Connect with us

Ongoing News

ടിക് ടോക്കിന് കൂച്ചുവിലങ്ങ്?

Published

|

Last Updated

പോണോഗ്രാഫി പ്രചരിപ്പിക്കുന്നതിന് ജനപ്രിയ ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നത് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാറിന് ഇടക്കാല നിർദേശം നൽകിയിരിക്കുകയാണ്. ടിക് ടോക് അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നുവെന്നും ഇന്ത്യൻ സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ആത്മഹത്യ അടക്കം ഗൗരവമായ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ മുത്തുകുമാർ നൽകിയ ഹരജിയിലാണ് ഉത്തരവ്. ടിക് ടോക് വീഡിയോകൾ സംപ്രേഷണം ചെയ്യരുതെന്ന് മാധ്യമങ്ങൾക്കും നിർദേശമുണ്ട്.

ടിക് ടോക് ഉപയോഗിക്കുന്ന കുട്ടികൾ ലൈംഗിക ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് എൻ കൃഭാകരൻ, എസ് എസ് സുന്ദർ എന്നിവരടങ്ങുന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് ചൂണ്ടിക്കാട്ടിയത്. കുട്ടികൾ സൈബർ ആക്രമണത്തിന് ഇരയാകുന്നത് തടയാൻ അമേരിക്കയിൽ നടപ്പാക്കിയ “ചിൽഡ്രൺ ഓൺലൈൻ പ്രൈവസി ആക്ട്” പോലെ നിയമം കൊണ്ടുവരുന്നതിൽ ഏപ്രിൽ 16ന് മുമ്പ് മറുപടി നൽകാനും കേന്ദ്രത്തിന് നൽകിയ നിർദേശത്തിലുണ്ട്. ബ്ലൂവെയിൽ ഗെയിം പോലുള്ളവ യുവാക്കളുടെ ആത്മഹത്യക്ക് തന്നെ കാരണമായിട്ടും ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ടിക് ടോക്കിൽ പ്രചരിക്കുന്ന അനുചിത ഉള്ളടക്കങ്ങളുടെ അപകടത്തെ കുറിച്ച് പറഞ്ഞ കോടതി, കുട്ടികൾ പരിചയമില്ലാത്തവരുമായി നേരിട്ട് ഇടപെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി. ടിക് ടോക് നിരോധിക്കാൻ കേന്ദ്ര സർക്കാറിന്റെ സഹായം ആവശ്യപ്പെടുമെന്ന് തമിഴ്നാട് ഐ ടി മന്ത്രി എം മണികണ്ഠൻ അറിയിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് കോടതി ഉത്തരവ്. ചെറിയ വീഡിയോകൾ നിർമിക്കാനായി കുട്ടികളടക്കമുള്ളവർ ഉപയോഗിക്കുന്ന ടിക് ടോകിന് ഇന്ത്യയിൽ 10 കോടിയിലധികം ഫോളോവേഴ്സുണ്ട്. ഉത്തരവിന്റെ വിധി പകർപ്പ് ലഭിച്ചാലുടൻ വേണ്ട നടപടികളെടുക്കുമെന്ന് ടിക് ടോക് വക്താവ് പ്രതികരിച്ചിട്ടുണ്ട്.

Latest