Connect with us

Ongoing News

താമോഗര്‍ത്തത്തിന്റെ ചിത്രം ആദ്യമായി ശാസ്ത്രലോകം പുറത്തുവിട്ടു

Published

|

Last Updated

പാരിസ്: ശാസ്ത്രലോകം കാത്തിരുന്ന ആ ചിത്രം ഒടുവില്‍ പുറത്തുവന്നു. താരാപഥങ്ങള്‍ക്കിടയില്‍ എന്നും ശാസ്ത്രജ്ഞര്‍ ഭീതിയോടെ കണ്ടിരുന്ന താമോഗര്‍ത്തത്തിന്റെ (ബ്ലാക് ഹോള്‍) ചിത്രം ഇതാദ്യമായി ക്യാമറയില്‍ പതിഞ്ഞു. 500 ദശലക്ഷം ട്രില്യന്‍ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന താമോഗര്‍ത്തത്തെ എട്ട് ടെലിസ്‌കോപ്പുകളുടെ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് പകര്‍ത്തിയത്. എം 87 എന്ന് പേരിട്ട താരാപഥത്തിനിടയിലാണ് താമോഗര്‍ത്തം കണ്ടെത്തിയതെന്ന് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നെതര്‍ലാന്‍ഡ്‌സ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫ. ഹെയ്‌നോ ഫാല്‍ക്കേ പറഞ്ഞു.

സൗരയൂഥത്തേക്കാള്‍ വലിയതാണ് കണ്ടെത്തിയ താമോഗര്‍ത്തമെന്നും ഹെയ്‌നോ പറഞ്ഞു. സൂര്യനേക്കാള്‍ 6.5 ബില്യണ്‍ മടങ്ങ് പിണ്ഡമുണ്ട് ഇതിന്. ലോകത്തെ ഏറ്റവും വലുതെന്ന് കരുതുന്നതാണ് ഈ താമോഗര്‍ത്തമെന്നും അദ്ദേഹം വിശദീകരിച്ചു.

ഓറഞ്ച് നിറത്തിലുള്ള പ്രകാശത്താല്‍ ചുറ്റപ്പെട്ട ഒരു കറുത്ത വൃത്തമാണ് ചിത്രത്തിലുള്ളത്. ഇത്രകാലം ചിത്രകാരന്മാര്‍ ഭാവനയില്‍ കണ്ട് വരച്ചതിനോട് സാമ്യമുണ്ട് യഥാര്‍ഥ ചിത്രത്തിന്. 18ാം നൂറ്റാണ്ട് മുതല്‍ താമോഗര്‍ത്തങ്ങള്‍ കണ്ടെത്തുവാനുള്ള ശ്രമത്തിലായിരുന്നു ശാസ്ത്രലോകം. എന്നാല്‍ ഇന്നേവരെ ടെലിസ്‌കോപ്പുകള്‍ക്ക് ഇവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വലിയ നക്ഷത്ര സമൂഹങ്ങളെ പോലും വലിച്ചെടുക്കാന്‍ സാധിക്കുന്ന അതിശക്തമായ ഗുരുത്വാകര്‍ഷണമുള്ള കറുത്ത ചുഴിയാണ് താമോഗര്‍ത്തം. ഇതില്‍ പതിക്കുന്ന പദാര്‍ഥമെല്ലാം എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമാകും. ബ്ലാക്ക്ഹോളുകളെക്കുറിച്ച് ഇന്ന് നാമറിയുന്ന തരത്തിലുള്ള ചിന്തകളും ഗവേഷണങ്ങളുമെല്ലാം ആരംഭിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ 1915ല്‍ സാമാന്യ ആപേക്ഷികസിദ്ധാന്തം അവതരിപ്പിച്ചതിന് ശേഷമാണ്.

ദക്ഷിണധ്രവുവമടക്കം നാല് ഭൂഖണ്ഡങ്ങളിലും സമുദ്രമധ്യത്തിലെ ദ്വീപിലുമൊക്കെയായി എട്ട് കേന്ദ്രങ്ങളിലുള്ള റേഡിയോ ടെലിസ്‌കോപ്പുകളെല്ലാം ഒരേസമയത്ത്, ഒറ്റ ഉപകരണം പോലെ നിരീക്ഷണം നടത്തിയാണ് താമോഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തിയത്. ഹവാലി, അരിസോണ, സ്‌പെയിന്‍, മെക്‌സിക്കോ, ചിലി എന്നിവിടങ്ങളിലും ദക്ഷിണധ്രുവത്തിലുമാണ് ടെലിസ്‌കോപ്പുകള്‍ സ്ഥാപിച്ചിരുന്നത്. ഈ ടെലിസ്‌കോപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നൂറുക്കണക്കിന് ഹാര്‍ഡ് ഡിസ്‌ക്കുകളിലേക്ക് ശേഖരിക്കുകയായിരുന്നു. ബോസ്റ്റണ്‍, യുഎസ്, ബോണ്‍, ജര്‍മനി എന്നിവിടങ്ങളിലാണ് വിവരങ്ങള്‍ ശേഖരിക്കപ്പെട്ടത്.

പത്ത് വര്‍ഷത്തിലധികമായി ഈ ടെലിസ്‌കോപ്പുകളിലൂടെ താമോഗര്‍ത്തത്തിനായി അന്വേഷണം നടത്തുകയായിരുന്നു ശാസ്ത്രജ്ഞര്‍. 200 ശാസ്ത്രജ്ഞരുടെ സംഘമാണ് ഇതിനായി പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ തലമുറ വരെ അസാധ്യമെന്ന് കരുതിയ നേട്ടമാണ് ശാസ്ത്രലോകം സ്വന്തമാക്കിയത്.

Latest