Connect with us

Malappuram

മലപ്പുറം കയറാൻ

Published

|

Last Updated

ന്യൂനപക്ഷ വിഭാഗങ്ങളുടെ വിഷയങ്ങൾ ഏറ്റവും അധികം ചർച്ചക്ക് വരുന്ന മണ്ഡലമാണ് മലപ്പുറം. പ്രവാസികളുടെ സാന്നിധ്യവും ഗൾഫ് മേഖലയിലെ തൊഴിൽ വിഷയങ്ങളും മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുകയാണ്. ഇടത്, വലത് മുന്നണികൾ തമ്മിലാണ് മത്സരം. എന്നാൽ, എൻ ഡി എയും മത്സരത്തിൽ ഒട്ടും പിന്നിലല്ല. പിഴക്കാത്ത ചുവടുകളുമായി മുന്നണികൾ ഓരോ വോട്ടും പെട്ടിയിലാക്കുന്നതിനുള്ള പ്രചാരണത്തിലാണ്.

നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായതോടെ പ്രചാരണത്തിന് ഒന്നുകൂടി ചൂട് കൂടിയെന്ന് മാത്രം. മുസ്‌ലിം ലീഗും എസ് ഡി പി ഐയും കൊണ്ടോട്ടിയിൽ രഹസ്യമായി വോട്ട് ചർച്ച നടത്തിയെന്ന വിവാദം ഒഴിച്ചു നിർത്തിയാൽ മറ്റ് വിവാദ വിഷയങ്ങൾ മണ്ഡലത്തിൽ ഉയർന്നു വന്നിട്ടില്ല. എന്നാൽ, ഈ വിഷയത്തിൽ പങ്കാളികളായ എസ് ഡി പി ഐ സ്ഥാനാർഥിയെ നിർത്തിയതോടെ വിവാദവും കെട്ടടങ്ങി.
മുസ്‌ലിം ലീഗിന് ഏറെ പരിചിതമുഖമായ പി കെ കുഞ്ഞാലിക്കുട്ടിയാണ് സ്ഥാനാർഥി. ഇടത് മുന്നണിക്ക് യുവരക്തമായ വി പി സാനുവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടക്കൽ സ്ഥാനാർഥിയായിരുന്ന വി ഉണ്ണികൃഷ്ണനെയാണ് മലപ്പുറം പിടിക്കാൻ എൻ ഡി എ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഏറെ വേരോട്ടമുള്ളതിനാൽ ഈ വിഷയത്തിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്ന പ്രധാന ആയുധം. അതിനു ശേഷം മാത്രമേ മണ്ഡലത്തിന്റെ വികസനവും അടിസ്ഥാന സൗകര്യവും വരുന്നുള്ളൂ.

ആറ് തവണ പാർലിമെന്റിലെത്തിയ ഇ അഹ്്മദിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ച പി കെ കുഞ്ഞാലിക്കുട്ടി വ്യക്തിബന്ധങ്ങളും അനുഭവ സമ്പത്തും കൈമുതലാക്കി വോട്ട് തേടുമ്പോൾ, വിദ്യാർഥി രാഷ്ട്രീയത്തിന്റെ പ്രസരിപ്പും ചുറുചുറുക്കുമാണ് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്കൂടിയായ വി പി സാനുവിന്റെ ആയുധം. കേന്ദ്ര സർക്കാറിന്റെ വികസന മുന്നേറ്റങ്ങളും സംസ്ഥാന സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും കോട്ടങ്ങളും വികസന മുരടിപ്പും തന്നെയാണ് എൻ ഡി എ സ്ഥാനാർഥി വി ഉണ്ണികൃഷ്ണൻ ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിട്ടുനിന്ന എസ് ഡി പി ഐ ഇത്തവണ സ്ഥാനാർഥിയെ നിർത്തുന്നത് മണ്ഡലത്തിൽ മുന്നേറ്റത്തിന് വേണ്ടിയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 29,216 വോട്ട് നേടിയ വെൽഫെയർ പാർട്ടി ഇത്തവണ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. മുസ്‌ലിം ലീഗിനാണ് ഇവരുടെ പിന്തുണ. പി ഡി പി സ്ഥാനാർഥിയായി നിസാർ മേത്തർ മത്സര രംഗത്തുണ്ട്.

രാജ്യത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനും കോട്ടം തട്ടാതെയും ന്യൂനപക്ഷ സംരക്ഷണം നിലനിൽക്കണമെങ്കിൽ എൽ ഡി എഫിന്റെ സാന്നിധ്യം ലോക്‌സഭയിൽ വേണമെന്നതാണ് ഇടത് മുന്നണി മുന്നോട്ടു വെക്കുന്ന തിരഞ്ഞെടുപ്പ് ആശയം. മുത്വലാഖ് ബിൽ സമയത്ത് ലോക്‌സഭയിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത സ്ഥലം എം പി പ്രശ്‌നത്തിൽ ഇടപെടാതെ മാറിനിൽക്കുകയായിരുന്നുവെന്നും എൽ ഡി എഫ് പ്രചാരണവേളകളിൽ ഉന്നയിക്കുന്നുണ്ട്.
മുത്വലാഖും മൂന്നാം സീറ്റ് പ്രശ്‌നവും ലീഗ്- എസ് ഡി പി ഐ കൂടിക്കാഴ്ചാ വിവാദവും കെട്ടടങ്ങി പ്രചാരണത്തിൽ കരുത്തുകൂട്ടുകയാണ് യു ഡി എഫ്. ലീഗിന്റെ കുത്തക മണ്ഡലമായിരുന്ന മഞ്ചേരി 2004ൽ ടി കെ ഹംസയെ വെച്ച് സി പി എം പിടിച്ചെടുത്തത് മറക്കേണ്ടെന്നാണ് ഇടതു പക്ഷം നൽകുന്ന മുന്നറിയിപ്പ്. പുതുതലമുറയുടെ സ്ഥാനാർഥിയെന്നത് പുതിയ വോട്ടർമാരിലും യുവാക്കളിലുമുണ്ടാക്കിയ ആവേശവും ഇടതിന് നൽകുന്ന ശക്തി വലുതാണ്.

ന്യൂനപക്ഷ മണ്ഡലമായതിനാൽ കേന്ദ്ര സർക്കാർ നയങ്ങൾ തന്നെയാണ് ഇടത്, വലത് മുന്നണികൾ പ്രയോഗിക്കുന്ന പ്രധാന രാഷ്ട്രീയ ആയുധം. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മുത്വലാഖ്, സാമ്പത്തിക സംവരണം, കരിപ്പൂർ വിമാനത്താവള വികസനം, റെയിൽവേ വികസനം, ഇഫ്‌ളു ക്യാമ്പസ്, അലിഗഢ് ക്യാമ്പസ് വികസനം തുടങ്ങിയ വിഷയങ്ങൾ ഉയർന്ന് കേൾക്കുന്നുണ്ട്.

കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം പാർലിമെന്റ് മണ്ഡലത്തിന് കീഴിൽ വരുന്നത്. നിലവിൽ ഈ മണ്ഡലങ്ങളെയെല്ലാം പ്രതിനിധാനം ചെയ്യുന്നത് ലീഗാണ്. എന്നാൽ, മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമായിരുന്നു ഇടത് മുന്നണിക്ക്.

Latest