Connect with us

Career Education

പത്ത് കഴിഞ്ഞു, ഇനിയെന്ത്?

Published

|

Last Updated

പത്താം ക്ലാസിനു ശേഷം ധാരാളം ഉപരിപഠനമേഖലകളുണ്ട്. ഏത് മേഖലയിലേക്ക് തിരിയണമെന്ന വ്യക്തമായ ധാരണയും പദ്ധതികളും ഉണ്ടാകേണ്ടതാണ്. സെക്കൻഡറി തലം മുതൽ തന്നെ കരിയർ പ്ലാനിംഗിന് തുടക്കം കുറിക്കണമെന്നർഥം. കണക്കിൽ യാതൊരു താത്പര്യവുമില്ലാത്ത വിദ്യാർഥി സയൻസ് ഗ്രൂപ്പെടുത്ത് പഠനം നടത്താനിടവരരുത്. വരയും കലയുമാണ് താത്പര്യമെങ്കിൽ ബയോളജിയും കെമിസ്ട്രിയും പഠിച്ചിട്ടെന്ത് കാര്യം? അഭിരുചിക്ക് ഏറെ പ്രാധാന്യം നൽകി വേണം തങ്ങളുടെ മക്കളുടെ ഭാവി തിരഞ്ഞെടുക്കേണ്ടത്. നമ്മുടെ ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കരുത്. സാഹചര്യങ്ങൾ കൊണ്ടോ ഗൈഡൻസ് കിട്ടാത്തതുകൊണ്ടോ നമുക്ക് ലഭിക്കാത്തത് നമ്മുടെ മക്കളിലൂടെ നേടിയെടുക്കണമെന്ന ദുർവാശി കാണിക്കുന്നത് നന്നല്ല. പ്രത്യേകിച്ചും അവരുടെ അഭിലാഷം വിപരീത ദിശയിലാണെങ്കിൽ അത് തീർത്തും ആത്മഹത്യാപരമായ നീക്കമാകും. കുട്ടികളുടെ ഉള്ളിലിരിക്കുന്ന കഴിവുകളെന്തെന്ന് തിരിച്ചറിഞ്ഞ് വേണം അവർക്ക് മുന്നോട്ടുള്ള പാതയൊരുക്കാൻ. നമുക്കത്‌ തിരിച്ചറിയാനാകുന്നില്ലെങ്കിൽ പരിഭ്രമിക്കേണ്ട കാര്യമില്ല. അഭിരുചി പരീക്ഷ നടത്തി ഒരാളുടെ താത്പര്യങ്ങൾ ഏതെന്ന് നിർണയിക്കുന്ന ധാരാളം കരിയർ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഓൺലൈനായിപ്പോലും അഭിരുചി പരീക്ഷിക്കാനാകുന്ന സംവിധാനം ഇന്നുണ്ട്.

വിദ്യാർഥികളുടെ ഉള്ളിലിരിക്കുന്ന കഴിവുകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അവരുടെ ആഗ്രഹങ്ങൾക്കും അഭിരുചികൾക്കും പ്രഥമ പരിഗണന നൽകണം. കൗമാരക്കാരായതിനാൽ തന്നെ പല മിഥ്യാബോധങ്ങളും പേറി നടക്കുന്നവരും കുറവല്ല. ഗൈഡൻസ് ഏറെ അനിവാര്യമായ കാലഘട്ടത്തിലൂടെയാണവർ കടന്നുപോകുന്നത്. അടിച്ചേൽപ്പിക്കൽ വിപരീതഫലം മാത്രമെ ഉളവാകൂ. നല്ലതേതെന്ന് അവരെ ധരിപ്പിച്ചെടുക്കുക മാത്രമാണ് വഴി. നല്ല കൗൺസലിംഗ് വഴി അവരെ സ്വപ്‌നലോകത്തുനിന്നും യാഥാർഥ്യത്തിലേക്കു തിരിച്ചെത്തിക്കാനാകും.

ഉപരിപഠന വഴികൾ

എസ് എസ് എൽ സിക്കു ശേഷം അഭിരുചികൾക്കനുസരിച്ചുള്ള ഉപരിപഠനമേഖലയായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഓരോ മേഖലയുടെയും തൊഴിൽ സാധ്യതകളും ഭാവിയിലെ വളർച്ചയും തങ്ങളുടെ സൗകര്യങ്ങളും ഇവിടെ കോർത്തിണക്കേണ്ടതുണ്ട്.

