Connect with us

Ongoing News

ഛത്തീസ്ഗഢിൽ നേട്ടം ആവർത്തിക്കാൻ കോൺഗ്രസ്

Published

|

Last Updated

റായ്പൂർ: ഈ മാസം 11, 18, 23 തീയതികളിൽ ഛത്തീസ്ഗഢ് ജനഹിതം രേഖപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാകണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. പക്ഷേ, പതിനഞ്ച് വർഷത്തെ തുടർ ഭരണം നഷ്ടപ്പെട്ട ബി ജെ പിക്ക് അങ്ങനെ ആഗ്രഹിക്കാനേ സാധിക്കില്ല. കഴിഞ്ഞ വർഷം നവംബറിലാണ് സംസ്ഥാനം അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. ഭരണവിരുദ്ധ വികാരം വിധിയെഴുതിയ തിരഞ്ഞെടുപ്പിൽ ബി ജെ പി ശരിക്കും നിലംപരിശാവുകയായിരുന്നു. തുടർച്ചയായ നാലം വട്ടം അധികാരം ലക്ഷ്യമിട്ടിറങ്ങിയ ബി ജെ പിക്ക് 90 അംഗ നിയമസഭയിൽ ലഭിച്ചത് 15 സീറ്റുകൾ മാത്രം. 43 ശതമാനം വോട്ടുകളും 68 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലേറി. 2003, 2008, 2013 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബി ജെ പിയും തമ്മിലുണ്ടായിരുന്ന വോട്ട് ശതമാനം കുറഞ്ഞ് 2018ൽ എത്തുമ്പോൾ അത് പത്ത് ശതമാനത്തിൽ എത്തിയിരുന്നു.

കണക്കുകൾ ഈ തിരഞ്ഞെടുപ്പിലും തെറ്റില്ലെങ്കിൽ 2000ത്തിൽ മാത്രം രൂപവത്കൃതമായ സംസ്ഥാനത്ത് കോൺഗ്രസിന്റെ മുന്നേറ്റമാകും സാധ്യമാകുക. മധ്യപ്രദേശിൽ നിന്ന് വേർപ്പെട്ട ശേഷം നടന്ന 2004, 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ബി ജെ പിയുടെ അപ്രമാദിത്വമായിരുന്നു. മൂന്ന് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. ശേഷിക്കുന്ന പത്ത് സീറ്റുകളും ബി ജെ പിക്കൊപ്പം അടിയുറച്ചുനിന്നു. ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ തകർന്നുവീണ കാവിക്കോട്ടക്കുമേലാണ് ദേശീയ ലക്ഷ്യം വെച്ചുള്ള വിധിയെഴുതാൻ സംസ്ഥാനം പുറപ്പെടുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്.

നാല് മാസം മാത്രം പ്രായമുള്ള ഭൂപേഷ് ബാഘേൽ സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി പ്രാവർത്തികമാക്കുകയാണ്. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളിയിരുന്നു. വനാവകാശ നിയമം, കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ, തൊഴിലില്ലായ്മ എന്നിങ്ങനെ രമൺ സിംഗ് സർക്കാറിന് തിരിച്ചടിയായ വിഷയങ്ങൾ ഇപ്പോഴും ബി ജെ പിയെ തുറിച്ചുനോക്കുന്നുണ്ട്. ഇത് മറികടക്കാനുള്ള മാർഗങ്ങളൊന്നും ഇപ്പോൾ അവരുടെ കൈയിലില്ല. സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാക്കളെയെല്ലാം ഒഴിവാക്കി പുതുമുഖങ്ങളെ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി ജെ പി ഒരുങ്ങുന്നത്.

ഇത്തവണയും ഏറ്റുമുട്ടൽ ബി ജെ പിയും കോൺഗ്രസും നേർക്കുനേരാണ്. കോൺഗ്രസുമായി തെറ്റി പുതിയ പാർട്ടിയുമായി (ജനതാ കോൺഗ്രസ് ഛത്തീസ്ഗഢ്) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങിയ അജിത് ജോഗി ഇത്തവണ മത്സരത്തിനില്ല. ബി എസ് പിയെ പിന്തുണക്കാനാണ് ജോഗിയുടെ തീരുമാനം. ഇത് ജോഗിക്കൊപ്പം നിൽക്കുന്ന സത്‌നാമീസ് വിഭാഗങ്ങളെ കോൺഗ്രസിനോടടുപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഗോത്ര മേഖലയിൽ പ്രതീക്ഷ
സംസ്ഥാനത്തിന്റെ നാൽപ്പത് ശതമാനത്തിലധികം ഭാഗവും വനമാണ്. ജനസംഖ്യയുടെ 32 ശതമാനം പട്ടിക വർഗക്കാരും. വനാവകാശ നിയമവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് ഗോത്ര വിഭാഗങ്ങൾക്കൊപ്പം നിൽക്കുന്നതായിരുന്നു. ബി ജെ പി ഇവരുടെ ആവശ്യത്തോട് പൂർണമായും മുഖം തിരിഞ്ഞുനിൽക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോത്രമേഖലയിൽ നിന്നുള്ള 29 സീറ്റുകളിൽ 25 എണ്ണത്തിലും കോൺഗ്രസാണ് ജയിച്ചത്. സുർഗുജ, കാൻകർ, റായ്ഗഢ് പാർലിമെന്റ് മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന 24 നിയമസഭാ സീറ്റുകളിലും കോൺഗ്രസിനായിരുന്നു ജയം.

---- facebook comment plugin here -----

Latest