Connect with us

Techno

അഴീക്കോടിന്റെ ബൈജൂസ്

Published

|

Last Updated

കണ്ണൂരിലെ അഴീക്കോടുള്ള ബൈജു രവീന്ദ്രനെന്ന പേര് അധികമാരും അറിഞ്ഞു കൊള്ളണമെന്നില്ല. എന്നാൽ “ബൈജൂസ്” കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശങ്ങളിൽ വരെ ഹിറ്റാകുകയാണ്. ബൈജു രവീന്ദ്രൻ ഇന്ന് ഇന്ത്യയിലെ എജ്യുക്കേഷൻ ടെക്‌നോളജി മേഖലയിലെ തിളങ്ങുന്ന പേരാണ്. ഇദ്ദേഹം സ്ഥാപിച്ച “ബൈജൂസ്” ലോകത്തെ ഏറ്റവും മൂല്യമുള്ള എജ്യുടെക് കമ്പനിയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്, ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നത്. ഇന്റർനെറ്റ് കമ്പനിയായ ജനറൽ അറ്റ്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം ലഭിച്ചതോടെയാണിത്. രാജ്യത്ത് ഏറ്റവും മൂല്യമുള്ള നാലാമത്തെ സ്വകാര്യ ഇന്റർനെറ്റ് അധിഷ്ഠിത കമ്പനിയായും ബൈജൂസ് മാറി. ഫളിഌപ്കാർട്ടാണ് ഒന്നാം സ്ഥാനത്ത്. ആഗോള ഇന്റർനെറ്റ്, എന്റർടെയ്ൻമെന്റ് കമ്പനിയും പ്രമുഖ ടെക്‌നോളജി നിക്ഷേപകരുമായ നാസ്‌പേഴ്‌സും കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡും (സി പി പി ഐ ബി) ചേർന്ന് കമ്പനിയിൽ 54 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയപ്പോൾ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ സ്റ്റാർട്ടപ്പായി ബൈജൂസ് മാസങ്ങൾക്ക് മുമ്പ് മാറിയിരുന്നു. ഫേസ്ബുക്ക് ഏഷ്യയിൽ ആദ്യമായി നിക്ഷേപം നടത്തിയ സംരംഭം എന്ന നിലയിലും ബൈജൂസ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

അങ്ങനെ ഒരു അവധിക്കാലത്ത്..

2015ലാണ് ബൈജൂസ് ലേണിംഗ് ആപ്പിന് ബൈജു രവീന്ദ്രൻ തുടക്കമിടുന്നത്. ഇപ്പോൾ നാല് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ആപ്പിലൂടെ ശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിൽ പഠന സഹായം നൽകുന്നു. ഇന്ത്യയിലെ എജ്യുക്കേഷൻ ടെക്‌നോളജി മേഖലയിൽ ഏറ്റവുമധികം മൂലധന സമാഹരണം നടത്തുന്ന സ്റ്റാർട്ട് അപ് സംരംഭമാണിത്. അധ്യാപകരുടെ മകനായി ജനിച്ച്, സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ചാണ് അദ്ദേഹം ഇന്ന് രാജ്യമറിയുന്ന സംരംഭകനായി ഉയർന്നത്. ചെറുപ്പം മുതൽ തന്നെ സ്‌പോർട്‌സിലും ബൈജുവിന് താത്പര്യം ഏറെയായിരുന്നു. മകനെ കളിക്കളത്തിലേക്ക് വിടാൻ ആ മാതാപിതാക്കൾക്കും ഇഷ്ടമായിരുന്നു. യൂനിവേഴ്‌സിറ്റി തലത്തിൽ ക്രിക്കറ്റും ഫുട്‌ബോളും ബാഡ്മിന്റനുമടക്കം ആറ് കായിക ഇനങ്ങളിലാണ് പങ്കെടുത്തതെന്ന് ബൈജു അഭിമാനപൂർവം പറയുന്നു. സ്‌കൂൾ, കോളജ് പഠനത്തിന് ശേഷം എൻജിനീയറായ ബൈജു, ഐ ടി മേഖലയിൽ വിദേശത്തടക്കം ജോലി ചെയ്തു. 2003ൽ ബെംഗളൂരുവിലെ ഒരു അവധിക്കാലത്ത് സുഹൃത്തുകൾക്ക് നൽകിയ പരിശീലനക്കളരിയാണ് ബൈജുവിന്റെ ലോകം മാറ്റിമറിച്ചത്. CAT പരീക്ഷക്ക് വേണ്ടി തന്റെ ചില സുഹൃത്തുക്കളെ പരിശീലിപ്പിച്ചപ്പോൾ അവർക്കെല്ലാം മികച്ച വിജയം ലഭിച്ചു. ബൈജു ആ പരീക്ഷ വെറുതെ എഴുതിയപ്പോൾ 100 ശതമാനം മാർക്കും നേടാനായി. വീണ്ടും തന്റെ ജോലിയിൽ വ്യാപൃതനായ ബൈജു രണ്ട് വർഷത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ സുഹൃത്തുക്കളെ പരിശീലിപ്പിക്കുന്നത് തുടർന്നു. അധ്യാപനത്തെ കുറിച്ച് നല്ല അഭിപ്രായമാണ് ബൈജുവിന് ലഭിച്ചത്. മാതാപിതാക്കളുടെ അധ്യാപന മേഖലയിലേക്ക് തന്നെ കാലെടുത്ത് വെക്കാൻ ബൈജുവിനെ പ്രചോദിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. ഈ മേഖലയെ വളരെ ഗൗരവമായി സമീപിച്ച ബൈജു ജോലി രാജിവെച്ചു.

