Connect with us

Education

സി ബി എസ് ഇയിൽ മലയാളത്തിന് പ്രിയമേറുന്നു

Published

|

Last Updated

പാലക്കാട്: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനിൽ ( സി ബി എസ് ഇ) മലയാളത്തിന് പ്രിയമേറുന്നു. സി ബി എസ് ഇ സിലബസിൽ പ്ലസ് ടു തലത്തിൽ 38ഉം പത്താം തരത്തിൽ 34 ഉം പ്രാദേശിക ഭാഷകൾ പഠിക്കുന്നതിനാണ് ബോർഡ് വിദ്യാർഥികൾക്ക് ഇഷ്ടഭാഷ തിരഞ്ഞെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, മറ്റ് ഭാഷകളേക്കാൾ കൂടുതൽ പേരും മലയാളമാണ് തിരഞ്ഞെടുത്തതെന്ന് സി ബി എസ് ഇ അധികൃതർ വ്യക്തമാക്കി. ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ 57,955 പേരും പ്ലസ് ടു തരത്തിൽ 3,595 പേരുമാണ് മലയാളം പ്രാദേശിക ഭാഷയായി തിരഞ്ഞെടുത്ത് പരീക്ഷയെഴുതിയത്.
അതേസമയം, ഏറ്റവും കൂടുതൽ പേർ പഞ്ചാബി ഭാഷയിലാണ് പരീക്ഷയെഴുതിയത്. പത്താം തലത്തിൽ 1,11,116 പേരും പ്ലസ് ടുതലത്തിൽ 20,109 പേരും പരീക്ഷയെഴുതിയിട്ടുണ്ട്. തൊട്ടു പിറകെ രണ്ടാം സ്ഥാനം മലയാളത്തിനാണ്. പത്താം തരത്തിൽ തമിഴിൽ 39,713 പേരും കന്നഡയിൽ 25,975 പേരും ഒറിയയിൽ 18,125 പേരും ബംഗാളിൽ 13,010 പേരും പരീക്ഷയെഴുതി. സിന്ധിലും നൂറിൽ താഴെ പേർമാത്രമാണ പത്താംതരത്തിലും പ്ലസ്ടു തലത്തിലും പരീക്ഷ എഴുതിയിട്ടുള്ളത്.
വിദേശ ഭാഷയിൽ പ്രിയം ഫ്രഞ്ചിനാണ്. പത്താം തലത്തിൽ 15,722 പേരും പ്ലസ്ടു തലത്തിൽ 134 പേരും ഫ്രഞ്ച് ഭാഷയിൽ പരീക്ഷ എഴുതിയിട്ടുണ്ട്. രണ്ടാം സ്ഥാനം ജർമൻ ഭാഷക്കാണ്. പത്താം തലത്തിൽ 2611 പേരും പ്ലസ് ടു തലത്തിൽ 80 പേരുമാണ് പരീക്ഷ എഴുതിയത്.

സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് പ്രാദേശിക ഭാഷകൾ സി ബി എസ് ഇ അധികൃതർ അനുവദിക്കുന്നത്. അതാത് സംസ്ഥാനങ്ങൾ പാഠ്യപദ്ധതിയും തയാറാക്കും, എന്നാൽ വിദേശ ഭാഷകളിൽ സി ബി എസ് ഇ അധികൃതരാണ് പാഠ്യപദ്ധതി തയ്യാറാക്കുക. സംസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ നിന്ന് മലയാളത്തിന് പ്രധാന്യം കൊടുക്കാതെയിരിക്കുമ്പോൾ സി ബി എസ് ഇ സിലബസിൽ അഖിലേന്ത്യാതലത്തിൽ പ്രാദേശിക ഭാഷയിൽ മലയാളത്തിന് പ്രധാന്യം ഏറുന്നതിൽ കേരളത്തിന് അഭിമാനിക്കാമെന്നാണ് ഭാഷാ അധ്യാപക സംഘടന നേതാക്കൾ പറയുന്നത്.

---- facebook comment plugin here -----

Latest