Connect with us

Ongoing News

'കുഞ്ഞാലി മരക്കാർ ഇല്ലായിരുന്നുവെങ്കിൽ'

Published

|

Last Updated

ഇന്ത്യൻ നേവി സ്ഥാപിച്ച കുഞ്ഞാലി മരക്കാർ സ്തൂപം

ദേശാഭിമാനികളെ ഓർമിക്കുന്നത് ഒരു പ്രാർഥനയാണ്. ഇന്ത്യയുടെ എക്കാലത്തെയും അഭിമാനമായ പിറന്നുവീണ ഭൂമിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ വിദേശികളോട് പൊരുതി പോർച്ചുഗീസുകാരാൽ ക്രൂരമായി വധിക്കപ്പെട്ട കുഞ്ഞാലി മരക്കാർ നാലാമനെ കുറിച്ചെഴുതുമ്പോൾ ആ പടക്കളം മനസ്സിൽ നിറയും. ഒപ്പം, ദേശാഭിമാനവും സ്വാതന്ത്ര്യബോധവും ആവേശമാക്കി നൂറ് വർഷക്കാലം പോർച്ചുഗീസുകാരുമായി പൊരുതിയ നാല് കുഞ്ഞാലി മരക്കാർമാരുടെ ഐതിഹാസിക ചരിത്രവും.

കുഞ്ഞാലി മരക്കാരിൽ അവസാനത്തെ കണ്ണിയായ, പോർച്ചുഗീസ് ആധിപത്യത്തെ വേരോടെ പിഴുതെറിയുന്നതിന് മുഖ്യ പങ്ക് വഹിച്ച കുഞ്ഞാലി മരക്കാർ നാലാമന്റെ 420 ാം രക്തസാക്ഷിത്വ ദിനമാണ് ഏപ്രിൽ 11ന്. ഇന്ത്യൻ ചരിത്രത്തിലെ നടുക്കുന്ന ഏടുകൾ ഒരിക്കൽ കൂടി വായിച്ചെടുക്കാനുള്ള ദിനം. ചരിത്രത്തിന്റെ ഖബറിടങ്ങളിലെ മീസാൻ കല്ലുകൾക്ക് മുമ്പിൽ നമുക്ക് പ്രാർഥനാനിരതരാവാം.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തസാക്ഷി കുഞ്ഞാലി മരക്കാർ നാലാമന്റെയും കുഞ്ഞാലി മരക്കാർമാരുടെയും ജീവിതവും അന്ത്യവും അറിയാതെയും അറിയിക്കാതെയും പോകുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതികേടാണ്. അറബ് ചരിത്ര ഗവേഷകനായ സാലം ഉബൈദ് എഴുതുന്നു: പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യശക്തികളായ പോർച്ചുഗീസുകാർ, ഇന്ത്യയെ ആക്രമിച്ചപ്പോൾ അവരെ തുരത്തിവിടാൻ അനന്ത വിസ്തൃതമായ അറബിക്കടലിലും ഇന്ത്യൻ മണ്ണിലും ഘോര സമരങ്ങൾ സംഘടിപ്പിച്ച കുഞ്ഞാലി മരക്കാരുടെ ദേശസ്‌നേഹത്തിന്റെ ത്രസിപ്പിക്കുന്ന ഏടുകൾ ഇന്ത്യാ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി നിലകൊള്ളുന്നു.” അന്തർ ദേശീയ ചരിത്രകാരന്മാർ കുഞ്ഞാലി മരക്കാരുടെ ധീരതയും പോരാട്ടവും വിശദമായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യൻ ചരിത്രകാരന്മാർ പ്രത്യേകിച്ച് കേരളചരിത്രം ആ പോരാളികളെ കുറിച്ച് ഏറെയൊന്നും രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ബാക്കിനിൽക്കുന്നു.

“ഇന്ത്യയുടെ സ്വാതന്ത്ര്യം ജീവനേക്കാൾ വലുത്”

