Connect with us

Ongoing News

കോൺഗ്രസ് വല്ലാത്ത 'ആപ്പിൽ'

Published

|

Last Updated

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലും പഞ്ചാബിലും ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാകില്ലെന്നും ഡൽഹിയിലെ കാര്യം തീരുമാനിച്ച് അറിയിക്കുമെന്നും കോൺഗ്രസ്. എന്നാൽ, ഡൽഹിയിൽ മാത്രമായി സഖ്യത്തിന് ഒരുക്കമല്ലെന്ന നിബന്ധനയുമായി എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി.

ദേശീയ തലസ്ഥാനത്ത് എ എ പിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനത്തിലെത്തിയിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സൂർജേവാല വ്യക്തമാക്കി. ഹരിയാനയിലും പഞ്ചാബിലും എ എ പിയുമായി സഖ്യത്തിനില്ലെന്നും അവിടെ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും സംസാരിക്കാൻ കോൺഗ്രസ് ഒരുക്കമല്ലെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി പി സി ചാക്കോ വ്യക്തമാക്കിയിരുന്നു. അതേസമയം, ഡൽഹിയിൽ സഖ്യം വേണമെങ്കിൽ ഹരിയാനയിലും ചണ്ഡീഗഢിലും സഖ്യം വേണെന്നാണ് എ എ പിയുടെ പക്ഷം.

ഡൽഹിയിലെ സഖ്യം സംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എ എ പി നിബന്ധന വെച്ചത്.

ഹരിയാനയിൽ ഡൽഹിയോട് അടുത്തുകിടക്കുന്ന ഫരീദാബാദ്, ഗുഡ്ഗാവ്, കർണാൽ സീറ്റുകളും പഞ്ചാബിനോട് അടുത്തുള്ള കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഢിലും കോൺഗ്രസ് പിന്തുണ എ എ പിക്ക് വേണമെന്നുമാണ് ആവശ്യം.
ഡൽഹിക്ക് സ്വതന്ത്ര സംസ്ഥാന പദവിയെന്ന ആവശ്യം കൂടി ഉന്നയിച്ചുകൊണ്ടാണ് എ എ പി ഇത്തവണ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ഈ ആവശ്യത്തിനൊപ്പം നിൽക്കാൻ അവർ കോൺഗ്രസിനെയും ക്ഷണിക്കുന്നു. ഡൽഹിക്ക് സ്വാതന്ത്യം ആവശ്യമാണ്. അസാധ്യമായ കാര്യങ്ങളൊന്നുമല്ല എ എ പി ആവശ്യപ്പെടുന്നതെന്നും ഇക്കാര്യം കൂടി തങ്ങളുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും എ എ പി നേതാവ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
നേരത്തേ, ഡൽഹിയിൽ ആകെയുള്ള ഏഴിൽ മൂന്ന് സീറ്റുകൾ എ എ പി വാഗ്ദാനം ചെയ്തിരുന്നെങ്കിലും പി സി സി അധ്യക്ഷ ഷീലാ ദീക്ഷിത് അടക്കമുള്ളവർ സഖ്യത്തെ എതിർക്കുകയായിരുന്നു. അതേസമയം, പി സി ചാക്കോ അടക്കമുള്ള നേതാക്കൾ എ എ പി സഖ്യത്തിന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും എൻ സി പി അധ്യക്ഷൻ ശരദ് പവാറും അടക്കമുള്ളവർ എ എ പി സഖ്യത്തിനായി കോൺഗ്രസിൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, ഷീലാ ദീക്ഷിത് എതിർപ്പ് അറിയിച്ചതോടെ സഖ്യ ചർച്ചകൾ അവസാനിച്ചിരുന്നു. പ്രദേശിക തലത്തിൽ കൂട്ടുകെട്ട് വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് വീണ്ടും സഖ്യ ചർച്ചകൾ സജീവമാകുന്നത്.

Latest