Connect with us

Editorial

കാലതാമസമല്ല, സുതാര്യതയാണ് പ്രധാനം

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വി വി പാറ്റ് ഘടിപ്പിച്ച വോട്ടിംഗ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വോട്ടിംഗ് യന്ത്രങ്ങളിലെ സ്ലിപ്പുകൾ എണ്ണണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. 50 ശതമാനം സ്ലിപ്പുകളെങ്കിലും എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നത്. അത്രയും എണ്ണാനിരുന്നാല്‍ ഫലപ്രഖ്യാപനം വൈകുമെന്നു നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു. എല്ലാ പോളിംഗ് ബൂത്തുകളിലെയും മുഴുവന്‍ വി വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്നും തിരഞ്ഞെടുപ്പിനു ശേഷം രണ്ട് വര്‍ഷമെങ്കിലും ഈ സ്ലിപ്പുകള്‍ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സൂറത്തില്‍നിന്നുള്ള ജന്‍ ചേതനാ പാര്‍ട്ടി നേതാവ് മനുഭായ് ഛാവഡ സമര്‍പ്പിച്ച ഹരജിയുടെ വിചാരണാ വേളയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷ കക്ഷികളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. വി വി പാറ്റ് മെഷീനില്‍ നിന്നുള്ള സ്ലിപ്പുകള്‍ എണ്ണണമെന്ന അപേക്ഷ തള്ളാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് അധികാരം നല്‍കുന്ന തിരഞ്ഞെടുപ്പ് ചട്ടത്തിലെ 56(ഡി)(2)വകുപ്പ് റദ്ദാക്കണമെന്നും മനുഭായ് ഛാവഡ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളില്‍ ഫലം ബി ജെ പിക്ക് അനുകൂലമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിച്ചതായി ആരോപണം ഉയരുകയും ബാലറ്റ് പേപ്പറിലേക്ക് തന്നെ തിരിച്ചു പോകണമെന്ന ആവശ്യം ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ ഈ ആരോപണത്തിന് തടയിടാനാണ് തിര. കമ്മീഷന്‍ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വി വി പാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കണ്‍ട്രോള്‍ യൂനിറ്റിനും ബാലറ്റ് യൂനിറ്റിനും സമീപം സ്ഥാപിക്കുന്ന വി വി പി എ ടി മെഷീന്‍ വഴി, വോട്ട് രേഖപ്പെടുത്തിയത് കൃത്യമായാണോ എന്നും ഏത് സ്ഥാനാര്‍ഥിയുടെ പേരിലാണ് വോട്ട് വീണതെന്നും ഓരോ വോട്ടര്‍ക്കും അറിയാനാകും. വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവ രേഖപ്പെടുത്തിയ സ്ലിപ്പ്, വോട്ടിംഗ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രിന്റര്‍ മെഷീന്‍ പ്രിന്റ് ചെയ്ത് ഏഴ് സെക്കന്‍ഡ് സമയം പ്രദര്‍ശിപ്പിക്കും.

