ലോക്‌സഭാ തിരഞ്ഞെടുപ്പും രാഷ്ട്രീയ ഗതിമാറ്റങ്ങളും

മതേതരത്വം കടുത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യം സംഘര്‍ഷങ്ങളില്ലാതെ നിലനില്‍ക്കണമെങ്കില്‍ മതേതരത്വ കക്ഷികള്‍ ഐക്യപ്പെടുക മാത്രമേ വഴിയുള്ളൂ. എന്നാല്‍ പ്രധാന പ്രതിപക്ഷ കക്ഷികളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. യു പിയിലെ പുതിയ സാഹചര്യത്തില്‍ സാക്ഷാല്‍ രാഹുല്‍ വരെ അടിപതറുമെന്ന തോന്നല്‍ സൃഷ്ടിച്ചതില്‍ ഇങ്ങ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. മാനം കാക്കാന്‍ ചില കേരള നേതാക്കള്‍ ഒപ്പിച്ചെടുത്ത അടവായിരുന്നു രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. മതേതരത്വം നിലനിന്നുകാണണമെന്നാഗ്രഹിക്കുന്നവര്‍ക്ക്‌ കടുത്ത നിരാശയാണ് തോന്നുന്നത്. ഇത് കോണ്‍ഗ്രസ് കേരളത്തിലെ 20 സീറ്റുകളും പിടിച്ചെടുക്കുമെന്ന് ഓര്‍ത്തുകൊണ്ടല്ല. അത് കോണ്‍ഗ്രസിന് കിട്ടിയാലും ഇടതുമുന്നണിക്ക് കിട്ടിയാലും മതേതര സര്‍ക്കാറുണ്ടാക്കാന്‍ മുതല്‍ക്കൂട്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പക്ഷേ, ഈ ഒളിച്ചോട്ടം മതേതര വിശ്വാസികളുടെ ആത്മവിശ്വാസമാണ് തകര്‍ത്തുകളഞ്ഞത്. ചിലപ്പോള്‍ കേരളത്തില്‍ രണ്ട് സീറ്റ് അധികം ലഭിച്ചേക്കാം. എന്നാല്‍ നഷ്ടപ്പെടുന്നത് അതിന്റെ പതിന്മടങ്ങായിരിക്കും.
(എസ് വൈ എസ് സംസ്ഥാന സെക്രട്ടറി
Posted on: April 9, 2019 9:04 am | Last updated: April 9, 2019 at 9:28 am

1990കളില്‍ സോവിയറ്റ് റഷ്യയിലെ ഒരു വിദേശകാര്യ പ്രതിനിധി ഇന്ത്യ സന്ദര്‍ശിച്ച് തിരിച്ചുപോകുമ്പോള്‍ പത്രപ്രവര്‍ത്തകര്‍ ചോദിച്ചു, തിരിച്ചുപോകുമ്പോള്‍ എന്ത് തോന്നുന്നു? എനിക്കിപ്പോള്‍ ദൈവവിശ്വാസം വന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതുകേട്ട് അത്ഭുതപ്പെട്ട പത്രപ്രവര്‍ത്തകരോട് അദ്ദേഹം നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു: “ആയിരക്കണക്കായ ജാതിയും ഉപജാതിയും, നൂറുകണക്കിന് ഭാഷകള്‍ സംസാരിക്കുന്നവര്‍, ഭക്ഷണത്തിലും സംസ്‌കാരത്തിലും വൈരുധ്യവും വൈവിധ്യവും വെച്ചുപുലര്‍ത്തുന്നവര്‍… ഇത്തരത്തിലുള്ള ഒരു രാജ്യം തകരാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ദൈവകൃപ കൊണ്ടുമാത്രമാണ്’.

അദ്ദേഹത്തിന്റെ ദൈവസിദ്ധാന്തം നമുക്ക് വിടാം. അദ്ദേഹത്തെ ചിന്തിപ്പിച്ച ഈ ആശയം എല്ലാ ഇന്ത്യക്കാരുടെയും ശ്രദ്ധ പതിയേണ്ട ഒന്നാണ്. ഒരേ മതത്തില്‍ വിശ്വസിക്കുന്നവരും ഒരേ ഭാഷയും സംസ്‌കാരവും സ്വീകരിക്കുന്നവരുമായിട്ടു കൂടി ചേരിതിരിഞ്ഞ് പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ഇന്ത്യ ഇന്നും ഒരു രാഷ്ട്രമെന്ന നിലക്ക് ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ രഹസ്യമെന്താണ് എന്ന ചിന്ത പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് ശ്രദ്ധേയമാണ്.