പോർച്ചുഗീസ് സാമ്രാജ്യത്തിന് ഭീഷണിയായ കുഞ്ഞാലി മരക്കാർ നാലാമനെ വാഗ്ദത്തങ്ങളും പ്രലോഭനങ്ങളും നൽകി അനുനയിപ്പിച്ചെടുക്കാൻ അവർ ശ്രമിച്ചെങ്കിലും അദ്ദേഹം അൽപ്പം പോലും വഴങ്ങിയില്ല. കുഞ്ഞാലി മരക്കാരെയും അനുയായികളെയും പൂർണമായി നശിപ്പിക്കാൻ പോർച്ചുഗീസുകാർ തീരുമാനിച്ചു. കുഞ്ഞാലി മരക്കാർ നാലാമനെ പറങ്കിപ്പട്ടാളം വളഞ്ഞ് പിടികൂടി ഗോവയിൽ വൈസ്രോയിയുടെ മുമ്പിൽ ഹാജരാക്കി. കുഞ്ഞാലിയെയും കൂട്ടുകാരെയും തൂക്കികൊല്ലാൻ വൈസ്രോയി ഉത്തരവിട്ടു. വൈസ്രോയിയുടെ വസതിയുടെ മുമ്പിൽ കഴുമരം ഉയർന്നു. പ്രഭുക്കളും പോർച്ചുഗീസ് ഭരണകൂടത്തിലെ മേലധികാരികളും ഗോവ സെന്റ് പോൾ ചർച്ചിലെ പുരോഹിതരുമെല്ലാം ഒത്തുകൂടി. കുഞ്ഞാലിയെ തൂക്കിലേറ്റുന്നതിന് മുമ്പായി തന്റെ മുന്നിൽ കൊണ്ടുവരാൻ വൈസ്രോയി ആജ്ഞാപിച്ചു.

തുടർന്ന് വൈസ്രോയി അദ്ദേഹത്തോട് പറഞ്ഞു: “കുഞ്ഞാലിയെ പോലെ ധീരനായ പടയാളിയെ നമുക്കാവശ്യമുണ്ട്. ഒരു മാപ്പെഴുതി തരികയാണെങ്കിൽ കുഞ്ഞാലിയെ മരണശിക്ഷയിൽ നിന്ന് ഒഴിവാക്കാം.”
“എന്റെ മരണത്തെ കുറിച്ച് ചിന്തിച്ച് പ്രയാസം വേണ്ട. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത് എന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. നാടിന് വേണ്ടി മരിക്കുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവുമാണ്”- കുഞ്ഞാലി മരക്കാർ പറഞ്ഞു.

വൈസ്രോയി: “കുഞ്ഞാലിക്ക് എന്ത് ആഗ്രഹമുണ്ടെങ്കിലും സാധിച്ചുതരാം”.
കുഞ്ഞാലി: “നിങ്ങൾ, വിദേശികൾ ഈ നാട് വിട്ടുപോകണം. അത് മാത്രമാണ് ആഗ്രഹം.”

വൈസ്രോയിയുടെ മുഖം ചുവന്നു. കുഞ്ഞാലിയെ തൂക്കുമരത്തിലേക്ക് കൊണ്ടുപോകാൻ കൽപ്പിച്ചു. കുഞ്ഞാലിയുടെ അന്ത്യനിമിഷങ്ങൾ രേഖപ്പെടുത്തുന്നതിങ്ങനെ: കുഞ്ഞാലിയുടെ മുഖത്ത് അൽപ്പം പോലും വേവലാതിയോ ഭയമോ കണ്ടില്ല. തൂക്കുമരത്തിൽ കുഞ്ഞാലിയുടെ കഴുത്ത് ചെരിഞ്ഞു. മേളങ്ങളുടെ അകമ്പടിയോടെ കോടാലി വീണു. കുഞ്ഞാലിയുടെ മൃതദേഹം തുണ്ടുംതുണ്ടമാക്കി അവയവങ്ങൾ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു. ശിരസ്സ് കണ്ണൂരിലേക്കായിരുന്നു അയച്ചത്. കുഞ്ഞാലിവധം പോർച്ചുഗലിലും ആഘോഷിച്ചു.

കുഞ്ഞാലി മരക്കാർ നാലാമന്റെ നാനൂറ്റി ഇരുപതാം രക്തസാക്ഷിത്വ ദിനം ആചരിക്കുന്ന അവസരത്തിൽ ഇന്ത്യ കണ്ട അവിസ്മരണീയനായ ഇതിഹാസ പുരുഷനെ കുറിച്ച് പുതിയ തലമുറയിൽ അവഗാഹം ഉണ്ടാക്കാനുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്‌കരിക്കേണ്ടതുണ്ട്. “കുഞ്ഞാലി മരക്കാർ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു” എന്ന് പ്രസിദ്ധ ചരിത്രകാരനായ വേലായുധൻ പണിക്കശ്ശേരി തന്റെ ഗ്രന്ഥങ്ങളിലെല്ലാം വസ്തുനിഷ്ഠമായി സമർഥിക്കുന്നുണ്ട്. ഇന്ത്യൻ നാവികസേന പിന്തുടർന്നുകൊണ്ടിരിക്കുന്ന മരക്കാർ യുദ്ധ തന്ത്രങ്ങളും ആ പോരാളിയുടെ വൈഭവത്തിന്റെ നിത്യസ്മാരകങ്ങളാണ്.

ആറ്റക്കോയ പള്ളിക്കണ്ടി
.

Latest