ജനാധിപത്യത്തിന്റെ അടിത്തറയാണ് തിരഞ്ഞെടുപ്പ്. ഇത് നിഷ്പക്ഷവും സത്യസന്ധവുമായില്ലെങ്കില്‍ ജനാധിപത്യം ഏട്ടിലൊതുങ്ങുകയും ഭരണം ഏകാധിപതികളുടെയും സ്വേച്ഛാധിപതികളുടെയും കരങ്ങളിലൊതുങ്ങുകയും ചെയ്യും. നിലവിലെ വര്‍ഗീയ ഫാസിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തിരഞ്ഞെടുപ്പുകളുടെ സത്യസന്ധത സംബന്ധിച്ചു നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും മുഖ്യമാണ് തിരഞ്ഞെടുപ്പ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ച സന്ദേഹങ്ങള്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ സാധിക്കില്ലെന്നും വളരെ ജാഗ്രതയോടെയാണ് ഇവയുടെ സംവിധാനവും കൈകാര്യ കര്‍തൃത്വവുമെന്നൊക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നതെങ്കിലും, പല ഐ ടി വിദഗ്ധരും വോട്ടിംഗ് മെഷീനില്‍ അട്ടിമറി സാധ്യമാണെന്നു തെളിവു സഹിതം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ലണ്ടനില്‍ നടന്ന ഒരു ചടങ്ങില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന് യു എസ് ഹാക്കര്‍ വെളിപ്പെടുത്തുകയും അതെങ്ങനെയെന്ന് സദസ്യര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തതാണ്. വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടു കാട്ടിയാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ചതെന്നും, മോദി സര്‍ക്കാറില്‍ അംഗമായിരുന്ന ഗോപിനാഥ് മുണ്ടെയുടെയും പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും മരണത്തിന് ഈ ക്രമക്കേടുമായി ബന്ധമുണ്ടെന്നും ആരോപിച്ച് സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷുജയും രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോളിംഗ് യന്ത്രം പരിശോധന നടത്തുന്നതിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നത്തിലും കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിലും വിരലമര്‍ത്തിയപ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞത് ബി ജെ പിയുടെ ചിഹ്നമായിരുന്നുവെന്ന് ഹിന്ദി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്.ഇതുകൊണ്ടെല്ലാം വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള വിശ്വാസ്യത നഷ്ടമായിട്ടുണ്ടെന്ന ബോധ്യത്താലാണല്ലോ ഇത്തവണ വി വി പാറ്റ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വി വി പി എ ടി മെഷീന്‍ വോട്ട് രേഖപ്പെടുത്തിയ വിവരങ്ങളടങ്ങിയ സ്ലിപ്പ് പ്രദര്‍ശിപ്പിക്കുന്നത് കേവലം ഏഴ് സെക്കന്‍ഡ് സമയം മാത്രമായതിനാല്‍ ഈ സമയത്തിനുള്ളില്‍ വോട്ടര്‍ക്ക് കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. മെഷീനില്‍ സൂക്ഷിച്ച സ്ലിപ്പുകള്‍ എണ്ണുകയാണ് വിശ്വാസ്യത ഉറപ്പ് വരുത്താനുള്ള മാര്‍ഗം. ഇതുകൊണ്ടാണ് 50 ശതമാനം സ്ലിപ്പുകളെങ്കിലും എണ്ണണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. 50 ശതമാനം എണ്ണിത്തീര്‍ക്കാന്‍ കാലതാമസമെടുക്കുന്നതിനാല്‍ ഫലപ്രഖ്യാപനത്തിന് സാധാരണത്തേക്കാള്‍ ആറ് ദിവസമെങ്കിലും കൂടുതല്‍ വൈകുമെന്ന കമ്മീഷന്റെ ആശങ്കയെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതിപക്ഷം ഖണ്ഡിച്ചിട്ടുണ്ട്. സ്ലിപ്പുകള്‍ എണ്ണുന്നതിന് ഒരു ബൂത്തില്‍ ഒരു ഉദ്യോഗസ്ഥനെ മാത്രം നിയോഗിച്ചാലുള്ള കണക്കാണു കമ്മീഷന്‍ സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ രണ്ട് ദിവസം കൊണ്ട് തന്നെ 50 ശതമാനം സ്ലിപ്പുകള്‍ എണ്ണിത്തീര്‍ക്കാനാകും. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ചെലവ് വര്‍ധിച്ചേക്കാം. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പ് വരുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത വീണ്ടെടുക്കാനും ഫലം അല്‍പം വൈകുന്നതും അധികതുക ചെലവിടുന്നതും പാഴ്‌ചെലവായി കാണേണ്ടതല്ല. ഈ കാലതാമസവും അധിക ചെലവും സഹിക്കാനും ഉള്‍ക്കൊള്ളാനും ഇന്ത്യന്‍ ജനത സന്നദ്ധമാകും. അല്ലെങ്കിലും ലോകത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണല്ലോ ഇന്ത്യയിലേത്. അമ്പതിനായിരം കോടിയിലേറെ വരും ഈ തിരഞ്ഞെടുപ്പിന് പൊതു ഖജനാവില്‍ നിന്ന് ചെലവിടുന്ന തുകയെന്നാണ് ഏകദേശ കണക്ക്.