പാലായില്‍ വിനോദ യാത്രാ സംഘത്തിന്റെ കാര്‍ കടയിലേക്ക് ഇടിച്ചു കയറി; അഞ്ച് പേര്‍ മരിച്ചു

Posted on: April 7, 2019 7:55 pm | Last updated: April 8, 2019 at 10:14 am

പാലാ: പാലാ-തൊടുപുഴ റൂട്ടില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ മരിച്ചു. കടനാട് സ്വദേശികളായ വിഷ്ണുരാജ്(27), ജോബിന്‍ കെ ജോര്‍ജ്(28)പ്രമോദ് സോമന്‍(27), ഉല്ലാസ് , സുധി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ പ്രഭാത് മലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.മാനത്തൂര്‍ പള്ളിക്ക് സമീപമാണ് അപകടം. വയനാട്ടില്‍ വിനോദയാത്ര പോയ ശേഷം തിരിച്ചുവരികയായിരുന്നു കാറിലുള്ളവര്‍. ആറ് പേരാണ് കാറിലുണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേര്‍ കാറില്‍നിന്നും പുറത്തേക്ക് തെറിച്ചുവീണു. കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. അമിത വേഗമാണ് അപകട കാരണമെന്നാണ് അറിയുന്നത്. പാല ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. അപകടത്തില്‍ കാറും വീടിനോട് ചേര്‍ന്നുള്ള കടയും പൂര്‍ണമായും തകര്‍ന്നു. അവധി ദിവസമായതിനാലും കടയുടെ മുന്നില്‍ ആളില്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.