Connect with us

Gulf

ഹത്തയില്‍ വഴിയില്‍പെട്ട മലയാളി കുടുംബത്തിന് ദുബൈ പോലീസ് സഹായം

Published

|

Last Updated

ദുബൈ: ഹത്ത റോഡില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് ദുബൈ പോലീസിന്റെ സഹായം. പോലീസ് പട്രോള്‍ സംഘത്തിന്റെ ഉദ്യമം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. ദുബൈ പോലീസിന് അഭിവാദ്യമര്‍പിച്ച് ആയിരങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്.
വാരാന്ത്യ അവധി ആഘോഷിക്കാനായി ഹത്തയിലേക്കുള്ള യാത്രയില്‍ കുടുംബം സഞ്ചരിച്ച വാഹനം അമിതമായി ചൂടായി നിശ്ചലമാവുകയായിരുന്നു. പെട്ടെന്ന് വാഹനം പുകയോടെ നിശ്ചലമാവുകയായിരുന്നുവെന്ന് തൃശൂര്‍ പഴുവില്‍ സ്വദേശിയും ദുബൈ അല്‍തായര്‍ മോട്ടോര്‍സ് കമ്പനിയില്‍ ജീവനക്കാരനുമായ ലിബീഷ് പറയുന്നു.
ഹത്ത പോലീസ് സ്റ്റേഷന് സമീപം ഹമ്പ് ചാടിയ ഉടനെ വാഹനം നിശ്ചലമായി. മുന്നോട്ട് നീക്കാന്‍ കഴിയുമായിരുന്നില്ല. വാഹനം നിര്‍ത്തി ബോണറ്റ് തുറന്ന് നോക്കുമ്പോള്‍ ഉള്ളില്‍ നിന്നും പുക വമിച്ചിരുന്നു. ഭാര്യയും പത്തും നാലും വയസുമുള്ള രണ്ട് കുട്ടികളുമൊത്താണ് ഹത്തയിലേക്ക് പുറപ്പെട്ടത്.

ആദ്യമായി ഇവിടേക്ക് പോകുന്നതിനാല്‍ സ്ഥല പരിചയക്കുറവും ഉണ്ടായിരുന്നു. തുടര്‍ന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന സമയത്താണ് പോലീസ് പട്രോള്‍ സംഘം ഞങ്ങളുടെ വാഹനത്തിന് മുന്നില്‍ വന്ന് നിര്‍ത്തിയത്. പോലീസിനെ കണ്ടപാടെ കുട്ടികളും പരിഭ്രമിച്ചു. എന്നാല്‍ ഞങ്ങളുടെ അടുത്ത് വന്ന് എന്ത് പറ്റിയെന്ന് തിരക്കുകയും വാഹനത്തിന്റെ കേടു പാട് പരിശോധിക്കുകയും ചെയ്തു. അവധി ദിനമായതിനാല്‍ വര്‍ക്‌ഷോപ്പുകള്‍ പ്രവര്‍ത്തിക്കുകയില്ലെന്നും പോലീസ് സംഘം പറഞ്ഞു. തുടര്‍ന്ന് ഞങ്ങളുടെ വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട സഹായം അവരാണ് ചെയ്തു തന്നതെന്ന് ലിബീഷ് പറയുന്നു.
അതേസമയം, അതുവഴി പോയ ഒരു സ്വദേശി പൗരന്‍ രംഗം പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ ദുബൈ പോലീസിന്റെ പ്രവര്‍ത്തിയെ പ്രശംസിച്ചു ചിത്രം പ്രചരിപ്പിക്കുകയുമായിരുന്നു.

ദുബൈ പോലീസ് ഞങ്ങളോട് ഹൃദ്യമായാണ് പെരുമാറിയത്. വാഹനം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് ശകാരിക്കുമെന്ന് കരുതി. എന്നാല്‍ തങ്ങളുടെ സുരക്ഷക്ക് വേണ്ട നിര്‍ദേശങ്ങളാണ് അവര്‍ നല്‍കിയത്. വാഹനം സ്റ്റാര്‍ട്ട് ആക്കുകയും ദുബൈയില്‍ എത്തുന്നത് വരെ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ബന്ധപ്പെടാന്‍ പോലീസ് സംഘം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ പോലീസിനെ കുറിച്ച് എത്ര പ്രശംസിച്ചാലും മതിവരില്ലെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. അപകടാവസ്ഥയിലായ ഘട്ടത്തില്‍ തങ്ങളുടെ സുരക്ഷക്കായെത്തിയ അവരുടെ പ്രവര്‍ത്തനം ലോകത്തെ പോലീസ് സംഘങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൈസല്‍ ചെന്ത്രാപ്പിന്നി

Latest