Connect with us

Sports

കപ്പിനരികെ ബാഴ്‌സ

Published

|

Last Updated

ബാഴ്‌സലോണ: അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വലയില്‍ ലൂയിസ് സുവാരസിന്റെ ഗോള്‍ കയറിയപ്പോള്‍ 92453 കാണികളെ ഉള്‍ക്കൊണ്ട നൗകാംപ് സ്റ്റേഡിയം ഉച്ഛത്തില്‍ പാടി – ചാമ്പ്യന്‍സ്…ചാമ്പ്യന്‍സ്..തൊട്ടടുത്ത മിനുട്ടില്‍ ലയണല്‍ മെസിയുടെ ഗോള്‍ വല കുലുക്കിയപ്പോള്‍ ബാഴ്‌സക്ക് ചാമ്പ്യന്‍മാരുടെ എല്ലാ പരിവേഷവും കൈവന്നു.
അത്‌ലറ്റിക്കോ മാഡ്രിഡിന് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ 28ാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട കളിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. എണ്‍പത്തഞ്ചാം മിനുട്ടിലാണ് സുവാരസിന്റെ ഗോള്‍. 86ാം തൊട്ടടുത്ത മിനുട്ടില്‍ മെസിയും ഗോളടിച്ചു.
സ്പാനിഷ് ലാ ലിഗയില്‍ 31 മത്സരങ്ങളില്‍ 73 പോയിന്റ് സ്വന്തമാക്കിയ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 11 പോയിന്റ് മുന്നിലാണിപ്പോള്‍. ലീഗില്‍ ഏഴ് മത്സരങ്ങള്‍ ശേഷിക്കെ ബാഴ്‌സ ഏറെക്കുറെ കിരീടം ഉറപ്പിച്ചു കഴിഞ്ഞു.
ഏഴ് വര്‍ഷത്തിനിടെ അഞ്ചാം ലാ ലിഗ കിരീടമാണ് ബാഴ്‌സയെ കാത്തിരിക്കുന്നത്.ഡിയഗോ കോസ്റ്റ വില്ലനായി മാറിയ കളിയില്‍ അത്‌ലറ്റിക്കോയുടെ ഹീറോ ഗോള്‍ കീപ്പര്‍ യാന്‍ ഒബ്ലക്കായിരുന്നു. ആള്‍ബലം കുറഞ്ഞതോടെ ബാഴ്‌സയില്‍ നിന്ന് തുടരെ ആക്രമണമുണ്ടായി. ഗോളെന്നുറച്ച പല നീക്കങ്ങളും ഷോട്ടുകളും ഒബ്ലാക്കിന് മുന്നിലാണ് വിഫലമായത്. എട്ട് രക്ഷപ്പെടുത്തലുകളാണ് ഒബ്ലാക് നടത്തിയത്.

മെസിയുടെ പാസില്‍ ലെഫ്റ്റ് ബാക്ക് ജോര്‍ഡി അല്‍ബ തൊടുത്തഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു.ഫിലിപ് കുട്ട്ീഞ്ഞോ, മെസി, മാല്‍കം എന്നിവരും ഗോളിയെ പലതവണ പരീക്ഷിച്ചു.
എന്നാല്‍ അഞ്ച് മിനുട്ട് മാത്രം ശേഷിക്കെ സുവാരസ് 25 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് സ്ലൊവേനിയന്‍ ഗോള്‍ കീപ്പറെ കീഴടക്കി (1-0).
രണ്ട് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് മെസിയും ഒബ്ലാക്കിനെ കീഴടക്കി (2-0). ലാ ലിഗയില്‍ മെസിയുടെ മുപ്പത്തിമൂന്നാം ഗോള്‍.

അത്‌ലറ്റിക്കോയുടെ ഏക സുവര്‍ണാവസരം എഴുപത്തഞ്ചാം മിനുട്ടിലായിരുന്നു. റോഡ്രിഗോ ഫ്രീ കിക്ക് ഹെഡ് ചെയ്തതായിരുന്നു അത്.
ഈ വിജയത്തോടെ മെസി ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ മുന്‍ റയല്‍ ഗോളി ഐകര്‍ കസിയസിന്റെ റെക്കോര്‍ഡ് മറികടന്നു. മെസിക്ക് 335 ലാ ലിഗ വിജയങ്ങള്‍.