ഇന്ത്യക്കാരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരാശയമാണ് മതേതരത്വം. ആദ്യകാലത്തെ ഇന്ത്യ എന്നത് ഒരു ഉപഭൂഖണ്ഡത്തിന്റെ വിളിപ്പേരായിരുന്നു. നമ്മുടെ മിക്ക അയല്‍ രാഷ്ട്രങ്ങളും ശ്രീലങ്കയടക്കമുള്ള ദ്വീപുകളും ചേര്‍ന്ന ഒരു ഭൂരിഭാഗത്തെയാണ് ലോകം ഇന്ത്യ എന്ന് വിളിച്ചുപോന്നത്. ഇന്ത്യ ഒരു രാഷ്ട്രമായി രൂപപ്പെടുന്നതും ഈ രാജ്യത്തെ നിര്‍മിക്കുന്നതും യഥാര്‍ഥത്തില്‍ മുസ്‌ലിം ഭരണാധികാരികളാണ്. അതിന് മുമ്പ് ആയിരക്കണക്കായ നാട്ടുരാജാക്കന്മാരുടെയും നാട്ടുമൂപ്പന്‍മാരുടെയും നിയന്ത്രണത്തിലായിരുന്നു ഈ ഭൂപ്രദേശം. ഇന്ത്യ ഒരു രാഷ്ട്രമായി രൂപപ്പെട്ടതിന്റെ മുമ്പും ശേഷവും ഇന്ത്യക്കാര്‍ക്ക് ഒരു മതേതരത്വ മനസ്സുണ്ടായിരുന്നു. എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും സഹിഷ്ണുതയോടെ ഇന്ത്യ സ്വാഗതം ചെയ്തു. 850 കൊല്ലം ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളാരും ഇന്ത്യയെ ഒരു മുസ്‌ലിം രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടില്ല. പിന്നീട് വന്ന ബ്രിട്ടീഷുകാരും ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഈ ഒരു പാരമ്പര്യത്തില്‍ തന്നെയാകും അഖണ്ഡഭാരതം കുടികൊള്ളുക എന്ന് മനസ്സിലാക്കിയാകും നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ഭരണഘടനയുടെ ആമുഖം തൊട്ട് അവസാനം വരെ മതേതരത്വം എന്ന ആശയം ഉള്‍ക്കൊള്ളിച്ചത്. പിന്നീട് മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ന്നപ്പോള്‍ 1976ലെ നാല്‍പ്പത്തിരണ്ടാം ഭേദഗതിയിലൂടെ മതേതരത്വമെന്ന വാക്ക് തന്നെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി.

പാശ്ചാത്യ മതേതരത്വം മതനിരാസമാണ്. അവിടെ മതേതര സങ്കല്‍പ്പം രൂപപ്പെടുത്തി എടുക്കുമ്പോള്‍ മതപുരോഹിതരോടും ചര്‍ച്ചുകളോടുമുള്ള പ്രതിഷേധമുണ്ടായിരുന്നു. മനുഷ്യരുടെ നിത്യജീവിതത്തില്‍ മതം അനാവശ്യ ഇടപെടല്‍ നടത്തുന്നു എന്ന കാഴ്ചപ്പാടില്‍ രൂപം കൊണ്ട അവരുടെ മതേതരത്വ സങ്കല്‍പ്പം മതത്തിന്റെ ചിഹ്നങ്ങളെ നീക്കം ചെയ്തും മതാചാരങ്ങളോട് കലഹിച്ചും രൂപപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യന്‍ മതേതരത്വം മതങ്ങളെ മാനിക്കുന്നതാണ്. ഏതൊരു പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും അതിലേക്ക് ആളുകളെ ക്ഷണിക്കാനും അതിന്റെ പ്രചാരണത്തിന് വേണ്ടി സ്ഥാപനങ്ങളുണ്ടാക്കി നടത്താനും സ്വാതന്ത്ര്യം നല്‍കുന്നു. എന്നാല്‍ സ്റ്റേറ്റിന് ഒരു മതത്തോടും പ്രത്യേക അടുപ്പമോ അകല്‍ച്ചയോ ഇല്ല. ഏതെങ്കിലും മതവിശ്വാസം പ്രചരിപ്പിക്കാനോ മറ്റു ചിലതിനെ നശിപ്പിക്കാനോ രാഷ്ട്രം കൂട്ടുനില്‍ക്കുകയില്ല. മാത്രമല്ല മതവിശ്വാസികള്‍ക്ക് അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ വിധിതീര്‍പ്പ് കല്‍പ്പിക്കേണ്ടിവന്നാല്‍ പ്രത്യേക സിവില്‍ നിയമവും രാഷ്ട്രം അനുവദിച്ചിട്ടുണ്ട്. ഇനി ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്ക് സ്വീകരിക്കാന്‍ പറ്റിയ െപാതു നിയമവും ഈ രാജ്യത്തുണ്ട്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ഒരു ഉദാഹരണമാണ്. അത് സ്വീകരിച്ചവര്‍ക്ക് സിവില്‍ നിയമങ്ങളില്‍പ്പെട്ട വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ ഒരു മതവിഭാഗത്തിന്റെയും വ്യക്തിനിയമങ്ങള്‍ അംഗീകരിക്കേണ്ടതില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യക്കാരുടെ മതേതരത്വ മനസ്സിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ന്യൂനപക്ഷങ്ങളെയും ദളിത് പിന്നാക്ക വിഭാഗങ്ങളെയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി നിയമപാലകരുടെ വേഷത്തില്‍ പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ ഫാസിസ്റ്റ് ഗുണ്ടകള്‍ തെരുവില്‍ അഴിഞ്ഞാടുകയായിരുന്നു. എന്ത് ഭക്ഷിക്കണം, ഏത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും ഒടുവില്‍ ചോദ്യം ചെയ്യപ്പെടുകയും പലരെയും കൊന്നു തള്ളുകയും ചെയ്തു. “ആള്‍ക്കൂട്ട കൊല’ എന്ന മിതപ്രയോഗം നടത്തി അതിനെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു ഉത്തരവാദിത്വപ്പെട്ടവര്‍.

ഭരണഘടന തന്നെ തിരുത്താനും അതിന്റെ അടിസ്ഥാന ആശയമായ മതേതരത്വത്തെ പൊളിച്ചെഴുതാനുമുള്ള ശ്രമങ്ങളുടെ തുടക്കമായിരുന്നു മുത്വലാഖ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ്. രാജ്യസഭയിലും കൂടി ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തന്നെ അട്ടിമറിക്കാനുള്ള ആര്‍ജവം തങ്ങള്‍ക്കുണ്ടെന്ന പ്രഖ്യാപനമാണ് കാലാവധി കഴിഞ്ഞപ്പോള്‍ ഈ ഓര്‍ഡിനന്‍സ് പുതുക്കുക വഴി സര്‍ക്കാര്‍ സൂചിപ്പിച്ചത്.

ഇന്ത്യാ രാജ്യം നിര്‍മിക്കുകയും കെട്ടുറപ്പുള്ള ഒരു രാഷ്ട്രമാക്കി വളര്‍ത്തുകയും ചെയ്ത മുസ്‌ലിം ഭരണാധികാരികളെയും അവര്‍ ഈ രാജ്യത്തിന് സമര്‍പ്പിച്ച ചരിത്ര സ്മാരകങ്ങളെ പോലും കൃത്രിമ ചരിത്രങ്ങളുണ്ടാക്കി തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമം ഈ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള അവസാന മിനുക്കുപണികളാണ്.

