Connect with us

Kerala

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല; ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് സുരേഷ് ഗോപിയുടെ മറുപടി

Published

|

Last Updated

തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിന് ജില്ലാ കലക്ടര്‍ ടി വി അനുപമ നല്‍കിയ നോട്ടീസിന് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി മറുപടി നല്‍കി. പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് മറുപടിയില്‍ വ്യക്തമാക്കുന്നത്. വിശദമായ മറുപടിക്ക് കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതസ്പര്‍ദ വളര്‍ത്തുന്ന രീതിയില്‍ താന്‍ പ്രസംഗിച്ചിട്ടില്ല. ദൈവത്തിന്റെ പേരോ മത ചിഹ്നമോ ഉപയോഗിച്ചിട്ടില്ലെന്നും ശബരിമല എന്നത് ഒരു ദേശത്തിന്റെ പേരാണെന്നും മറുപടിയില്‍ പറയുന്നു. ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വ്യകത്മാക്കി. സിഡി പരിശോധിച്ച് നിയമവിദഗ്ധരുടെ സഹായത്തോടെ മാത്രമേ വിശദമായ മറുപടി നല്‍കാനാകൂവെന്നും അദ്ദേഹം മറുപടിയില്‍ പറയുന്നു.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബിജെപി പൊതുയോഗത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് വിവാദമായത്. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ അത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയം മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കുകയായിരുന്നു. സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം മതത്തിന്റെയും ജാതിയുടെയും മറ്റും പേരില്‍ വോട്ടഭ്യര്‍ഥിക്കാന്‍ പാടില്ല. ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു.