Connect with us

National

റഫാല്‍: കാവല്‍ക്കാരന്‍ കള്ളനാണെന്ന് തെളിഞ്ഞെന്ന് രാഹുല്‍, സര്‍ക്കാര്‍ വാദം പൊളിഞ്ഞെന്ന് യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ ജെറ്റ് ഇടപാടില്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുതിയ രേഖകള്‍ പുനപ്പരിശോധനാ ഹരജിക്കൊപ്പം പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

വിധിയോടെ ഇടപാടില്‍ സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം വിധിയോടെ പൊളിഞ്ഞിരിക്കുകയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറിനെ താഴെയിറക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

വിധി രാജ്യത്തിന്റെ വിജയമാണെന്നും സത്യം ജയിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരുന്നു. അഴിമതി വെളിപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകരെ ഔദ്യോഗിക രഹസ്യ നിയമം ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള മോദിയുടെ ശ്രമം വിലപ്പോവില്ലെന്നും സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ട്വീറ്റ് ചെയ്തു.

നേരത്തെ, അഭിഭാഷകരായ പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂരിയും മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയും സമര്‍പ്പിച്ച പുതിയ രേഖകള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത് കേസില്‍ കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ കോടതി പൂര്‍ണമായി തള്ളി. രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്നും കോടതി പറഞ്ഞു.മോഷ്ടിക്കപ്പെട്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ച രേഖകള്‍ പുനപ്പരിശോധനാ ഹരജികള്‍ക്കൊപ്പം പരിഗണിക്കണോയെന്ന കാര്യത്തില്‍ വിധി പ്രസ്താവിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മാധ്യമങ്ങളിലൂടെ പുറത്തു വന്നതും എതിര്‍കക്ഷികള്‍ ഉപയോഗപ്പെടുത്തിയതുമായ രേഖകള്‍ മോഷ്ടിച്ചതാണെന്നും വിശേഷാധികാരമുള്ളതാണെന്നും അതിനാല്‍ അവ പരിഗണിക്കരുതെന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചിരുന്നു. റഫാല്‍ ഇടപാടില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹരജി തള്ളിക്കൊണ്ട് 2018 ഡിസംബറില്‍ പ്രഖ്യാപിച്ച കോടതി വിധിക്കെതിരെയാണ് പുനപ്പരിശോധനാ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്.

Latest