ചുരുക്കത്തില്‍ ഇന്ത്യന്‍ മതേതരത്വം കടുത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെങ്കിലും വോട്ടിംഗ് ശതമാനം വെച്ച് നോക്കുമ്പോള്‍ വെറും 35 ശതമാനം ഇന്ത്യക്കാരുടെ പിന്തുണ മാത്രമാണ് ഈ സര്‍ക്കാറിനുള്ളത്. ഈ വസ്തുത മഹാഭൂരിപക്ഷം ഇന്ത്യക്കാരും മതേതര പക്ഷത്തെന്നാണ് ബോധ്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഈ രാജ്യം സംഘര്‍ഷങ്ങളില്ലാതെ അതിന്റെ പാരമ്പര്യമനുസരിച്ച് നിലനില്‍ക്കണമെങ്കില്‍ മതേതരത്വ കക്ഷികള്‍ ഐക്യപ്പെടുക മാത്രമേ വഴിയുള്ളൂ എന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കും ബോധ്യം വന്നിട്ടുള്ളതാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ മുമ്പ് തന്നെ ഈ ആശയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയും വിശാല പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാന്‍ ശ്രമങ്ങള്‍ നടക്കുകയും ചെയ്തത് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. പരസ്പരം പോരാടിയിരുന്ന ഇടതുപക്ഷവും കോണ്‍ഗ്രസും വരെ ഒന്നിച്ചുനിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ പ്രായോഗിക തലത്തില്‍ ആ ചര്‍ച്ചകളെല്ലാം ജലരേഖകളായി മാറിയിരിക്കുകയാണ്. പ്രധാന പ്രതിപക്ഷ കക്ഷികളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. പശ്ചിമബംഗാളില്‍ സി പി എമ്മിന്റെ സിറ്റിംഗ് സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കൊണ്ട് ബംഗാള്‍ ഘടകമാണ് ആദ്യം ഐക്യത്തിന്റെ ചരട് പൊട്ടിച്ചത്. ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി അവസാന നിമിഷം വരെ സഖ്യത്തിന് വേണ്ടി കേണപേക്ഷിച്ചിട്ടും ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി കോണ്‍ഗ്രസ് ഘടകം സഖ്യത്തിന് തയ്യാറാകുകയോ അവരെ ദേശീയ സാഹചര്യം ബോധ്യപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് സാധിക്കുകയോ ചെയ്തിട്ടില്ല. ഉത്തര്‍പ്രദേശില്‍ തുടക്കത്തില്‍ തന്നെ സഖ്യചര്‍ച്ച പാളുകയും മതേതര വോട്ടുകള്‍ ഭിന്നിക്കാനുള്ള സാഹചര്യം രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. 80 സീറ്റുള്ള യു പിയില്‍ ഏറ്റവുമധികം നില പരുങ്ങലിലായത് മതേതരത്വ വിശ്വാസികള്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന കോണ്‍ഗ്രസിന്റെതാണെന്നത് ആശങ്കാജനകമാണ്. യു പിയിലെ പുതിയ സാഹചര്യത്തില്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിവരെ അടിപതറുമെന്ന തോന്നല്‍ സൃഷ്ടിച്ചതില്‍ ഇങ്ങ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. കേരളത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടതുപക്ഷം രണ്ട് റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയിട്ടും സ്ഥാനാര്‍ഥി നിര്‍ണയം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. അവസാനം പോര്‍വിളി നടത്തി പിടിച്ചെടുത്ത സീറ്റുകളില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പാരപണിത് നാണം കെടുമോ എന്ന് തോന്നിയപ്പോള്‍ മാനം കാക്കാന്‍ ചില കേരള നേതാക്കള്‍ ഒപ്പിച്ചെടുത്ത അടവായിരുന്നു രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അമേഠിയിലെ തോല്‍വി സാധ്യതയെ കുറിച്ച് പറഞ്ഞ് രാഹുലിനെ ഭയപ്പെടുത്തിയാണ് ഈ നേതാക്കള്‍ ഇത് സാധിപ്പിച്ചത്. സാധാരണ കേരളത്തിലെ ഏതൊക്കെ മണ്ഡലത്തില്‍ ആരൊക്കെ മത്സരിക്കണമെന്ന് അഖിലേന്ത്യാ നേതാക്കളാണ് തീരുമാനിക്കാറുള്ളത്. എന്നാല്‍ എ ഐ സി സി പ്രസിഡന്റ് വയനാട്ടില്‍ മത്സരിക്കുന്നുവെന്ന് ആദ്യം പ്രഖ്യാപിക്കുന്നത് കേരളത്തിലെ നേതാക്കളാണ്. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം മതേതര ചേരികള്‍ക്ക് ഗുണമോ അതോ ദോഷമോ ഉണ്ടാക്കുകയെന്ന കാര്യം ചര്‍വ്വിത ചര്‍വ്വണം നടന്നുകൊണ്ടിരിക്കുകയാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്നവര്‍ക്കും മതേതരത്വം നിലനിന്നുകാണണമെന്നാഗ്രഹിക്കുന്നവര്‍ക്കും കടുത്ത നിരാശയാണ് തോന്നുന്നത്. ഇത് കോണ്‍ഗ്രസ് കേരളത്തിലെ 20 സീറ്റുകളും പിടിച്ചെടുക്കുമെന്ന് ഓര്‍ത്തുകൊണ്ടല്ല. അത് കോണ്‍ഗ്രസിന് കിട്ടിയാലും ഇടതുമുന്നണിക്ക് കിട്ടിയാലും മതേതര സര്‍ക്കാറുണ്ടാക്കാന്‍ മുതല്‍ക്കൂട്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പക്ഷേ, ഈ ഒളിച്ചോട്ടം മതേതര വിശ്വാസികളുടെ ആത്മവിശ്വാസമാണ് തകര്‍ത്തുകളഞ്ഞത്.

