Connect with us

Sports

ദ്രാവിഡിന് ബാഴ്‌സലോണയില്‍ ഊഷ്മള സ്വീകരണം

Published

|

Last Updated

കൊല്‍ക്കത്ത: നൗകാംപില്‍ ബാഴ്‌സലോണ എഫ് സിയുടെ ആസ്ഥാനത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഇന്ത്യയുടെ അണ്ടര്‍ 19 മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന് ഊഷ്മള വരവേല്‍പ്പ്. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബര്‍ടോമു രാഹുല്‍ ദ്രാവിഡ് എന്നെഴുതിയ ജഴ്‌സി സമ്മാനിച്ചു. ഇതിന്റെ ഫോട്ടോയും വീഡിയോയും ബാഴ്‌സയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബായ ബാഴ്‌സലോണ എഫ് സി സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് ദ്രാവിഡ് പറഞ്ഞു. ബാഴ്‌സലോണ-റയല്‍മാഡ്രിഡ്, ബാഴ്‌സലോണ-അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരങ്ങള്‍ കാണുന്നത് വലിയ അനുഭവമാണ്. മെസിയും സുവാരസും കളിക്കുന്നത് നേരില്‍ കാണുന്നത് ഗംഭീര കാഴ്ചയാണ് – ദ്രാവിഡ് പറഞ്ഞു. ലയണല്‍ മെസി പന്തുമായി മുന്നേറുന്നത് അതിമനോഹരം. എന്നാല്‍, പന്ത് ലഭിക്കാന്‍ വേണ്ടി ഗ്രൗണ്ടില്‍ മെസി പൊസഷന്‍ ചെയ്യുന്നത് വര്‍ണിക്കാനാകാത്ത കാഴ്ചയാണ്. അദ്ദേഹത്തെക്കാള്‍ മികച്ചൊരുതാരം ഇല്ലെന്നാണ് തന്റെ വിശ്വാസമെന്നും ദ്രാവിഡ് പറഞ്ഞു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മത്സരവും ദ്രാവിഡ് കാണും. ക്രിക്കറ്റിനെ കുറിച്ചും ദ്രാവിഡ് നൗകാംപില്‍ സംസാരിച്ചു. ക്രിക്കറ്റ് വ്യത്യസ്തമായൊരു ഗെയിമാണ്. വലിയൊരു ജനക്കൂട്ടം ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നു. ഐ പി എല്ലിലെ അന്തരീക്ഷം ഗംഭീരമാണ്. ഇന്ത്യയില്‍ ക്രിക്കറ്റാണ് നമ്പര്‍ വണ്‍. എന്നാല്‍, ഫുട്‌ബോള്‍ അതിവേഗം മുന്നേറുന്നു. ഐ എസ് എല്‍ ലീഗിന് കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ജനപ്രീതി നേടാനായി- ദ്രാവിഡ് പറഞ്ഞു.

Latest