Connect with us

Cover Story

ആ ആർത്തനാദങ്ങൾക്ക് നൂറ് വർഷം

Published

|

Last Updated

മൂന്ന് വർഷം മുമ്പുള്ള ഒരു ഒഴിവുദിനത്തിലാണ് ജാലിയൻവാലാ ബാഗ് സന്ദർശനത്തിന് അവസരമൊരുങ്ങിയത്. ജമ്മുവിൽ നിന്ന് അജ്മീർ, റൂർകി, ഡെറാഡൂൺ, മസൂറി എന്നിവ സന്ദർശിച്ച് അമൃത്‌സറിലെത്തി തിരിച്ച് ജമ്മുവിലേക്ക് ട്രെയിൻ പിടിക്കാനായിരുന്നു പദ്ധതി. യാത്രയുടെ സൂത്രധാരൻ മലപ്പുറം സ്വദേശി സുഫ്‌യാൻ സാറായിരുന്നു. സയൻസ് അധ്യാപകനായ അദ്ദേഹം ഏതൊരു യാത്രയും കൃത്യമായി ആസൂത്രണം ചെയ്ത് വിജയിപ്പിച്ചെടുക്കും. സഹയാത്രികരായി നിസാർ ഫാളിലി, അബ്ദുർറഹീം സഖാഫി, ലുബൈബ് അദനി എന്നിവരുമുണ്ട്. യാത്ര ചെലവ് കുറഞ്ഞതും ആഹ്ലാദകരവുമായിരുന്നു. പക്ഷേ, തിരിച്ചുള്ള യാത്രയിൽ അമൃത്‌സറിൽ എത്തിയപ്പോഴാണ് ജമ്മുവിലേക്കുള്ള ടാറ്റ എക്‌സ്പ്രസ് ഏറെ വൈകിയാണ് ഓടുന്നതെന്ന് അറിഞ്ഞത്. ആലോചിച്ചിരിക്കുമ്പോഴാണ്, അമൃത്‌സർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 15- 20 മിനുട്ട് ദൂരമുള്ള സുവർണ ക്ഷേത്രവും ജാലിയൻവാലാ ബാഗ് കൂട്ടക്കൊല നടന്നയിടവും സന്ദർശിക്കുന്നതിന്റെ സാധ്യതകൾ സുഫ്‌യാൻ സാർ മുന്നോട്ടുവെച്ചത്.

ജാലിയൻവാലാ ബാഗ് സംഭവത്തിൽ വെടിയുണ്ടകൾ പതിഞ്ഞ മതിൽ

സുവർണ ക്ഷേത്രം കണ്ടതിന് ശേഷമാണ് ജാലിയൻവാലാ ബാഗ് എന്ന പൂന്തോട്ടത്തിലേക്ക് ഞങ്ങളെത്തുന്നത്. അകത്തേക്കുള്ള ഇടുങ്ങിയ വഴി തന്നെ മനസ്സിലേക്ക് ഒരായിരം പൊള്ളുന്ന ചിന്തകൾ കോരിയിടുന്നതാണ്. കേണൽ റെജിനാൾഡ് ഒ ഡയറിന്റെ പട്ടാളം കടന്നുപോകുന്ന ബൂട്ടിന്റെ പ്രകമ്പനം ചെവിയിലലക്കുന്നതായി അനുഭവപ്പെടും. കാലങ്ങൾക്ക് മുമ്പ്, ആ മണ്ണിനെ ചെഞ്ചായമണിയിച്ച കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ചോരക്കറകൾ നമ്മുടെ ഭാവനയിലെത്തിയാൽ ഒരു പക്ഷേ ആ മണ്ണ് ചെരുപ്പിട്ട് ചവിട്ടാൻ പോലും അറച്ചുനിൽക്കും. അതുകൊണ്ടായിരിക്കണം, എലിസബത്ത് രാജ്ഞി ചെരുപ്പഴിച്ച് അതിനകത്ത് കടന്നത്. തീ തുപ്പുന്ന തോക്കുകളിൽ നിന്ന് രക്ഷപ്പെടാനായി ജീവന്റെ നിലനിൽപ്പിന് കച്ചിത്തുരുമ്പെന്ന വണ്ണം അവിടം തടിച്ചുകൂടിയ ജനങ്ങൾ അന്ന് എടുത്തുചാടിയ കിണറിലേക്ക് കണ്ണയക്കുമ്പോൾ ബ്രിട്ടീഷ് ക്രൂരതയിൽ വെള്ളം കുടിച്ച് മരിക്കും മുമ്പെ അവർ അനുഭവിച്ച ശൂന്യത മുന്നിൽ തെളിഞ്ഞുവരും. ജീവൻ പിടിച്ചുനിർത്താനുള്ള അവസാനശ്രമവും വൃഥാവിലാണെന്ന തിരിച്ചറിവിൽ നിന്ന് അവർ ഉയർത്തിയ ആർത്തനാദങ്ങളും നിലവിളികളും കർണപുടങ്ങളിൽ ഒരിരമ്പലായി അനുഭവപ്പെടുമ്പോൾ നാം അറിയാതെ മരവിച്ചുനിന്നുപോകും. ആ മരവിപ്പിൽ നിന്ന് കണ്ണീർ ഓർമപ്പൂക്കളായി ആ കിണറ്റിൽ ഇറ്റിവീഴും. അങ്ങനെ എത്രയെത്ര കണ്ണീരുകൾ ആ കിണറ്റിലെ വെള്ളത്തോട് ചേർന്നലിഞ്ഞിട്ടുണ്ടാകും. പൂന്തോട്ടത്തിന് ചുറ്റുമുള്ള മതിലിൽ വെടിയുണ്ടകൾ പതിഞ്ഞതിന്റെ അടയാളങ്ങൾ ഇപ്പോഴും കാണാവുന്നതാണ്. അത് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
******

പഠിക്കേണ്ടത് ദുഃഖത്തിൽ നിന്ന്

ശതകം പൂർത്തിയാകുന്നു. ഇന്ത്യാ ചരിത്രത്തിലെ ഏറെ ദാരുണമായ ഒരു അധ്യായത്തിന്റെ ഓർമയുടെ നൂറ് വർഷങ്ങൾ. കൊളോണിയൽ ഭരണകൂടത്തിന്റെ ബീഭത്സതയെ വായിക്കാൻ ഇതിലേറെ ഉപയുക്തമാകുന്ന വേറൊരു അധ്യായവും ഇന്ത്യാ ചരിത്രത്തിലുണ്ടാകില്ല. ഹിന്ദുവും മുസൽമാനും സിഖുകാരനും പിറന്ന മണ്ണിന് അവരുടെ ജീവൻ സമർപ്പിച്ചതിന്റെ നൂറാം വാർഷികം നിർണായകമായ ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണെന്നത് യാദൃച്ഛികമാണ്. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് രാജ്ഞി, ജാലിയൻവാലാ ബാഗ് സന്ദർശനത്തിന്റെ തലേദിവസം പറഞ്ഞ വാക്കുകൾ പ്രസക്തമാണ്: It is not secret that there have been some difficult episodes in our past. Jallianwala Bag, which I shall visit tomorrow, is a distressing example. But history cannot be rewritten, however much we might sometimes wish otherwise. It has it”s moments of sadness, as well as gladness. We must learn from the sadness and hail on the sadness”.

നൊ അപ്പീൽ,
നൊ വക്കീൽ, നൊ ദലീൽ

1919 മാർച്ചിൽ ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സർ റൗലതിന്റെ കീഴിലുള്ള സമിതിയുടെ നിർദേശങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നു. ഇതാണ് കുപ്രസിദ്ധ റൗലത് ആക്ട്. വാറന്റ് കൂടാതെ പോലീസിന് ആരെയും രണ്ട് വർഷത്തോളം തടങ്കലിലടക്കാം എന്നതാണ് ഈ നിയമത്തിന്റെ സൗകര്യം. ഇന്ത്യൻ നാഷനൽ കോൺഗ്രസും മുസ്‌ലിം ലീഗും ബില്ലിനെതിരെ ശബ്ദമുയർത്തി. “നൊ അപ്പീൽ, നൊ വക്കീൽ, നൊ ദലീൽ” എന്ന മുദ്രാവാക്യം വ്യാപകമായി മുഴങ്ങി. ഗാന്ധിജിയായിരുന്നു പ്രതിഷേധ പ്രകടനങ്ങളുടെ ദേശീയ നേതൃത്വം.

പഞ്ചാബിൽ റൗലത് വിരുദ്ധ സമരങ്ങളുടെ മുന്നണിപ്പോരാളികൾ സൈഫുദ്ദീൻ കിച്ച്‌ലുവും ഡോ. സത്യപാലുമായിരുന്നു. പ്രതിഷേധത്തിന്റെ തീവ്രത തണുപ്പിക്കാൻ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഏപ്രിൽ പത്തിന് അമൃത്‌സറിലെ ജനങ്ങൾ ഹർത്താലാചരിച്ചു. ഏപ്രിൽ 11ന് ചിലയിടങ്ങളിൽ അസ്വാരസ്യങ്ങൾ മുനിഞ്ഞുകത്തി. ഈ രണ്ട് ദിവസങ്ങളിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഇരുപതോളം ഇന്ത്യക്കാരും അഞ്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

ഏപ്രിൽ 12 താരതമ്യേന ശാന്തമായിരുന്നു. തൊട്ടടുത്ത ദിവസം സിഖുകാരുടെ ബൈശാഖി ദിനമാണ്. അന്ന് കേണൽ റെജിനാൾഡ് ഒ ഡയർ അമൃത്‌സറിൽ പട്ടാള നിയമം ഏർപ്പെടുത്തി. പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചു. ഒരിടത്ത് നാലിലേറെ പേർ ഒരുമിച്ചുകൂടുന്നത് കുറ്റകരമായി. പക്ഷെ, അന്ന് ജാലിയൻവാലാ ബാഗിൽ പോലീസിന്റെ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനായി ഇരുപതിനായിരത്തോളം സിഖുകാരും മുസ്‌ലിംകളും ഹിന്ദുക്കളും ഒരുമിച്ചുകൂടിയിരുന്നു. സമാധാനപൂർണമായിരുന്നു പ്രതിഷേധം. പെട്ടെന്ന് കമാൻഡർ ഡയർ 150ഓളം വരുന്ന പട്ടാളക്കാരുമായി സ്ഥലത്തെത്തി. പിന്നീട് അവിടെ നടന്നത് കണ്ണില്ലാത്ത ക്രൂരതയായിരുന്നു. കൂടി നിൽക്കുന്നവരോട് പിരിഞ്ഞുപോകാൻ ഉത്തരവിടാതെ, ജനങ്ങൾക്ക് നേരെ വെടിവെക്കാൻ പട്ടാളക്കാരോട് ഡയർ ആജ്ഞാപിച്ചു. 40- 45 യാർഡ് ദൂരത്ത് നിന്ന് ഡയറിന്റെ പട്ടാളം 1650 റൗണ്ട് വെടിയുതിർത്തു. മൈതാനത്തിന്റെ പുറത്ത് കടക്കാനാകാതെ പലരും നിസ്വരായി മരിച്ചുവീണു. ചിലർ രക്ഷക്കായി തൊട്ടടുത്ത കിണറ്റിലേക്ക് എടുത്തുചാടി. പതിനഞ്ച് മിനുട്ടിനകം എല്ലാം കഴിഞ്ഞു.

ഇതിനെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ഹണ്ടർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 379 പേർ മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. യഥാർഥ മരണസംഖ്യ ഇതിന്റെ അഞ്ചിരട്ടിയോളം വരും. ഹണ്ടർ കമ്മീഷന്റെ ക്രോസ് വിസ്താരത്തിൽ തന്റെ നടപടിയിൽ ഒരു ഖേദപ്രകടനത്തിന്റെയോ മറുചിന്തയുടെയോ ആവശ്യമില്ല എന്ന രൂപത്തിലായിരുന്നു ഡയറിന്റെ പ്രതികരണം.

റാം മുഹമ്മദ് സിംഗ് ആസാദ്

ചരിത്രവായനകളും അവയെ കുറിച്ചുള്ള വിചാരങ്ങളും പലപ്പോഴും സ്‌കൂൾ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോകാറുണ്ട്. അഞ്ചാം തരത്തിൽ ചരിത്രം പഠിപ്പിച്ചിരുന്ന സന്തോഷ് സാർ ഓരോ പാഠഭാഗത്തിന് ശേഷവും കുട്ടികളെ ആവേശഭരിതരാക്കാൻ ചരിത്രവ്യക്തികളുടെ വിശേഷകഥകൾ പറയും. ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റെയും ബോസിന്റെയും കഥകൾ വിദ്യാർഥികളെ പുളകം കൊള്ളിക്കുന്ന വിധത്തിൽ സാർ അവതരിപ്പിക്കുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ഓർമച്ചീന്താണ് “റാം മുഹമ്മദ് സിംഗ് ആസാദ്”.
ജാലിയൻവാലാ ബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ ജനറൽ ഡയറിനോട് പ്രതികാരം ചെയ്യാൻ ഉദ്ദംസിംഗ് എന്ന ചെറുപ്പക്കാരൻ തീർച്ചപ്പെടുത്തി. അതിനായി, രക്തം പുരണ്ട മണ്ണ് കുപ്പിയിൽ സൂക്ഷിച്ച് പ്രഭാതത്തിൽ എന്നും അതുനോക്കി ആ ചെറുപ്പക്കാരൻ പ്രതിജ്ഞ ചെയ്യുമായിരുന്നു. പ്രതികാരത്തിനായി ഉദ്ദംസിംഗ് ലണ്ടനിലേക്ക് തിരിച്ചു. അവിടെ വ്യത്യസ്ത ജോലികൾ ചെയ്ത് തന്റെ പ്രതികാരത്തിനുള്ള അവസരത്തിനായി കാത്തിരുന്നു, നീണ്ട 21 വർഷം. ഒടുവിൽ, 1940 മാർച്ച് 13ന് ബ്രട്ടനിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഡയറിന്റെ ഇടനെഞ്ച് നോക്കി വെടിയുതിർത്ത് ഉദ്ദംസിംഗ് തന്റെ പ്രതിജ്ഞ നിറവേറ്റി. കൊലപാതകത്തിന് പിടിയിലായപ്പോൾ, പേരെന്താണെന്ന ചോദ്യത്തിന് “റാം മുഹമ്മദ് സിംഗ് ആസാദ്” എന്നാണ് ഉദ്ദംസിംഗ് മറുപടി പറഞ്ഞത്. ഒരു പേരിൽ രാജ്യത്തിന്റെ നാനാത്വവും ഐക്യവും ഒന്നിച്ചുചേർത്ത ആ ധീരദേശാഭിമാനിയെ പലരും ഭ്രാന്തനെന്നാണ് വിളിച്ചത്.

അമൃത്‌സറിലെ ജാലിയൻവാലാ ബാഗ് മൈതാനത്ത് മരിച്ചുവീണവരും അതിന് പ്രതികാരം വീട്ടിയ ഉദ്ദംസിംഗ് തന്റെ “റാം മുഹമ്മദ് സിംഗ് ആസാദ്” എന്ന പേരിൽ സൂചിപ്പിച്ച നാനാത്വവും നമ്മുടെ രാജ്യത്തിന്റെ മുദ്രയാണ്. ആരും അന്യരാകാത്ത വിധം വിശാലതയിലേക്ക് നമ്മുടെ കാഴ്ചപ്പാടുകൾ ഉയരണം. ചരിത്രത്തിലെ ഈ സ്മരണകളൊക്കെ ഒരു പാഠമായി മായ്ക്കാനാകാത്ത അടയാളമായി നമ്മെ എപ്പോഴും ഓർമിപ്പിച്ചും ഒരുമിപ്പിച്ചും കൊണ്ടിരിക്കണം.

 

Latest