ജനങ്ങള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കാനാകുക എന്നത് രാഷ്ട്രീയത്തില്‍ ചെറിയ കാര്യമല്ല. ഇനി അമേഠിയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ രാഹുല്‍ പരാജയപ്പെട്ടാല്‍ പോലും അദ്ദേഹം പ്രധാനമന്ത്രിയായി വരുന്നതിന് നിയമ തടസ്സമില്ല. മന്‍മോഹന്‍ സിംഗിനെ പോലുള്ള പ്രധാനമന്ത്രിമാരുടെ മാതൃക മുന്നിലുണ്ടല്ലോ. മാത്രമല്ല, മത്സരിച്ച് ജയിച്ച നൂറുകണക്കിന് എം പിമാരെ നോക്കുകുത്തികളാക്കി മോദി തന്റെ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ 20ലധികം പേര്‍ മത്സരിച്ച് ജയിച്ചുകയറിയവരായിരുന്നില്ല. ചുരുക്കത്തില്‍ രാഹുലിന്റെ ഈയൊരു ഒളിച്ചോട്ടം ഒഴിവാക്കാവുന്നതായിരുന്നു.
രാഹുല്‍ വയനാട്ടില്‍ എത്തിയതോടെ മതേതരത്വം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്. പ്രതിപക്ഷ ഐക്യം എന്ന ആശയം വിട്ട് മൂന്നാം മുന്നണി സംവിധാനം വീണ്ടും തട്ടിക്കൂട്ടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഇടതുപക്ഷത്തെ വിമര്‍ശിക്കുകയില്ല എന്ന രാഹുലിന്റെ വാക്കുകള്‍ക്ക് മാത്രം പരിഹരിക്കാവുന്നതല്ല ഈ ചേരിതിരിവ്. അധികാര രാഷ്ട്രീയത്തിന് പകരം നിലപാട് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന നേതാക്കളുടെ അഭാവമാണ് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്നതിലേക്കാണ് ഈ സംഭവങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്.

