Connect with us

Ongoing News

രാഷ്ട്രീയം പറഞ്ഞ് പഠിപ്പിച്ച് കുടുംബയോഗങ്ങൾ

Published

|

Last Updated

തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ പ്രചാരണം കൂടുതൽ സജീവമാകുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേരത്തേതുടക്കം കുറിച്ച ഇടതു മുന്നണി സ്ഥാനാർഥി പര്യടനം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. യു ഡി എഫ് രണ്ടാം ഘട്ട പര്യടനത്തിലാണ്. പ്രചാരണങ്ങൾക്ക് ആവേശം പകരാൻ റാലികളും ആരംഭിച്ചു. കുടുംബ യോഗങ്ങളിലാണ് മുന്നണികളുടെ പ്രധാന ശ്രദ്ധ.
പത്ത് കുടുംബങ്ങളെയെങ്കിലും പങ്കെടുപ്പിച്ചാണ് ഒരു കുടുംബ യോഗം. ഒരു ബൂത്തിൽ പത്ത് കുടുംബ യോഗങ്ങൾ വരെ നടക്കുന്നുണ്ട്. കുടുംബ യോഗങ്ങൾ സംഘടിപ്പിക്കുന്നതിൽ എൽ ഡി എഫ് തന്നെയാണ് മുന്നിൽ.

കുടുംബയോഗങ്ങളിൽ പ്രസംഗിക്കുന്നവർക്ക് പ്രത്യേക പരിശീലനവുമുണ്ട്. പ്രസംഗിച്ച് ഉള്ള വോട്ടും കളയേണ്ടെന്ന് കരുതിയാണിത്. എന്തൊക്കെ പറയണമെന്നും പറയേണ്ടെന്നും നേതൃത്വം പറഞ്ഞ് തരും. ദേശീയ രാഷ്ട്രീയം മുതൽ പ്രാദേശിക വിഷയം വരെ ഇത്തരം യോഗങ്ങളിൽ കടന്നു വരും. ചില യോഗങ്ങളിൽ ചോദ്യവും നേരിടേണ്ടി വരുന്നുണ്ട് നേതാക്കൾക്ക്.

നരേന്ദ്രമോദിയുടെ അഞ്ച് വർഷക്കാലത്തെ ഭരണമാണ് ഇടത് മുന്നണിയുടെ പ്രധാന വിഷയം. ഭരണ കാലത്ത് ഉയർന്ന വിവാദങ്ങൾ, ആക്രമണങ്ങൾ, ഒപ്പം സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങളും അവർ അക്കമിട്ട് നിരത്തുന്നു.
വർഗീയത ചെറുക്കാൻ ഇടതുമുന്നണിക്ക് മാത്രമെ കഴിയൂവെന്നും തെളിവ് സഹിതം സമർഥിക്കുകയും ചെയ്യുന്നു. കോൺഗ്രസും ബി ജെ പിയും തമ്മിലുള്ള വ്യത്യാസം പേരിൽ മാത്രമേയുള്ളുവെന്ന് തെളിയിക്കാൻ ബാബരി മസ്ജിദ് തകർച്ചയിൽ കോൺഗ്രസിന്റെ മൗനവും ഒടുവിൽ മുത്വലാഖ് ബില്ല് ചർച്ചയിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടും ചൂണ്ടിക്കാട്ടുന്നു.

യു ഡി എഫാകട്ടെ ബി ജെ പിക്ക് ബദൽ സർക്കാർ രൂപവത്കരിക്കാൻ കോൺഗ്രസിനും രാഹുലിനും മാത്രമേ കഴിയൂവെന്നും സമർഥിക്കുന്നു. ഒപ്പം സി പി എമ്മിന്റെ അക്രമ രാഷ്ട്രീയവും എടുത്തു പറയുന്നു. പിണറായി സർക്കാർ ശബരിമല വിഷയത്തിൽ ഉൾപ്പെടെ സ്വീകരിച്ച നിലപാടും കുടുംബ യോഗങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

മത്സരിക്കുന്ന സ്ഥാനാർഥിയെ കുറിച്ചും ഇത്തരം യോഗങ്ങളിൽ പ്രത്യേക ചർച്ചയുണ്ടാകും. സ്വന്തം സ്ഥാനാർഥിയുടെ യോഗ്യത, എതിർ സ്ഥാനാർഥിയുടെ അയോഗ്യത തുടങ്ങിയവയൊക്കെ വിലയിരുത്തുന്നതിനുള്ള വേദിയായി മാറുകയാണ് കുടുംബ യോഗങ്ങൾ. ഇത്തരം യോഗങ്ങളിൽ പ്രസംഗകരെ നിശ്ചയിക്കുമ്പോൾ സമുദായ പരിഗണന കൂടി നോക്കുന്നുണ്ട്. അവിടെ പറയുന്നത് സമുദായക്കാരെ വലയിലാക്കാനുള്ള പൊടിക്കൈകളാണ്.

ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക യോഗങ്ങളും ചേരുന്നുണ്ട്.യു ഡി എഫും എൽ ഡി എഫും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. എൽ ഡി എഫിൽ ന്യൂനപക്ഷങ്ങൾക്കായി രൂപവത്കരിച്ച സാസ്‌കാരിക സംഘടനകളും യു ഡി എഫിൽ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുമാണ് പ്രത്യേക യോഗങ്ങൾ ചേരുന്നത്.
ദളിത് വിഭാഗങ്ങളുടേയും യോഗങ്ങൾ മുന്നണികൾ വിളിച്ചു ചേർക്കുന്നുണ്ട്. കുടുംബ യോഗങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തമാണ് പ്രത്യേകം ശ്രദ്ധിക്കുന്നത്. മന്ത്രിമാർ മുതൽ സംസ്ഥാന നേതാക്കളെ വരെ യോഗങ്ങളിൽ പങ്കെടുപ്പിക്കുന്നു. അവസാന ഘട്ടത്തിൽ സിനിമാ താരങ്ങളെയും സാസ്‌കാരിക പ്രവർത്തകരേയും രംഗത്തിറക്കാനും മുന്നണി നേതൃത്വങ്ങൾ ആലോചിക്കുന്നു.

---- facebook comment plugin here -----

Latest