Connect with us

Kozhikode

കോഴിക്കോട് മണ്ഡലത്തിൽ സ്ഥാനാർഥിയില്ലാതെ എൻ ഡി എയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

Published

|

Last Updated

കോഴിക്കോട്: ഇരുമുന്നണികളും സ്ഥാനാർഥികളുമായി പ്രചാരണം കൊഴുപ്പിക്കുമ്പോൾ കോഴിക്കോട് മണ്ഡലത്തിൽ സ്ഥാനാർഥിയില്ലാതെ എൻ ഡി എയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പത്ത് ദിവസം പിന്നിടുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ എൻ ഡി എയുടെ സ്ഥാനാർഥി അഡ്വ. കെ പി പ്രകാശ് ബാബു ജയിലിലാണ്. ജയിലറക്കുള്ളിലെ ബി ജെ പി സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടിയാണ് പാർട്ടി പ്രചാരണത്തിനിറങ്ങിയത്.

എൻ ഡി എ ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് സ്ഥാനാർഥിയില്ലാതെ പ്രചാരണം നടക്കുന്നത്. യുവമോർച്ച പ്രവർത്തകരാണ് സ്ഥാനാർഥിക്ക് വേണ്ടി സജീവമായി രംഗത്തുള്ളത്. അതേസമയം സ്ഥാനാർഥിയില്ലാത്തത് പ്രചാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി പാർട്ടിയിൽ തന്നെ ഒരു വിഭാഗം വിലയിരുത്തുന്നു.
ആചാര സംരക്ഷണത്തിനൊരു വോട്ട് നൽകണമെന്നാണ് പാർട്ടി വോട്ടർമാരോട് അഭ്യർഥിക്കുന്നത്. സ്ഥാനാർഥി ജയിലിലായതിനാൽ ഞാനും പ്രകാശ് ബാബുവെന്ന ക്യാമ്പയിൻ നടത്തിയാണ് എൻ ഡി എ വോട്ടർമാരെ കാണുന്നത്.
അതേസമയം കെ പി പ്രകാശ് ബാബു ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. ഇന്ന് ജാമ്യം ലഭിച്ചാൽ തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന് പ്രചാരണം നടത്താൻ അവസരം ലഭിക്കും. ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലാണ് കോഴിക്കോട് എൻ ഡി എ സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വധശ്രമവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രകാശ് ബാബു അടക്കം അഞ്ച് സംഘ്പരിവാർ നേതാക്കൾക്കെതിരെയാണ് കേസ്. കേസിൽ ബി ജെ പി നേതാവ് കെ സുരേന്ദ്രൻ 23 ദിവസത്തെ ജയിൽ വാസത്തിന് ശേഷമായിരുന്നു പുറത്തിറങ്ങിയത്.