വരൾച്ച; ഉത്പാദനം കുത്തനെ ഇടിയുന്നു

Posted on: April 8, 2019 12:16 pm | Last updated: April 8, 2019 at 12:16 pm

കൊച്ചി: വരൾച്ച രുക്ഷം, സംസ്ഥാനത്ത് കാർഷികോത്പാദനം കുത്തനെ ഇടിയും. പ്രതികൂല കാലാവസ്ഥക്ക് മുന്നിൽ കുരുമുളകും, ഏലക്കയും കാപ്പിയുമെല്ലാം തളരുന്നു. ഏലക്ക ക്ഷാമം വൻ വിലകയറ്റത്തിന് വഴിഒരുക്കി. തോട്ടങ്ങളിൽ കുരുമുളക് മണികൾ വാടി വീഴുന്നു. വേനൽ മഴയും അകന്നത് റബർ ടാപ്പിങിന് പുനരാരംഭിക്കാൻ കാലതാമസം സൃഷ്ടിക്കും. കേരളത്തിൽ സ്വർണ വില താഴ്ന്നു.

കടുത്ത വേനലിന് മുന്നിൽ തളരുകയാണ് കുരുമുളകും ജാതിക്കയും റബറും കാപ്പിയും തേയില തോട്ടങ്ങളും. കാലവർഷത്തിന്റെ വരവിനായി ജൂൺ മധ്യം വരെ കാത്തിരിക്കണം. കാലാവർഷം പതിവിലും ദുർബലമാക്കുമെന്ന സൂചന.

പകൽ ചൂട് താങ്ങാനാവാതെ പലതോട്ടങ്ങളിലും മൂപ്പ് എത്തും മുമ്പേ കുരുമുളക് മണികൾ അടർന്നു വിഴുന്നു. വരൾച്ച മൂലം നിലനിൽപ്പ് ഭീഷണിയിലാണ് കുരുമുളക് തോട്ടങ്ങൾ. കുരുമുളക് ഉൽപാദനം ഈ വർഷം വൻതോതിൽ കുറയുമെന്ന അവസ്ഥ കണക്കിലെടുത്ത് ചരക്ക് വിപണിയിൽ ഇറക്കാതെ സൂക്ഷിക്കുകയാണ് കർഷകർ. ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിൽ നിന്നുള്ള മുളക് നീക്കം കുറവാണ്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5200 ഡോളർ. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 33,000 രൂപ.

സംസ്ഥാനത്ത് വരൾച്ച അത്യന്തം രൂക്ഷമായതോടെ ഹൈറേഞ്ചിലെ ഏലതോട്ടങ്ങൾ രൂക്ഷമായ വരൾച്ചയുടെ പിടിയിലാണ്. ഏലക്ക സീസണിന് ജൂണിൽ തുടക്കം കുറിക്കുമെന്ന് കണക്ക് കൂട്ടിയെങ്കിലും കാലാവസ്ഥ മാറ്റം വിലയിരുത്തിയാൽ ആഗസ്റ്റിലും കാര്യമായി ഏലക്ക ലേലത്തിന് എത്തില്ല. ചെറുകിട കർഷകരുടെ കൈവശം കാര്യമായി ചരക്കില്ല. വൻകിടക്കാർ സീസണിന് കാലതാമസം നേരിടുമെന്ന് മനസിലാക്കി ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് നീക്കം കുറച്ചു. തുടർച്ചയായി നാല് ദിവസം ഏലക്ക കിലോ ഗ്രാമിന് 2000 രൂപയ്ക്ക് മുകളിൽ ലേലം നടന്നു. വലിപ്പം കൂടിയ ഇനങ്ങൾക്കായി കയറ്റുമതിക്കാർ പരക്കം പായുകയാണ്. വേനൽ മഴ ലഭിക്കാഞ്ഞതും കടുത്ത വേനലും കണക്കിലെടുത്താൽ അടുത്ത സീസണിൽ ഏലക്ക ഉലപാദനത്തിൽ 50 ശതമാനം ഇടിവിന് സാധ്യതയുണ്ട്. ഇത് വിലക്കയറ്റം ശക്തമാക്കാം.
വിപണിയിലേക്കുള്ള ചുക്ക് വരവ് കുറഞ്ഞു. എന്നാൽ അതിന് അനുസൃതമായി നിരക്ക് ഉയർന്നില്ല. പിന്നിട്ട വാരം 100 ചാക്ക് ചുക്ക് മാത്രമാണ് വിൽപ്പനയ്ക്ക് വന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും ചുക്കിന് അന്വേഷണങ്ങളുണ്ട്. വിവിധയിനം ചുക്ക് 23,000-26,500 രൂപ.
വെളിച്ചെണ്ണക്ക് പ്രദേശിക ഡിമാണ്ട് ഉയരാഞ്ഞത് മൂലം നാളികേരോൽപ്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. കാലാവസ്ഥ മാറ്റം മൂലം മച്ചിങ്ങ പൊഴിച്ചിൽ വ്യാപകമാണ്. ചെറുകിട വിപണികളിലേയ്ക്കുള്ള പുതിയ കൊപ്ര വരവ് കുറഞ്ഞു. കൊച്ചിയിൽ വെളിച്ചെണ്ണ 14,600 ലും കൊപ്ര 9665 രൂപയിലുമാണ് വാവരാന്ത്യം.

വിലക്കയറ്റം മുന്നിൽ കണ്ട് ഷീറ്റ് സംഭരിച്ച റബർ കർഷകർ പ്രതിസന്ധിലാണ്. റബർ ഷീറ്റ് വില ഉയർത്താതെയാണ് ടയർ നിർമ്മാതാക്കളും ഉത്തരേന്ത്യൻ വ്യവസായികളും ചരക്ക് വാങ്ങുന്നത്. നാലാം രേഗഡ് റബർ വില 12,850 രൂപയിലുമാണ്. വരൾച്ച മൂലം നിർത്തിവെച്ച റബർ ടാപ്പിങ് പുനരാരംഭിക്കാൻ ഇനിയും കാത്തിരിക്കണം. വേനൽ മഴ ലഭ്യമായാലും ഇപ്പോഴത്തെ നിലയ്ക്ക് പുതിയ ഷീറ്റ് ഉടനെ വിപണിയിൽ എത്താൻ ഇടയില്ല.
സ്വർണ വില കയറി ഇറങ്ങി. 23,600 രൂപയിൽ വിൽപ്പനയ്ക്ക് തുടക്കം കുറിച്ച പവൻ 23,720 ലേയ്ക്ക് ഉയർന്നങ്കിലും പിന്നീട് 23,480 രൂപയായി താഴ്ന്നു. വാരാവസാനം നിരക്ക് 23,680 രൂപയിലാണ്. ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 1292 ഡോളർ.