ മാനേജറും ജോയിന്റ് സെക്രട്ടറിയുമായ രാജീവ് വര്‍മ എന്നിവര്‍ വ്യവസ്ഥയില്‍ ഇളവ് വരുത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും അത് മിനുട്‌സില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കരാര്‍ വ്യവസ്ഥകളില്‍ കമ്പനിക്ക് അനുകൂലമായി ഇളവ് വരുത്തിയ വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചതുമില്ല. ഇതാണ് കോടതി നേരത്തെ പുനഃപരിശോധനാ ഹരജി തള്ളാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അതിനു നിയോഗിക്കപ്പെടുന്ന, പ്രതിരോധ മേഖലയെക്കുറിച്ച് ഉയര്‍ന്ന അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധ സമിതിക്കല്ലാതെ (പ്രധാനമന്ത്രി ഉള്‍പ്പടെ) മറ്റാര്‍ക്കും ഇടപെടാനാ കില്ലെന്നാണു ചട്ടം. ഇത് ലംഘിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദഗ്ധ സമിതിയെ മാറ്റി നിര്‍ത്തി നേരിട്ടു ചര്‍ച്ചനടത്തിയത്. ചട്ടങ്ങള്‍ ലംഘിച്ചുള്ള പി എം ഒയുടെ ഈ സമാന്തര ചര്‍ച്ച, പ്രതിരോധ മന്ത്രാലയവും ഇന്ത്യയുടെ വിലപേശല്‍ സംഘവും നടത്തിയ ശ്രമങ്ങളെ ബാധിച്ചതായി ചൂണ്ടിക്കാട്ടി 2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധവകുപ്പ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് കത്ത് അയക്കുകയും ചെയ്തിരുന്നു. റിലയന്‍സ് മേധാവി മുകേഷ് അംബാനിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി മോദി ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയതെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫാന്‍സ്വ ഒലാദുയുടെ വെളിപ്പെടുത്തലില്‍ നിന്നു ബോധ്യമാകുന്നത്. മോദിയുടെ ആവശ്യപ്രകാരമാണ് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ പുറം തള്ളി റിലയന്‍സിനെ പങ്കാളിയാക്കിയതെന്ന് ഫാന്‍സ്വ ഒലാദിനെ ഉദ്ദരിച്ചു ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജുഡീഷ്യറിയും സര്‍ക്കാറിന് വിധേയപ്പെട്ടോയെന്നു സന്ദേഹിപ്പിക്കുന്നതായിരുന്നു അടുത്തിടെ കോടതികളില്‍ നിന്നുണ്ടായ ചില വിധിപ്രസ്താവങ്ങള്‍. ആ ധാരണ തിരുത്താനും നീതിന്യായ രംഗത്ത് അവസാന അത്താണിയായ കോടതിയുടെ വിശ്വാസ്യത നിലനിര്‍ത്താനും സഹായകമാണ് റാഫേല്‍ കേസിലെ വിധി. പത്രത്തിന്റെ വെളിപ്പെടുത്തലുകള്‍ ശരിയെങ്കില്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് റാഫേലില്‍ നടന്നത്. കേസിന്റെ പുനഃപരിശോധനയിലൂടെ ഇതിന്റെ സത്യാവസ്ഥ വെളിച്ചത്ത് വരട്ടെ.