രാഹുലിന്റെ വരവോടെ കേരളത്തില്‍ സംഘ്പരിവാറിനും പുതിയ ഊര്‍ജമാണ് കൈവന്നിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നാണിപ്പിക്കുന്ന വടം വലി നടത്തുകയായിരുന്ന ഇവര്‍ക്ക് പ്രധാനമന്ത്രി മോദി അടക്കമുള്ള സര്‍വ നേതാക്കളെയും കേരളത്തിലെത്തിക്കാനും പ്രചാരണം കൊഴുപ്പിക്കാനുമുള്ള അവസരമാണ് കൈവന്നത്. പ്രത്യയശാസ്ത്രപരമായി ഫാസിസത്തെ നേരിടുന്ന ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി പിന്നീട് കോണ്‍ഗ്രസും ബി ജെ പിയും മാത്രം ഏറ്റുമുട്ടുന്ന സാഹചര്യം വന്നാല്‍ കേരളത്തിന്റെ മതേതര ഭാവി എന്തായിരിക്കുമെന്ന ആശങ്കയും അസ്ഥാനത്തല്ല. ചുരുക്കത്തില്‍ ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തില്‍ നടക്കുന്ന ഈ പൊതു തിരഞ്ഞെടുപ്പില്‍ പോലും മതേതര കക്ഷികള്‍ക്ക് യോജിച്ച് നില്‍ക്കാന്‍ സാധിക്കാതെ പോയി. അധികാരത്തിന്റെ അപ്പക്കഷ്ണം നുണയുകയെന്ന അജണ്ടക്കപ്പുറമുള്ളതൊന്നും പല പാര്‍ട്ടികള്‍ക്കും പ്രശ്‌നമുള്ളതല്ലയെന്ന് വ്യക്തമാകുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതരത്വ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് പ്രഖ്യാപിച്ച് കേരളത്തില്‍ പച്ചപ്പതാക വീശിനടക്കുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് കേരളത്തിന് പുറത്ത് പലയിടത്തും കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിക്കുന്നില്ല. മാത്രമല്ല, ആന്ധ്രപ്രദേശില്‍ ലീഗ് മത്സരിക്കുന്ന വിജയവാഡാ, ഗുണ്ടൂര്‍, സരസരേപട്ട്, അനന്തപൂര്‍, നെല്ലൂര്‍, രാജന്‍പ്പെട്ട എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആണ് ലീഗിന്റെ എതിരാളി. എന്നാല്‍ കേരളത്തില്‍ ലീഗിന്റെ സാധ്യതയുള്ള രണ്ട് മണ്ഡലത്തിലും പ്രധാന എതിരാളി സി പി എം ആണ്. അതിലേറെ രസകരമാണ് തമിഴ്‌നാട്ടിലെ സ്ഥിതി. അവിടെ സി പി എം ഉള്‍പ്പടെയുള്ള മുന്നണിയില്‍ നിന്നുകൊണ്ടാണ് ലീഗ് മത്സരിക്കുന്നത്. അതിലേറെ സഹതാപമര്‍ഹിക്കുന്നത്, മതരാഷ്ട്രവാദികളായ ജമാഅത്തുകാരുടെ അവസ്ഥയാണ്. പണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശിര്‍ക്കും താഗൂത്തുമായിരുന്നു. പിന്നീട് പാര്‍ട്ടിയുണ്ടാക്കി അങ്കത്തിനിറങ്ങി. ഈ കൊടും ചൂടില്‍ വെറുതെ കാശുകത്തിക്കുന്നത് ബുദ്ധിയല്ലെന്ന് കരുതി ഇപ്പോള്‍ ഐക്യജനാധിപത്യ മുന്നണിക്ക് അവര്‍ പിന്തുണ പ്രഖ്യാപിച്ചു. യു ഡി എഫുകാര്‍ പ്രകടനമായി നീങ്ങുമ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് പേര്‍ കൊടിയുമായി വലിഞ്ഞുകയറി തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ശ്രമിക്കുന്നു. ഈ വലിഞ്ഞുകയറ്റം വിപരീത ഫലം ഉണ്ടാക്കുമെന്ന് പറഞ്ഞ് പല സ്ഥലത്തും ഇവരെ ഇറക്കിവിട്ടിട്ടുണ്ടെന്നാണ് ജനസംസാരം. അതേസമയം, ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ നേതാവ് പശ്ചിമബംഗാളിലെ ജംഗിപ്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുകയാണ്. ഇങ്ങനെയൊക്കെയല്ലാതെ പിന്നെയെങ്ങനെയാണ് മതേതരത്വ ബദല്‍ സൃഷ്ടിക്കുക.!!
ഒരു കാര്യം തീര്‍ച്ചയാണ്. ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന വിഭാഗീയ ചിന്തകളും മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകളും രാഷ്ട്രത്തിന്റെ മൂലക്കല്ലായ മതേതരത്വം തകര്‍ക്കാനുള്ള പുറപ്പാടുമെല്ലാം ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭത്തില്‍ മതേതര മുന്നണിയില്‍ ഉള്ളവര്‍ക്ക് പരസ്പരം പായാരം പറയാനുള്ള അവസരം സൃഷ്ടിക്കുന്നതിലുപരി രാഹുലിനെ വയനാട്ടിലേക്ക് എഴുന്നള്ളിച്ചതിലൂടെ മറ്റൊരു നേട്ടവും ലഭിക്കാന്‍ പോകുന്നില്ല. ചിലപ്പോള്‍ കേരളത്തില്‍ രണ്ട് സീറ്റ് അധികം ലഭിച്ചേക്കാം. എന്നാല്‍ നഷ്ടപ്പെടുന്നത് അതിന്റെ പതിന്മടങ്ങായിരിക്കും. ഒടുവില്‍ കെട്ടിപ്പിടിച്ച് കരയാനുള്ള ദുര്‍വിധി വരാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

റഹ്മത്തുല്ലാഹ് സഖാഫി എളമരം • (എസ് വൈ എസ് സംസ്ഥാന സെക്രട്ടറി)