Connect with us

Gulf

സവര്‍ണ ഫാഷിസത്തെ രാജ്യം പടിക്കുപുറത്താക്കണം

Published

|

Last Updated

ദുബൈ: രാജ്യത്ത് അതിനിര്‍ണായക തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും സവര്‍ണ ഫാഷിസത്തെ പടിക്കുപുറത്തു നിര്‍ത്തണമെന്നും സാഹിത്യകാരനും നടനുമായ ജോയ് മാത്യു അഭിപ്രായപ്പെട്ടു. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി സവര്‍ണ ഫാഷിസമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഇന്ത്യന്‍ ഭരണകൂടം ഉയര്‍ത്തുന്ന വെല്ലുവിളി അത്യന്തം ഭയാനകമാണ്.

മനുഷ്യരെ ജാതിയും മതവും പറഞ്ഞ് വിഭജിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന വന്‍ ആപത്ത് കൊണ്ടുവരുന്ന ബിജെപിയെ പരാജയപ്പെടുത്തേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്. കവി സച്ചിദാനന്ദന്റെ നേതൃത്വത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍ മോദി ഭരണകൂടം ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് പ്രബുദ്ധ സമൂഹത്തെ ഉണര്‍ത്താനുള്ള യജ്ഞത്തിലാണുള്ളത്. ആനന്ദ് പട്വര്‍ധന്‍, പ്രകാശ് ബാരെ, പ്രകാശ് രാജ്, നസീറുദ്ദീന്‍ ഷാ തുടങ്ങിയ പ്രഗല്‍ഭരായ ആയിരത്തിലധികം കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും മോദിയെ താഴെയിറക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചു കൊണ്ട് പുറത്തിറക്കിയ കത്തില്‍ താനും ഒപ്പുവെച്ചിട്ടുണ്ടെന്ന് ജോയ് മാത്യു പറഞ്ഞു. ഇത്തരത്തില്‍, സമൂഹ മന:സാക്ഷിയെ ജാഗ്രത്താക്കേണ്ട സന്നിഗ്ധ ഘട്ടങ്ങളില്‍ ചുമതലാപൂര്‍ണമായ ദൗത്യമാണ് കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ ആഹ്വാനത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും നിര്‍വഹിക്കുന്നത്.

മോദി പ്രതിനിധീകരിക്കുന്ന സവര്‍ണ ഫാഷിസത്തെ ഇപ്പോള്‍ പരാജയപ്പെടുത്താനായില്ലെങ്കില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ഇനി ചിന്തിക്കാന്‍ പോലും ഒരവസരം ലഭിച്ചെന്നു വരില്ല. കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ മതേതര കക്ഷികളെ ശക്തിപ്പെടുത്തി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങളെ തിരിച്ചു പിടിക്കാന്‍ ഇന്ത്യയുടെ പ്രബുദ്ധ സമൂഹം ഉത്സാഹം കാട്ടണം. അത്തരമൊരു അനുകൂല അന്തരീക്ഷം ഇന്ത്യയൊട്ടാകെ ഇന്ന് നിലനില്‍ക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധി ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനസമൂഹങ്ങളുടെയും സ്വീകാര്യതയും അംഗീകാരവും നേടിക്കഴിഞ്ഞിട്ടുണ്ട്. അതിന് ശക്തി പകരുന്ന ചിന്തയും പ്രവര്‍ത്തനവുമാണ് ഈ തെരഞ്ഞെടുപ്പിന്റെ സൗന്ദര്യം. അതേസമയം, കോഴിക്കോട്ട് തന്റെ വോട്ട് എല്‍ ഡി എഫിനാണ്. പ്രദീപ്കുമാറിന് വേണ്ടി പ്രചാരണ രംഗത്തിറങ്ങും. സി പി എമ്മിനോടുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് പ്രവര്‍ത്തനം – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest