Connect with us

Malappuram

ഹജ്ജ് ക്യാമ്പ്: സ്വലാത്ത് നഗറിൽ വിപുലമായ ഒരുക്കങ്ങൾ

Published

|

Last Updated

മലപ്പുറം: ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ മഅ്ദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ നടക്കുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് എജ്യൂപാർക്കിൽ വിപുലമായ ഒരുക്കങ്ങൾ. പതിനായിരം പേർക്ക് ഇരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഹജ്ജ് ക്യാമ്പിനായി ഒരുക്കുന്നത്. പ്രധാന പന്തലിന്റെ പണി പൂർത്തിയായി.

ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി, ഇബ്‌റാഹീം ബാഖവി മേൽമുറി തുടങ്ങിയവർ ക്ലാസുകൾ നയിക്കും. കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികൾ സംബന്ധിക്കും. 501 അംഗ വളണ്ടിയർമാരുടെ സേവനവും ക്യാമ്പിലുണ്ടാകും.
ക്യൂ ആർ കോഡ് സിസ്റ്റത്തോടെ സംവിധാനിച്ച ഹജ്ജ് ഉംറ എന്നിവയുടെ കർമം, ചരിത്രം, അനുഭവം എന്നിവ വിശദമായി പ്രതിപാദിക്കുന്ന ഹജ്ജ് പുസ്തകം, ത്വവാഫ് തസ്ബീഹ് മാല, ഹജ്ജ് ഗൈഡ് എന്നിവ ഉൾക്കൊള്ളുന്ന ഹജ്ജ് കിറ്റ് ക്യാമ്പിൽ വിതരണം ചെയ്യും.

ഹാജിമാർക്കുള്ള സേവനത്തിനായി പ്രത്യേക ഹെൽപ്പ് ഡസ്‌കും കർമപരമായ സംശയങ്ങൾ, സാങ്കേതിക വിവരങ്ങൾ എന്നിവക്കായി പ്രത്യേക കൗണ്ടറും ഒരുക്കുന്നുണ്ട്. വിദൂരങ്ങളിൽ നിന്നെത്തുന്നവർക്ക് താമസ സൗകര്യമുണ്ടാവും. ഹജ്ജ് ക്യാമ്പിനുള്ള രജിസ്‌ട്രേഷൻ, ഹജ്ജ് ഗൈഡ്, ഗവൺമെന്റ് അറിയിപ്പുകൾ, മറ്റു വിവരങ്ങൾ www.hajcamp.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗം സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രൈനർ പി പി മുജീബുർറഹ്മാൻ ഉദ്ഘാടനം ചെയ്തു.

Latest