Connect with us

Kerala

കിഫ്ബി മസാലബോണ്ട്: വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

Published

|

Last Updated

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് പൊതു വിപണിയില്‍ ഇറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനു ക്ഷണം. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മേയ് 17ന് നടക്കുന്ന ചടങ്ങിലേക്കാണ് പിണറായിയെ ക്ഷണിച്ചിട്ടുള്ളത്. ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടും. അനുമതി ലഭിച്ചാല്‍ ഇങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രിയാവും പിണറായി വിജയന്‍.
ഏതെങ്കിലും ഒരു സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ട് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടുന്നത് ഇതാദ്യമാണ്.

അതിനിടെ, കിഫ്ബിയുടെ മസാല ബോണ്ട് ആര് വാങ്ങിയെന്ന വിഷയത്തില്‍ മുഖ്യമന്ത്രി നിശ്ശബ്ദത പാലിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലാവ്‌ലിന്‍ കമ്പനിയുമായി സി ഡി പി ക്യുവിന് ബന്ധമില്ലെന്ന വാദം പൊളിഞ്ഞിരിക്കുകയാണ്. 2150 കോടി രൂപയുടെ ബോണ്ട് ആര് വാങ്ങിയെന്ന് വെളിപ്പെടുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്.

കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി എസ് അച്യുതാനന്ദന്‍ എഴുതി നല്‍കിയ കമ്പനിയാണ് മസാല ബോണ്ട് വാങ്ങിച്ചിട്ടുള്ളതെന്നും ചെന്നിത്തല ആരോപിച്ചു. ഇത്തരമൊരു കമ്പനിക്കു ബോണ്ട് വിറ്റതില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രതിസ്ഥാനത്താണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Latest