വേണ്ടത് വിഷയത്തെ
മനസ്സിലാക്കൽ

ബൈജു പരിശീലിപ്പിക്കുന്ന കുട്ടികൾക്ക് എങ്ങനെയാണ് നല്ല മാർക്ക് വാങ്ങാൻ കഴിയുന്നത് എന്നത് ഒരു ചോദ്യമാണ്. പോയ വർഷത്തെ ചോദ്യപേപ്പർ ചെയ്തതു കൊണ്ടോ ഷോർട്ട്കട്ടുകൾ കൊണ്ടോ അല്ല. മറിച്ച് ചോദ്യത്തിൽ ഉന്നയിച്ച വിഷയത്തെ മനസ്സിലാക്കുന്നത് കൊണ്ടാണ് വിദ്യാർഥികൾക്ക് ഉത്തരത്തിലേക്ക് സ്വാഭാവികമായി ചെന്നെത്താൻ കഴിയുന്നതെന്നാണ് ബൈജുവിന്റെ അനുഭവം. എൻട്രൻസ് പരീക്ഷക്കായുള്ള പരിശീലം നൽകിയതിൽ നിന്ന് ബൈജുവിന് ഒരു കാര്യം മനസ്സിലായി, വിഷയങ്ങളിൽ അടിസ്ഥാന വിവരം ഇല്ലാതെയാണ് പലരും ഇത്തരം പരീക്ഷകൾ എഴുതുന്നത്വി. വിവിധ തരം എൻട്രൻസ് പരീക്ഷകൾക്കായി തയ്യാറാക്കിയ മെറ്റീരിയൽ ഇൻസ്റ്റാൾ ചെയ്ത ടാബ് കുട്ടികൾക്ക് നൽകിയിരുന്ന ബൈജു, മൊബൈൽ സാങ്കേതിക വിദ്യയിൽ വന്ന കുതിച്ചു ചാട്ടത്തിന്റെ കാലത്താണ് മൊബൈൽ സൗഹൃദ ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്. 2015ലാണ് മൊബൈൽ ആപ്പിലൂടെ ക്ലാസ് ലഭ്യമാക്കാൻ തുടങ്ങിയത്. നിലവിൽ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളാണ് ബൈജൂസ് മൊബൈൽ ആപ്പിലൂടെ പഠിപ്പിക്കുന്നത്. ഇതിനുപുറമെ, എൻട്രൻസ് പരീക്ഷകൾക്കുള്ള പരിശീലനവും നൽകുന്നു.

ബെംഗളൂരുവിലെ കോറമണ്ടലയിലാണ് ബൈജൂസിന്റെ കോർപറേറ്റ് ഓഫീസ്. അമേരിക്ക, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാനാണ് ബൈജു രവീന്ദ്രന്റെ പദ്ധതി. പുതുതായി ലഭിക്കുന്ന മൂലധനം ഉപയോഗിച്ച് ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലേക്ക് കൂടിയുള്ള പരിശീലനം ആരംഭിക്കും. താഴേത്തട്ടിൽ തന്നെ അടിത്തറ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒന്ന് മുതലുള്ള വിദ്യാർഥികൾക്ക് പരിശീലനം ഒരുക്കുന്നത്. കണക്ക്, ശാസ്ത്രം എന്നിവക്ക് പുറമെ, മറ്റ് വിഷയങ്ങളും പുതിയ പരിശീലനത്തിൽ ഉൾക്കൊള്ളിക്കാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കഴിഞ്ഞ മൂന്ന് വർഷമായി 100 ശതമാനം വളർച്ചയാണ് കൈവരിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിസംബറിൽ കമ്പനിക്ക് മൂന്ന് കോടി രജിസ്‌ട്രേഡ് വിദ്യാർഥികളും വർഷം 20 ലക്ഷം നൽകി ഉപയോഗിക്കുന്നവരുമുണ്ട്.
.

---- facebook comment plugin here -----

Latest