Connect with us

National

പാക് പോര്‍ വിമാനം തകര്‍ത്തതിന് തെളിവുണ്ട്; റഡാര്‍ ചിത്രം പുറത്തുവിട്ട് വ്യോമസേന

Published

|

Last Updated

ന്യൂഡല്‍ഹി: ബാലാക്കോട്ട് മിന്നലാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ത്തതിന് വ്യക്തമായ തെളിവുണ്ടെന്ന് വ്യോമസേന ആവര്‍ത്തിച്ചു. വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് പോര്‍വിമാനവുമായി ഏറ്റുമുട്ടുന്നതിന്റെ റഡാര്‍ ചിത്രങ്ങള്‍ വ്യോസേന വൈസ് മാര്‍ഷല്‍ ആര്‍കെജി കപൂര്‍ വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു. റഡാര്‍ ചിത്രം നിഷേധിക്കാനാവാത്ത തെളിവാണെന്നും സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തവും വിശ്വസനീയവുമായ തെളിവാണ് ഇന്ത്യയുടെ പക്കലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ പാക് പോര്‍വിമാനം തകര്‍ത്തതിന് തെളിവില്ലെന്ന് കഴിഞ്ഞയാഴ്ച അമേരിക്ക ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഫെബ്രുവരി 26ന് ബാലാക്കോട്ട് മിന്നലാക്രമണം നടന്ന് തൊട്ടടുത്ത ദിവസമാണ് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് പോര്‍വിമാനവുമായി ഏറ്റുമുട്ടിയത്. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ പാക് വിമാനം അദ്ദേഹം വെടിവെച്ചിടുകയായിരുന്നു. ഇതിനിടെ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് അഭിനന്ദന്‍ വര്‍ത്തമാനെ പാക്കിസ്ഥാന്‍ പിടികൂടുകയായിരുന്നു. പിന്നീട് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറുകയായിരുന്നു.