പത്ത് കഴിഞ്ഞാൽ ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്നത് ഹയർ സെക്കൻഡറി വിദ്യാഭ്യാസമാണ്. ഇവ കൂടാതെ വെക്കേഷണൽ ഹയർ സെക്കൻഡറിയിലേക്ക് തിരിയുന്നവരും കുറവല്ല. ഉടൻ തൊഴിലാണ് ലക്ഷ്യമെങ്കിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഐ ടി ഐ, പോളിടെക്‌നിക്ക് എന്നിവയും തിരഞ്ഞെടുക്കാവുന്നതാണ്. ആതുരസേവനത്തിലേക്ക് തിരിയാനും പത്ത് കഴിഞ്ഞാൽ ആകും. ജനറൽ നഴ്‌സിംഗ് കോഴ്‌സുവഴി സാന്ത്വനത്തിന്റെ മാലാഖമാരാകാനും വഴിയുണ്ട്. ചില പാരാമെഡിക്കൽ കോഴ്‌സുകളിലേക്കും പത്ത് തന്നെയാണ് യോഗ്യത.
തുടർപഠനം ലക്ഷ്യംവെക്കുന്നവരാണ് ഭൂരിഭാഗം പേരും. അതിനാൽ തന്നെ ഹയർ സെക്കൻഡറി വിദ്യാഭ്യാസമാണ് മിക്കവരുടെയും ചോയ്‌സ്. സയൻസ്, കോമേഴ്സ്, മാനവികം എന്നീ മേഖലകളിലായി നാല് കോഴ്‌സുകളുള്ള വിവിധ കോമ്പിനേഷനുകൾ ഇവിടെ ലഭ്യമാണ്. ഇതിൽ എൻജിനീയറിംഗാണ് താത്പര്യമെങ്കിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ തിരഞ്ഞെടുക്കാം. ഈ വിഷയങ്ങളിലെ ഉന്നതപഠനത്തിനും ഗവേഷണത്തിനും ഇതുപകരിക്കും. മെഡിക്കൽ വിഭാഗമാണ് താത്പര്യമെങ്കിൽ ബയോളജി ഉൾപ്പെട്ട പ്ലസ്ടു കോമ്പിനേഷൻ തിരഞ്ഞെടുക്കണം. ബയോളജി കോമ്പിനേഷനോടൊപ്പം മാത്്സ് അഡീഷനലായി തിരഞ്ഞെടുക്കാനും വഴികളുണ്ട്. മാത്തമാറ്റിക്‌സ്, ബയോളജി എന്നിവ ഇഷ്ടമില്ലാത്തവർക്ക് കമ്പ്യൂട്ടർ സയൻസ്, ഹോം സയൻസ് എന്നീ കോമ്പിനേഷനുകളിലേക്കും പോകാവുന്നതാണ്.
ഹ്യുമാനിറ്റീസ് വിഷയങ്ങളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ധാരാളം ഉപരിപഠനസാധ്യതകൾ മുന്നിലുണ്ട്. സാമ്പത്തികശാസ്ത്രം, നിയമം, ലിറ്ററേച്ചർ തുടങ്ങി വിശാല മേഖലകൾ തന്നെ മുന്നിലുണ്ട്. ഇതുവഴി ഏത് മേഖലയിലേക്കും തിരിഞ്ഞുപോകാവുന്നതുമാണ്. ഇന്ന് ഏറെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് കോമേഴ്‌സ്. കൊമേഴ്‌സ് കോമ്പിനേഷനുകൾ തിരഞ്ഞെടുക്കുന്നവർക്ക് ബിസിനസ്, ബേങ്കിംഗ്, അക്കൗണ്ടിംഗ്, കോർപറേറ്റ് തുടങ്ങി വൈവിധ്യ രംഗങ്ങളിൽ കാലെടുത്തുവെക്കാവുന്നതാണ്.
തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിദ്യാഭ്യാസമാണ് വി എച്ച് എസ് ഇ കോഴ്‌സുകൾ നൽകുന്നത്. പ്രിന്റിംഗ് ടെക്‌നോളജി, അഗ്രികൾച്ചർ, സെക്രട്ടേറിയൽ പ്രാക്ടീസ്, ഇലക്ട്രിക്കൽ, സിവിൽ തുടങ്ങി 35 വിവിധ തരം തൊഴിലധിഷ്ഠിത കോഴ്‌സുകൾ ലഭ്യമാണ്.

എൻജിനീയറിംഗിലാണ് താത്പര്യമെങ്കിൽ ത്രിവത്സര ഡിപ്ലോമ നൽകുന്ന പോളിടെക്‌നിക്ക് കോഴ്‌സുകളോ ഐ ടി ഐ കോഴ്‌സുകളോ തിരഞ്ഞെടുക്കാവുന്നതാണ്. സിവിൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ തുടങ്ങി മിക്ക ട്രേഡുകളും കേരളത്തിലെ പോളിടെക്‌നിക്കുകളിൽ ലഭ്യമാണ്. പോളി കോഴ്‌സുകൾ കഴിഞ്ഞാൽ ലാറ്ററൽ എൻട്രി വഴി എൻജിനീയറിംഗിൽ ബി ടെക് നേടുന്നതിനും അവസരമുണ്ട്.

അഭിരുചി തന്നെ പ്രധാനം

ഉപരിപഠന മേഖലകൾ തിരഞ്ഞെടുക്കുമ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മുമ്പേ ഗമിക്കും ഗോക്കൾക്കു പിന്നാലെയെന്നവണ്ണമാകരുത് കോഴ്‌സുകൾ തിരഞ്ഞെടുക്കേണ്ടത്. ഓരോ മേഖലയും കോഴ്‌സുകളും തങ്ങൾക്കിണങ്ങുന്നതാണെന്നോ ഭാവിയിൽ ശോഭിക്കാൻ ആകുമെന്നോ വ്യക്തമായ വിലയിരുത്തലുണ്ടാകണം. കേവല ബിരുദങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഏതു ബിരുദം കൈയിലുണ്ടെന്നതല്ല പ്രധാനം. അതുവഴി എന്ത് തൊഴിൽ നൈപുണി ആർജിച്ചെന്നതാണ് പ്രധാനം. അതിനാൽ തന്നെ ഉപരിപഠന മേഖലയിലേക്കുള്ള ചുവടുവെപ്പ് സൂക്ഷിച്ച് വേണം.

ഡോ. എം അബ്ദുറഹ്മാന്‍

(എം ഡി, സി ആപ്റ്റ്)

എം ഡി, സി ആപ്റ്റ്

Latest