Connect with us

National

ബീഫ് വ്യാപാരം ആരോപിച്ച് അസമില്‍ മുസ്ലിം വൃദ്ധന് നേരെ ക്രൂരമര്‍ദനം: ഭീഷണിപ്പെടുത്തി പന്നിമാംസം കഴിപ്പിച്ചു

Published

|

Last Updated

ഗുവാഹത്തി: അസമില്‍ ബീഫ് വില്‍പ്പന ആരോപിച്ച് കച്ചവടക്കാരനായ വൃദ്ധന് നേരെ വര്‍ഗീയ ഭ്രാന്തന്‍മാരുടെ ക്രൂര മര്‍ദനം. മര്‍ദിച്ചവശനാക്കിയ ശേഷം അക്രമികള്‍ ഭീഷണിപ്പെടുത്തി പന്നി മാംസവും കഴിപ്പിച്ചു. അസമിലെ ബിസ്വനാഥ് ജില്ലയില്‍ ഒരു മാര്‍ക്കറ്റില്‍ കഴിഞ്ഞ 35 വര്‍ഷമായി കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന ഷൗക്കത്ത് അലി (68) എന്നയാളാണ് ആള്‍കൂട്ട അക്രമണത്തിന് ഇരയായത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. അസമില്‍ ബീഫ് കൈവശംവെക്കുന്നതും ഭക്ഷിക്കുന്നതും ഇതുവരെ നിയമവിരുദ്ധമാക്കിയിട്ടില്ലെന്നിരിക്കെയാണ് വെറും മുസ്ലിം വിരോധത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇത്തരം അക്രമം ഉണ്ടായിരിക്കുന്നത്.

പ്രചരിക്കുന്ന വീഡിയോകളില്‍ ചെളിയില്‍ ഇരിക്കുന്ന ഷൗക്കത്തിനോട് ബീഫ് വില്‍ക്കാന്‍ ലൈസന്‍സുണ്ടോ?, എന്തിനാണ് ബീഫ് വില്‍ക്കുന്നത്?, എന്നിങ്ങനെയെല്ലാമുള്ള ചോദ്യങ്ങളാണ് അക്രമികള്‍ ചോദിച്ചത്. നിങ്ങള്‍ ബംഗ്ലാദേശിയാണോ?, പൗരത്വ. പട്ടികയില്‍ പേരുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് ഷൗക്കത്തിന്റെ ദേശീയതയും ആള്‍കൂട്ടം ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യങ്ങള്‍ക്ക് ശേഷം ഷൗക്കത്തിനെ ബീഫ് വിറ്റവന്‍ എന്ന് മുദ്രകുത്തി ശിക്ഷയായി പന്നി മാംസം കഴിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

പരുക്കേറ്റ ഷൗക്കത്ത് ആശുപത്രിയിലാണ്. ഇയാളുടെ ബ്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഷൗക്കത്ത് കച്ചവടം നടത്തുന്ന മാര്‍ക്കറ്റിലെ മാനേജരായ കമാല്‍ താപ്പക്കും മര്‍ദനമേറ്റതായിപോലീസ് പറയുന്നു.

Latest