Connect with us

Kozhikode

പ്രകൃതി ദുരന്തത്തിനിരയായവരിലെ മാനസികാഘാതം ഇല്ലാതാക്കാൻ ഡിസാസ്റ്റർ സൈക്കോ സോഷ്യൽ ടീമൊരുങ്ങുന്നു

Published

|

Last Updated

പ്രകൃതി ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകാൻ സംസ്ഥാനത്ത് ഡിസാസ്റ്റർ സൈക്കോ സോഷ്യൽ ടീമൊരുങ്ങുന്നു. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഉറ്റവർ നഷ്ടപ്പെട്ടവരിലും കെടുതികൾ അനുഭവിച്ചവരിലും വലിയ തോതിലുള്ള മാനസിക പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രൊഫഷനലുകളും വിദ്യാർഥികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്ന സൈക്കോ സോഷ്യൽ ടീം രൂപവത്കരിക്കുന്നത്.
പ്രകൃതി ദുരന്തങ്ങൾ മനസ്സിനെ തളർത്തുമ്പോൾ അവർക്ക് താങ്ങായി നിൽക്കുന്ന സന്നദ്ധ സംഘത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാനത്ത് വിവിധ ക്യാമ്പുകളിലും വീടുകളിലും കൗൺസലിംഗ് ക്ലാസുകൾ നടന്നിരുന്നെങ്കിലും അതിന്റെ തുടർപ്രവർത്തനങ്ങൾ മുന്നോട്ട് പോയിരുന്നില്ല. ഇത് ദുരിത ബാധിതരുടെ മാനസിക പ്രയാസങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് സഹായമായില്ല. ആദ്യ ഘട്ടത്തിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഡിസാസ്റ്റർ സൈക്കോ ടീം രൂപവത്കരിക്കാൻ ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തുടനീളം രണ്ടായിരത്തോളം വളണ്ടിയർമാരെ സൃഷ്ടിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ട്രെയിനർമാർക്കുള്ള പരിശീലന ക്ലാസുകൾ കഴിഞ്ഞ ദിവസം നടന്നു. വിഷാദം, ആത്മഹത്യാ പ്രേരണ, ഉത്കണ്ഠ, മന:ക്ലേശം തുടങ്ങിയ വിവിധ രൂപത്തിലുള്ള അവസ്ഥകളാണ് പ്രകൃതി ദുരന്തങ്ങളെ തുടർന്ന് ഇരയാക്കപ്പെട്ടവരിലുണ്ടാകുക. എന്നാൽ എത്ര പേരിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട് എന്ന് കണ്ടെത്താൻ പര്യാപ്തമായ കണക്കുകൾ സർക്കാറിന്റെ പക്കലില്ല. എങ്കിലും വലിയതോതിലുള്ള മാനസിക പ്രശ്‌നങ്ങളാണ് ദുരന്തമേഖലയിലുള്ളവർ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉത്തരാഖണ്ഡിലെ പ്രകൃതി ദുരന്ത മേഖലയിൽ സൈക്കോളജിസ്റ്റായി പ്രവർത്തനം നടത്തിയ ശ്രീജേഷ് പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഡിസാസ്റ്റർ സൈക്കോ ടീം ഒരുങ്ങുന്നത്. സംസ്ഥാനത്തുടനീളം വളണ്ടിയർ വിഭാഗത്തെ രൂപവത്കരിച്ച ശേഷം സർക്കാർ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രകൃതി ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ രൂപവത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest