Connect with us

Gulf

കുവൈത്തില്‍ നിന്നുമെത്തിയ ഉംറ തീര്‍ഥാടക സംഘത്തിന്റെ പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു

Published

|

Last Updated

ജിദ്ദ: സ്വകാര്യ ഉംറ ഗ്രൂപ്പ് വഴി കുവൈത്തില്‍ നിന്നും ബസ് മാര്‍ഗം വിശുദ്ധ ഉംറ തീര്‍ഥാടനത്തിനെത്തിയ സംഘത്തിന്റെ പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം മക്കയിലെത്തിയ ബംഗ്ലാദേശ്, ഈജിപ്ത്, പാകിസ്ഥാന്‍ എന്നീ രാജ്യക്കാരും 21 മലയാളികളുമടക്കം 40 അംഗങ്ങള്‍ അടങ്ങിയ ഉംറ സംഘത്തിന്റെ പാസ്‌പോര്‍ട്ടുകളാണ് നഷ്ടപ്പെട്ടത്.

സഊദിയിലേക്കുള്ള അതിര്‍ത്തി ചെക്കിംഗ് പോയിന്റില്‍ നിന്നും എമിഗ്രേഷന്‍ കഴിഞ്ഞ ശേഷം  ഡ്രൈവറുടെ കൈവശത്തിലായിരുന്നു പാസ്‌പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഉംറ സംഘത്തില്‍പ്പെട്ടവര്‍ക്ക് സിം കാര്‍ഡ് വാങ്ങുന്നതിനും ജിദ്ദയിലേക്കുള്ള യാത്രക്കുമായി ആവശ്യപ്പെട്ട സമയത്താണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.

കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിക്കാമെന്നാണ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബസ് ഡ്രൈവര്‍ പാസ്‌പോര്‍ട്ടുകള്‍ കവറിലാക്കി ഹോട്ടലിലെ കൗണ്ടറില്‍ നല്‍കുന്നതിന്റെയും ഹോട്ടലിലെ ക്ലീനിംഗ്് തൊഴിലാളികള്‍ കവര്‍ അശ്രദ്ധമായി കളയുന്നതിന്റെയും ദൃശ്യങ്ങള്‍ സി സി ടി വിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ സഹായം ആവശ്യപ്പെടുകയും ജിദ്ദയിലെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ മക്കയിലെത്തി തീര്‍ഥാടകരെ കാണുകയും പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്.

Latest