Connect with us

Ongoing News

ഗുൽബർഗയിൽ ഖാർഗെ എതിരില്ലാത്ത വാക്ക്

Published

|

Last Updated

തുടർച്ചയായി പത്ത് തവണ എം എൽ എയും പത്ത് വർഷം എം പിയുമായി പ്രവർത്തിച്ച നീണ്ട അനുഭവ സമ്പത്തുമായാണ് സിറ്റിംഗ് മണ്ഡലമായ ഗുൽബർഗയിൽ മല്ലികാർജുൻ ഖാർഗെ മത്സരത്തിനിറങ്ങുന്നത്. കോൺഗ്രസിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണിത്. ഒരിക്കലും തോൽവിയറിഞ്ഞിട്ടില്ലാത്ത നേതാവായ ഖാർഗെ കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

തിരഞ്ഞെടുപ്പിൽ ഗുൽബർഗ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിന് കോൺഗ്രസ് നേതൃത്വത്തിന് ഇക്കുറിയും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഖാർഗെയുടെ പേര് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഒരു പോലെ സ്വീകാര്യമായിരുന്നു. നാളിതുവരെയുള്ള പാർലിമെന്ററി പ്രവർത്തനം കൊണ്ട് ഗുൽബർഗയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാൻ ഖാർഗെക്ക് സാധിച്ചിട്ടുണ്ട് എന്നത് എതിരാളികൾ പോലും സമ്മതിക്കും. ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് നൂതനവും ഫലപ്രദവുമായ പദ്ധതികളാണ് ഇക്കാലയളവിൽ ഖാർഗെ മുൻകൈയെടുത്ത് നടപ്പാക്കിയത്. കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി ജെ പിയിലെത്തിയ ഡോ. ഉമേഷ് ജാദവാണ് ഖാർഗെയെ നേരിടുന്നത്.
രാഷ്ട്രീയ പ്രവർത്തനത്തിലെ സംശുദ്ധിയും മൂല്യങ്ങളും കൈമോശം വന്നുകൊണ്ടിരിക്കുമ്പോൾ, ഇതിൽ നിന്ന് തികച്ചും വിഭിന്നനാണ് ഖാർഗെ. അഴിമതി ആരോപണങ്ങൾ കൊണ്ട് പോലും അദ്ദേഹത്തിന്റെ പൊതുജീവിതത്തെ പിടിച്ചുലക്കാൻ പ്രതിയോഗികൾക്ക് സാധിച്ചിട്ടില്ല.

തുടർച്ചയായി പത്ത് തവണയാണ് അദ്ദേഹം കർണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ഒമ്പത് തവണയും ഒരേ മണ്ഡലത്തിൽ നിന്ന്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായാണ് കോൺഗ്രസിലെ ഈ ദളിത് നേതാവ് അറിയപ്പെടുന്നത്. ബിദാറിൽ പിന്നാക്ക സമുദായ കുടുംബത്തിൽ 1942 ജൂലൈ 21നാണ് ഖാർഗെയുടെ ജനനം. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. 1969ൽ കോൺഗ്രസിൽ അംഗത്വമെടുത്തു. തൊഴിലാളി പ്രശ്‌നങ്ങളിലെ ഇടപെടലാണ് നേതാവ് എന്ന നിലയിൽ ഖാർഗെയെ വളർത്തിയത്. 1972ൽ ആദ്യമായി ഖാർഗെ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 1976ൽ ദേവരാജ് മന്ത്രിസഭയിൽ അംഗമായി. 1980ൽ ഗുണ്ടുറാവു മന്ത്രിസഭയിലും 1990ൽ എസ് ബംഗാരപ്പ മന്ത്രിസഭയിലും 1992ൽ വീരപ്പമൊയ്‌ലി മന്ത്രിസഭയിലും ഖാർഗെയുണ്ടായിരുന്നു. 2009ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്. രണ്ടാം യു പി എ മന്ത്രിസഭയിൽ തൊഴിൽ, ഗതാഗത മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചു.