ശബ്ദമുഖരിതമായ ദശാബ്ദം

ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ ചൊല്ലിയുള്ള പര്യാലോചനകൾ ധൈഷണിക മണ്ഡലങ്ങളിൽ സജീവമായ സാഹചര്യത്തിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കെ, ഒരാവർത്തി വായിക്കേണ്ടതാണ് പ്രണാബ് മുഖർജിയുടെ ഇന്ദിരാ നാളുകളുടെ ഈ പുസ്തകം. പൗരന്മാരുടെ ജീവൽപ്രശ്‌നങ്ങളെ മുഖവിലക്കെടുക്കുന്നതും ജനാഭിലാഷങ്ങളുടെ സംരക്ഷണം സാധ്യമാക്കേണ്ടതുമായ നവ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിൽ ജാഗ്രതയുടെയും കരുതലിന്റെയും പാഠം തുറന്നുവെക്കുന്നുണ്ട് ഈ രചന.
അതിഥി വായന- "ദി ഡ്രാമറ്റിക് ഡികേഡ്, ദി ഇന്ദിരാ ഗാന്ധി ഇയേഴ്‌സ്' പ്രണാബ് മുഖർജി
Posted on: April 7, 2019 2:51 pm | Last updated: April 7, 2019 at 2:53 pm
ഇന്ദിരാ ഗാന്ധിയും പ്രണാബ് മുഖർജിയും

“തിങ്ങിനിറഞ്ഞ കോടതിമുറി. ഇന്ദിരാ ഗാന്ധി പ്രതിക്കൂട്ടിൽ നിൽക്കുന്നു. ഒരു ശാന്തിനികേതൻ ബാഗ് തോളിൽ തൂക്കിയിട്ടിരുന്ന അവർ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അടുത്തെത്തിയ എന്നെ കണ്ടെത്തി. ശക്തയായിരുന്ന അവർ ഒരു നിമിഷം ദുർബലയായി തോന്നിച്ചു അപ്പോൾ. നിങ്ങൾക്ക് എങ്ങനെ ഇവിടെ എത്താൻ സാധിച്ചു എന്ന് അവർ ചോദിച്ചു. സംഭവിച്ചതെല്ലാം അവരോട് ഞാൻ ചുരുക്കിപ്പറഞ്ഞു.’
അടിയന്തരാവസ്ഥയെ തുടർന്ന് അധികാരത്തിലെത്തിയ ജനതാ സർക്കാർ ഇന്ദിരാ ഗാന്ധിക്കെതിരെ ജനരോഷം ഇളക്കിവിടുന്നതിന്റെ നേതൃത്വം ഏറ്റെടുത്തതിനെ തുടർന്ന്, 1977 ഒക്ടോബർ മൂന്നിന്, 12 വെല്ലിംഗ്ടൺ ക്രസന്റിലെ വസതിയിൽ നിന്ന് അവരെ സി ബി ഐ അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് കോടതിയിലെത്തിയ പ്രണാബ് മുഖർജി, അവരെ കാണുന്ന വേളയാണ് മുകളിൽ വിശദീകരിച്ചത്. മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തെ സ്വാധീനിച്ച നിർണായക സംഭവവികാസങ്ങളെ അടുത്തുനിന്ന് നോക്കിക്കണ്ടവരുടെ പറച്ചിലുകൾക്ക് അനുഭവങ്ങളുടെ തെളിവുണ്ടാകുക സ്വാഭാവികം. ജർമനിയിൽ ഹിറ്റ്‌ലറുടെ നാസി തടങ്കൽപാളയങ്ങളെ അതിജീവിച്ച മനുഷ്യരുടെ പിൽക്കാല ആഖ്യാനങ്ങളിൽ പലതിനും രണ്ടാം ലോക മഹായുദ്ധകാലത്തെ നാസിസ്റ്റ് ജർമനിയുടെ രൗദ്രമുഖത്തെ യഥാവിധം ആവിഷ്‌കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് നേരനുഭവങ്ങളുടെ വെള്ളം ചേർക്കാത്ത കഥാകഥനം വഴി സാധ്യമായതാണ്.

“ദി ഡ്രാമറ്റിക് ഡികേഡ്, ദി ഇന്ദിരാ ഗാന്ധി ഇയേഴ്‌സ്’ പ്രണാബ് മുഖർജി

സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇരുണ്ട നാളുകളിലൂടെ കടന്നുപോയ ഒരു ഘട്ടമായിരുന്നു 1975 ജൂൺ 25ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ സംഭവിച്ചത്. പൗരന്റെ പ്രഥമഗണനീയമായ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെടുകയും ജനങ്ങളിൽ അരക്ഷിതബോധം വളരുകയും ചെയ്ത മോശം ദിനങ്ങൾ. ഭരണകൂടം മർദനകൂടമായി പരിണമിക്കുകയും എതിർചേരിയിലെ രാഷ്ട്രീയ പ്രവർത്തകർ കാരാഗൃഹങ്ങളിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. കോൺഗ്രസ് രാഷ്ട്രീയത്തിലെ ധൈഷണിക മുഖമായും ഇന്ദിരയുടെ അടുപ്പക്കാരിലൊരാളായും അടിയന്തരാവസ്ഥയുടെ നാളുകളിൽ സജീവമായി രംഗത്തുണ്ടായിരുന്ന പ്രണാബ് മുഖർജി, പലതുകൊണ്ടും രാജ്യത്തിന്റെ സഞ്ചാരഗതി മാറ്റിയ ഒരു പതിറ്റാണ്ടിനെ വിശകലനവിധേയമാക്കുകയാണ് “ദി ഡ്രാമറ്റിക് ഡികേഡ്, ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ്’ എന്ന പുസ്തകത്തിലൂടെ.

ജയപ്രകാശ് നാരായൺ

പാക്കിസ്ഥാനിൽ നിന്ന് വേർപ്പെട്ട് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യത്തിന്റെ പിറവിക്കായുള്ള രക്തരൂക്ഷിത പോരാട്ടം, തുടർന്നുണ്ടായ ഇന്ത്യ- പാക് യുദ്ധം, അടിയന്തരാവസ്ഥയിലേക്ക് നയിച്ച സംഭവവികാസങ്ങൾ, അടിയന്തരാവസ്ഥാനന്തര രാഷ്ട്രീയവും ഇന്ത്യയിലെ കൂട്ടുകക്ഷി ഭരണത്തിന്റെ ആരംഭവും തുടങ്ങി എഴുപതുകളെ പിടിച്ചുകുലുക്കിയ സംഭവങ്ങളെ നായകക്കൂട്ടത്തിൽ നിന്ന് കണ്ടെത്തുകയാണ് പ്രണാബ് ഝാ. പന്ത്രണ്ട് അധ്യായങ്ങളിലായി ക്രമീകരിച്ച ഉള്ളടക്കത്തിന് തന്റെ ദൈനംദിന ഡയറി രേഖകളെയും ചരിത്ര വസ്തുതകളെയുമാണ് അദ്ദേഹം അവലംബിച്ചത്. ഗ്രന്ഥകാരന്റെ ഇന്ദിരാചായ്‌വ് കാണാമെങ്കിലും വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
റായ്ബറേലിയിലെ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയാനന്തരം ജുഡീഷ്യറിയെ കൂച്ചുവിലങ്ങിടാൻ എക്‌സിക്യൂട്ടീവ് നടത്തിയ ശ്രമങ്ങൾ പൂർവാധികം ശക്തമായി. ഹൈക്കോടതി ജഡ്ജിമാർ പ്രതികാര നടപടികൾക്കിരയായി. കൂട്ട സ്ഥലംമാറ്റം തന്നെ നടന്നു. ഒരേ ദിവസം 16 ഹൈക്കോടതി ജഡ്ജിമാർ വരെ സ്ഥലം മാറ്റപ്പെടുന്ന സാഹചര്യം സംജാതമായി. നീതിന്യായ സംവിധാനത്തിലാകെ വലിയ ആശയക്കുഴപ്പം ഉരുണ്ടുകൂടി. നീതിപീഠത്തെ കഴുമരത്തിലേറ്റാൻ നടത്തിയ ശ്രമങ്ങളാണ് അടിയന്തരാവസ്ഥയെ കൂടുതൽ വിമർശനവിധേയമാക്കിയതെന്ന് പിന്നീട് പലരും നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ, അടിയന്തരാവസ്ഥയെ അതിന് മുമ്പ് ഇന്ദിരാ ഗാന്ധി നടപ്പിലാക്കിയ ഗുണോന്മുഖ സാമ്പത്തിക പരിഷ്‌കരണങ്ങളോടൊപ്പം വായിക്കുന്ന പ്രണാബ്, കഴിഞ്ഞുപോയ ഇരുളടഞ്ഞ നാളുകൾക്ക് കോൺഗ്രസും ഇന്ദിരാജിയും വലിയ വില കൊടുക്കേണ്ടിവന്നെന്ന് സമ്മതിക്കുന്നുണ്ട്.

അടിയന്തരാവസ്ഥയെ അതിന് മുമ്പ് ഇന്ദിരാ ഗാന്ധി നടപ്പിലാക്കിയ ഗുണോന്മുഖ സാമ്പത്തിക പരിഷ്‌കരണങ്ങളോടൊപ്പം വായിക്കുന്ന പ്രണാബ്, കഴിഞ്ഞുപോയ ഇരുളടഞ്ഞ നാളുകൾക്ക് കോൺഗ്രസും ഇന്ദിരാജിയും വലിയ വില കൊടുക്കേണ്ടിവന്നെന്ന് സമ്മതിക്കുന്നുണ്ട്. ഒരു തരത്തിലുള്ള പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങളും നടക്കാതിരുന്ന ജനാധിപത്യത്തിന്റെ അഭിശപ്ത ദശാ സന്ധിയിലും ഇന്ത്യ ജയിക്കുകയും ഇന്ദിര തോൽക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനെ കുറിച്ചുള്ള പുതിയ വിചാരങ്ങളിൽ നമുക്ക് പ്രതീക്ഷ നൽകുന്നതും അക്കാര്യം തന്നെയാണ്.

അടിയന്തരാവസ്ഥക്കൊടുവിൽ 1977 ജനുവരി 18ന് ഇന്ദിരാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം അപ്പോൾ ജയിലിലായിരുന്നു എന്ന് മാത്രമല്ല, ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളും നിലവിലില്ലായിരുന്നു. ഒരു തരത്തിലുള്ള പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങളും നടക്കാതിരുന്ന ജനാധിപത്യത്തിന്റെ അഭിശപ്ത ദശാ സന്ധിയിലും ഇന്ത്യ ജയിക്കുകയും ഇന്ദിര തോൽക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനെ കുറിച്ചുള്ള പുതിയ വിചാരങ്ങളിൽ നമുക്ക് പ്രതീക്ഷ നൽകുന്നതും അക്കാര്യം തന്നെയാണ്.

കിഴക്കൻ പാക്കിസ്ഥാനെ മോചിപ്പിച്ച് ബംഗ്ലാദേശ് സ്ഥാപിക്കുന്നതിനായുള്ള രക്തരൂക്ഷിത പോരാട്ടം നടന്നു. ഹതാശരായ ആയിരങ്ങൾ അഭയാർഥികളായി പശ്ചിമ ബംഗാൾ, അസാം, ത്രിപുര, മേഘാലയ തുടങ്ങിയ ഇടങ്ങളിലേക്ക് അതിർത്തി കടന്നെത്തി. അവർക്ക് മുന്നിൽ രാജ്യാതിർത്തി മലർക്കെ തുറന്നിട്ട ഇന്ദിര, നെഹ്‌റുവിന്റെ വിശാല ലോകവീക്ഷണം രൂപപ്പെടുത്തിയ മനുഷ്യത്വപൂർണമായ സമീപനത്തിന്റെ തുടർച്ചയാകുകയായിരുന്നു അപ്പോൾ. മാത്രമല്ല, അയൽരാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് ഇന്ത്യയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും തദ്വിഷയികമായി പാർലിമെന്റിൽ പ്രമേയം പാസ്സാക്കുകയും ചെയ്തു. പൗരത്വ ഭേദഗതി ബില്ലിന്റെ മറവിൽ വിശാല മാനവിക കാഴ്ചപ്പാടുകൾക്ക് കടകവിരുദ്ധമായ മാനദണ്ഡം വെച്ച് ഭരണകൂടം ലക്ഷങ്ങളെ പുറന്തള്ളാനൊരുങ്ങുമ്പോൾ ഇതോർക്കുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. ബംഗ്ലാദേശിന്റെ പിറവിയും ഇന്ത്യ- പാക് യുദ്ധത്തിൽ ഇന്ത്യ ജയിച്ചതും ഇന്ദിരയുടെ നേതൃകരുത്തിലും നയതന്ത്രത്തിലുമായിരുന്നു.

രാജ്യത്തിന്റെ മതനിരപേക്ഷ മനസ്സിനെ നെടുകെ പിളർത്തി ന്യൂനപക്ഷങ്ങളെ കൂടുതൽ അപരവത്കരിച്ച് അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ മോദി ഭരണകൂടം എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയും അതിനുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്നതും ചരിത്രഗതിയെ മാറ്റിമറിച്ച് പൂർവഗാമികളെ വിലക്കെടുക്കുന്നതും നിർബാധം തുടരുകയും ചെയ്യുന്ന ഇന്ത്യയിൽ സംഘപരിവാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന നുണകളിലൊന്നിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട് പുസ്തകത്തിൽ പ്രണാബ് മുഖർജി. ജനസംഘത്തിന്റെ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ അനുസ്മരിച്ചും റോഡുകൾക്കും പദ്ധതികൾക്കും നാമകരണം നൽകിയും കൊട്ടിഘോഷിക്കുന്നവർ വിഭജനത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും കെട്ടിവെക്കാൻ കണ്ട ഗാത്രം നെഹ്‌റുവിന്റെതും കോൺഗ്രസിന്റെതുമാണ്. എന്നാൽ, ശ്യാമപ്രസാദ് മുഖർജി വിഭജനത്തിന്റെ ശക്തനായ വാക്താവായിരുന്നെന്ന് പ്രണാബ് അടിവരയിടുന്നു.
ഇന്ദിരയുടെ ജനസ്വാധീനം വിസ്മയാവഹമായിരുന്നു. അടിയന്തരാവസ്ഥക്കൊടുവിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടെങ്കിലും ഇന്ദിരയുടെ ജനപ്രീതിക്ക് കാര്യമായ ഉടവ് തട്ടിയില്ലെന്ന് അവരുടെ രണ്ടാം വരവ് ഓർമപ്പെടുത്തുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കിയ ക്ഷേമപദ്ധതികൾ ഇന്ദിരയെ താഴെതട്ടിലുള്ള ജനവിഭാഗങ്ങളുടെ ഇഷ്ടപാത്രമാക്കി എന്നത് നേരാണ്. നെഹ്‌റുവിന്റെ സുഹൃത്തും ഉയർന്ന രാഷ്ട്രീയ ബോധം കാത്തുസൂക്ഷിച്ച ആളുമായ ജയപ്രകാശ് നാരായൺ അടിയന്തരാവസ്ഥാകാലത്ത് പ്രതിപക്ഷ നിരയുടെ തലപ്പത്ത് അവരോധിതനായി എന്നാലോചിക്കുമ്പോഴും ഇന്ദിരയോട് ഏറ്റുമുട്ടാൻ വലിയ തല വേണമെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിലെന്ന് കണ്ടെത്താൻ സാധിക്കും. അത്രത്തോളം ക്രൗഡ് പുള്ളറായ നെഹ്‌റുപുത്രിയെ, ജെ പിയെ മുൻനിർത്തി തളക്കാമെന്നായിരുന്നു ജനതാപാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യം.
1978 നവംബറിൽ ഉപതിരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങി. പാർലിമെന്റിലേക്കുള്ള ഇന്ദിരയുടെ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചു. കർണാടകയിലെ ചിക്കബല്ലാപുരയിൽ നിന്നോ ബെംഗളൂരു സൗത്തിൽ നിന്നോ ഇന്ദിര മത്സരിക്കട്ടേയെന്ന നിർദേശം കർണാടകയിലെ ചില കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവെച്ചു. അതിനവർ സന്നദ്ധയല്ലായിരുന്നു. എന്നാൽ, കർണാടകയിലെ തന്നെ ചിക്മംഗളൂരിൽ നിന്ന് ഇന്ദിര ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കാര്യം ചോർന്നുപോകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ പ്രണാബ് എടുത്തു. തിരഞ്ഞെടുപ്പിന് ഗോദയുണർന്നപ്പോൾ ഇന്ദിര മത്സരിക്കുന്നു എന്ന വാർത്ത ജനതാ പാർട്ടിയിൽ വലിയ അമ്പരപ്പുണ്ടാക്കി. ഒപ്പം മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ തിരിച്ചുവരവ് തടയണമെന്നുണ്ടായിരുന്നെങ്കിലും ശക്തനായ എതിരാളിയെ കണ്ടെത്താൻ സാധിക്കാതെ വന്നു. ഇന്ദിരാ തരംഗം അപ്പോഴും പൂർണമായും അസ്തമിച്ചിട്ടില്ലെന്ന ബോധ്യം ജനതാപാർട്ടിക്കും ഇതര പ്രതിപക്ഷ പാർട്ടികൾക്കുമുണ്ടായിരുന്നു. വിചാരിച്ചതുപോലെ വലിയ ഭൂരിപക്ഷത്തിൽ വീണ്ടും അവർ ലോക്‌സഭ കാണുകയും ചെയ്തു.

ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ ചൊല്ലിയുള്ള പര്യാലോചനകൾ ധൈഷണിക മണ്ഡലങ്ങളിൽ സജീവമായ സാഹചര്യത്തിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കെ, ഒരാവർത്തി വായിക്കേണ്ടതാണ് പ്രണാബ് മുഖർജിയുടെ ഇന്ദിരാ നാളുകളുടെ ഈ പുസ്തകം. പൗരന്മാരുടെ ജീവൽപ്രശ്‌നങ്ങളെ മുഖവിലക്കെടുക്കുന്നതും ജനാഭിലാഷങ്ങളുടെ സംരക്ഷണം സാധ്യമാക്കേണ്ടതുമായ നവ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിൽ ജാഗ്രതയുടെയും കരുതലിന്റെയും പാഠം തുറന്നുവെക്കുന്നുണ്ട് ഈ രചന. മുന്നൂറിലധികം പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചത് ഡൽഹിയിലെ രൂപ പബ്ലിക്കേഷനാണ്. വില 595 രൂപ.
.