Connect with us

Ongoing News

മുസ്ലിംകളെ ഉന്നം വെച്ച് മഹാസഖ്യ റാലി

Published

|

Last Updated

ലക്‌നോ: ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ ഉത്തർ പ്രദേശിൽ എസ് പി- ബി എസ് പി- ആർ എൽ ഡി സഖ്യത്തിന്റെ ആദ്യ സംയുക്ത റാലി. ബി ജെ പിക്കൊപ്പം കോൺഗ്രസിനെയും രൂക്ഷമായി വിമർശിക്കാനാണ് ഇരു പാർട്ടികളുടെയും നേതാക്കൾ അവസരം വിനിയോഗിച്ചത്.

സഹാരൺപൂരിലെ മുസ്്‌ലിം ഭൂരിപക്ഷ നഗരമായ ദയൂബന്ദിലാണ് മഹാസഖ്യം ഇന്നലെ പ്രഥമ റാലി സംഘടിപ്പിച്ചത്. അതുകൊണ്ട് തന്നെ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പ്രചാരണത്തിനാണ് സഖ്യം പ്രാമുഖ്യം നൽകിയതും. ബി ജെ പിയെ നേരിടാൻ കോൺഗ്രസിന് ശക്തി പോരെന്നും അതുകൊണ്ട് വോട്ടുകൾ വിഭജിക്കാതെ നോക്കണമെന്നും ബി എസ് പി മേധാവി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകും. എത്ര ചെറുതോ വലുതോ ആയ കാവൽക്കാരാണെങ്കിലും അവർ ജയിക്കാൻ പോകുന്നില്ലെന്നും, ബി ജെ പിയുടെ ചൗക്കിദാർ പ്രചാരണങ്ങളെ ഉദ്ദേശിച്ച് മായാവതി പരിഹസിച്ചു.
“ഞാൻ പ്രത്യേകിച്ച് മുന്നറിയിപ്പ് നൽകുന്നത് മുസ്്‌ലിം സമൂഹത്തിനാണ്. ഉത്തർ പ്രദേശിൽ ബി ജെ പിയെ നേരിടാൻ മാത്രം ശക്തിയൊന്നും കോൺഗ്രസിനില്ല. മഹാസഖ്യത്തിന് മാത്രമേ ബി ജെ പിയെ നേരിടാൻ കഴിയൂ. കോൺഗ്രസിന് ഇക്കാര്യം അറിയാമെങ്കിലും അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്, “ഞങ്ങൾ ജയിച്ചാലും ഇല്ലെങ്കിലും മഹാസഖ്യം ജയിക്കാൻ പാടില്ല” എന്നാണ്.”- മായാവതി കുറ്റപ്പെടുത്തി.

ഈ മാസം 11ന് പോളിംഗ് ബൂത്തിലെത്തുന്ന പടിഞ്ഞാറൻ യു പിയിലെ സഹാരൺപുർ മണ്ഡലത്തിലാണ് ദയൂബന്ദ. മുസ്‌ലിംകൾക്കൊപ്പം ജാട്ടുകൾക്കും പട്ടിക വിഭാഗങ്ങൾക്കും നിർണായക സ്വാധീനമുള്ള മേഖലയാണിത്. ഈ സാഹചര്യത്തിലാണ് മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിച്ച് ബി ജെ പിയെ പരോക്ഷമായി സഹായിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന മായാവതിയുടെ കുറ്റപ്പെടുത്തൽ. ദരിദ്രരെ കബളിപ്പിക്കുന്ന കോൺഗ്രസിന്റെ പതിവ് പരിപാടിയാണ് ന്യായ് പദ്ധതി. 6,000 രൂപക്ക് പകരം സർക്കാർ- സ്വകാര്യ മേഖലകളിൽ തൊഴിലാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കോൺഗ്രസും ബി ജെ പിയും പാവങ്ങളെ ഓർക്കുന്നതെന്നും അവർ വിമർശിച്ചു. തിരഞ്ഞെടുപ്പ് അടുത്താൽ ചിലർ ആരാധനാലയങ്ങൾ കയറിയിറങ്ങുകയും ഗംഗാ യാത്ര നടത്തുകയും ചെയ്യുമെന്നും രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഉന്നം വെച്ച് പരിഹസിക്കാനും അവർ തയ്യാറായി.

ബി ജെ പിയെ തോൽപ്പിക്കാനോ തിരഞ്ഞെടുപ്പ് ജയിക്കാനോ അല്ല, പാർട്ടി വളർത്താനും സംസ്ഥാനം ഭരിക്കാനും മാത്രമാണ് കോൺഗ്രസ് ശ്രമമെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. മോദിയുടെ വ്യാജ വാഗ്ദാനങ്ങൾ ജനം തള്ളുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെയും ബി ജെ പിയുടെയും നയങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും ഇരു പാർട്ടികളും തമ്മിൽ വ്യത്യാസമില്ലെന്ന്. കോളനി ഭരണ കാലത്ത് ബ്രിട്ടീഷുകാരുണ്ടാക്കിയ സമൂഹിക വിഭജനത്തെക്കാൾ രൂക്ഷമാണ് ഇപ്പോൾ എൻ ഡി എ സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ തവണ ചായവിൽപ്പനക്കാരനായെത്തിയ മോദി വാഗ്ദാനം ചെയ്ത “നല്ല ദിനങ്ങളിൽ” പലരും ആകൃഷ്ടരായി. വീണ്ടും തിരഞ്ഞെടുപ്പെത്തുന്പോൾ താൻ കാവൽക്കാരനാണെന്നാണ് മോദി പറയുന്നതെന്നും അഖിലേഷ് പരിഹസിച്ചു.
മോദി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങൾ ലഭിച്ചത് അദ്ദേഹത്തിന് മാത്രമാണെന്ന് റാലിയിൽ തുടർന്ന് സംസാരിച്ച ആർ എൽ ഡി നേതാവ് അജിത് സിംഗ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ മോദി ഭരണം തൂത്തെറിയപ്പെടുമെന്നതിനുള്ള സൂചനയാണ് മഹാസഖ്യത്തിന്റെ റാലിയെന്നും അജിത് സിംഗ് കൂട്ടിച്ചേർത്തു.

---- facebook comment plugin here -----

Latest