തകര്‍ച്ചയിലും ഉയര്‍ച്ചയിലും കൂടെ നിന്നു; ഒടുവില്‍ കുട്ടിയമ്മയുടെ കൈയില്‍പിടിച്ച് മടക്കം

Posted on: April 9, 2019 8:47 pm | Last updated: April 9, 2019 at 8:47 pm

കെഎം മാണി രാഷ്ട്രീയ ഗോപുരങ്ങളേറിയപ്പോഴും പൊടുന്നനെ താഴെ വീണപ്പോഴുമെല്ലാം അദ്ദേഹത്തിനൊപ്പം നിഴലായി ഒരാളുണ്ടായിരുന്നു. കുട്ടിയമ്മ. കെഎം മാണിയുടെ പ്രിയതമ. കെഎം മാണിയുടെ ചരിത്രം പറയുമ്പോള്‍ അവരെ മാറ്റിനിര്‍ത്താനാവില്ല.

പൊതുപ്രവരത്തന രംഗത്ത് ഊണും ഉറക്കവുമില്ലാതെ ഓടിനടക്കുമ്പോള്‍ അദ്ദേഹത്തിന് കരുത്ത് പകര്‍ന്ന് കുട്ടിയമ്മ കൂടെനിന്നു. 1957 നവംബര്‍ 28നാണ് പൊന്‍കുന്നം ചിറക്കടവ് കൂട്ടുങ്ങല്‍ തോമസ് – ക്ലാരമ്മ ദമ്പതികളുടെ മകള്‍ കുട്ടിയമ്മ കെഎം മാണിയുടെ ജീവിത സഖിയാകുന്നത്. അപ്പോള്‍ മാണിക്ക് പ്രായം 25 വയസ്സ്. കുട്ടിയമ്മക്ക് 22ഉം.

കെഎം മാണി നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെയും ദാമ്പത്യജീവിതത്തില്‍ 60 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെയും ആഘോഷം 2017ലായിരുന്നു. അന്ന് ഭാര്യയെ കുറിച്ച് കെഎം മാണി പറഞ്ഞത് ഇങ്ങനെ: ”എന്റെ രാഷ്ട്രീയത്തിലെ ഉയര്‍ച്ചക്ക് കുട്ടിയമ്മയാണ് കാരണം. ഞാന്‍ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണ് നോക്കിയത്. അത്തരം ടെന്‍ഷന്‍ ഇല്ലാതെ പൊതുരംഗത്ത് നില്‍ക്കാന്‍ പറ്റി. അതില്‍ കൂടുതല്‍ ഭാഗ്യം എന്ത് വേണം”

ഒടുവില്‍ മരണമെത്തിയപ്പോഴും കെഎം മാണിയുടെ കൈപിടിച്ച് കുട്ടിയമ്മ കൂടെത്തന്നെ നിന്നു. ആ കൈകളില്‍ കൈയമര്‍ത്തിയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ആശുപത്രി വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.