Connect with us

Gulf

ഒമ്പതു മാസത്തെ അഭയകേന്ദ്ര വാസത്തിന് വിട; നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ലക്ഷ്മി നാട്ടിലേക്കു മടങ്ങി

Published

|

Last Updated

ദമാം: നാലു വര്‍ഷം മുമ്പ് സഊദിയിലെത്തിയ ആന്ധ്രാ സ്വദേശിനി ലക്ഷ്മി നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അനുകൂല വിധി സമ്പാദിച്ച് ഇന്ത്യന്‍ എംബസിയുടെയും നവയുഗം സാംസ്‌കാരിക വേദിയുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. കടുത്ത സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്നാണ് ലക്ഷ്മി സഊദി സ്വദേശിയുടെ വീട്ടില്‍ വീട്ടുജോലിക്കെത്തിയത്. നീണ്ട വിശ്രമമില്ലാത്ത ജോലിയാണ് ലക്ഷ്മിക്ക് സ്പോണ്‍സറുടെ വീട്ടില്‍ ലഭിച്ചത്. കൃത്യമായി ശമ്പളവും ലഭിച്ചിരുന്നില്ല. രണ്ടുവര്‍ഷമായി ശമ്പളം നല്‍കാതിരുന്നതോടെ ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങി പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. ഇതോടെ ഇവരെ പോലീസ് ദമാമിലെ വനിതാ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

തുടര്‍ന്ന് ലക്ഷ്മി ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്റെ സഹായം തേടുകയായിരുന്നു. നിരവധി തവണ സ്പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും സഹകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് ലക്ഷ്മിയുടെ കേസില്‍ നിയമപരമായി ഇടപെടാന്‍ അനുമതിപത്രം വാങ്ങുകയും ദമാം ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. മഞ്ജു തന്നെയാണ് കോടതിയില്‍ ലക്ഷ്മിക്കായി ഹാജരായത്.

കേസില്‍ വാദം കേട്ട കോടതി സ്‌പോണ്‍സര്‍ കുടിശ്ശികയായി നല്‍കാനുണ്ടായിരുന്ന ശമ്പളവും, ഫൈനല്‍ എക്‌സിറ്റും നല്‍കാന്‍ വിധിച്ചു. എന്നിട്ടും സ്‌പോണ്‍സര്‍ കുടിശ്ശികയായ ശമ്പളം നല്‍കിയില്ല. ഈ സാഹചര്യത്തില്‍ സിവില്‍ കോടതിയില്‍ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പോണ്‍സര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. കേസില്‍ വാദം കേട്ട കോടതി സ്‌പോണ്‍സറുടെയും കുടുംബത്തിന്റെയും സര്‍ക്കാര്‍ സേവനങ്ങള്‍ മരവിപ്പിച്ചു. ഇതോടെ സ്‌പോണ്‍സര്‍ കോടതിയില്‍ എത്തി മേല്‍ക്കോടതി വിധിച്ച കുടിശ്ശികയായ തുകയും ആനുകൂല്യങ്ങളും കെട്ടിവെച്ചു. ഇത് ലക്ഷ്മിക്ക് നാട്ടിലേക്ക് പോവാനുള്ള വഴി തുറക്കുകയായിരുന്നു. അനുകൂല വിധി നടപ്പിലായതോടെ ഇന്ത്യന്‍ എംബസി ലക്ഷ്മിക്ക് ഔട്ട്പാസും നല്‍കി. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ലക്ഷ്മി നാട്ടിലേക്കു മടങ്ങി.

സിവില്‍ കോടതി വിധി പ്രവാസികള്‍ക്ക് ഏറെ ആശ്വാസം
ഒമ്പതു മാസം നീണ്ടുനിന്ന അപൂര്‍വമായ കേസായിരുന്നു ലക്ഷ്മിയുടെത്. കേസില്‍ ഇടപെട്ട ഇന്ത്യന്‍ എംബസ്സി വോളണ്ടീര്‍ ടീം കണ്‍വീനര്‍ മിര്‍സ ബൈഗ്, വോളണ്ടീര്‍ ടി ആര്‍ എസ് ശ്രീനിവാസ്, നവയുഗം രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, അഭയകേന്ദ്രത്തിലെയും സഊദി കോടതികളിലെയും ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഇടപെടലുകള്‍ വളരെ വലുതായിരുന്നു. നിലവില്‍ ലേബര്‍ കോടതിയില്‍ അനുകൂല വിധി ഉണ്ടായാലും പലപ്പോഴും സ്പോണ്‍സര്‍മാര്‍ വിധി നടപ്പാക്കാന്‍ തയ്യാറാകാത്തതിനാല്‍ പല കേസുകളും അനന്തമായി നീണ്ടുപോകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ സിവില്‍ കോടതിയില്‍ (മുഹ്കമ തന്‍ഫീദ്) പോയാല്‍ വളരെ പെട്ടെന്നു തന്നെ കേസുകളില്‍ പരിഹാരമുണ്ടാകും. ഈ വസ്തുത എല്ലാ പ്രവാസികളും മനസ്സിലാക്കണമെന്നും ഇത്തരം കേസുകളില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും നവയുഗം നിയമസഹായവേദി അഭ്യര്‍ഥിച്ചു.

സിറാജ് പ്രതിനിധി, ദമാം

Latest