Connect with us

Kollam

ആറ്റിങ്ങലിൽ ഇടതിന് ആശങ്കയില്ല

Published

|

Last Updated

എ സന്പത്ത്, അടൂർ പ്രകാശ്, ശോഭാ സുരേന്ദ്രൻ

സിറ്റിംഗ് എം പിയും സിറ്റിംഗ് എം എൽ എയും നേർക്കുനേർ വരുന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ പോരാട്ടത്തിന് വാശിയേറെയാണ്. എൽ ഡി എഫ് സ്ഥാനാർഥിയായ സിറ്റിംഗ് എം പി. എ സമ്പത്തിനെ നേരിടാൻ എം എൽ എയായ അടൂർ പ്രകാശിനെയാണ് യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. ബി ജെ പി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രൻ കൂടി എത്തിയതോടെ കടുത്ത മത്സരത്തിനാകും ആറ്റിങ്ങൽ സാക്ഷ്യം വഹിക്കുക.

എ സമ്പത്തിന് ഇത് നാലാം ഊഴമാണ്. ഓരോ തവണ മത്സരിക്കുമ്പോഴും സമ്പത്തിന്റെ ഭൂരിപക്ഷം വർധിച്ചിട്ടേയുള്ളൂ. സമ്പത്തിന്റെ ജനകീയ പ്രതിഛായ തകർത്ത് മണ്ഡലം പിടിച്ചെടുക്കുന്നതിനാണ് യു ഡി എഫ് ഇത്തവണ അടൂർ പ്രകാശിനെ രംഗത്തിറക്കിയത്. മുൻ എം പിയും ജനകീയ സി പി എം നേതാവുമായ കെ അനിരുദ്ധന്റെ മകനെന്ന നിലയിൽ എ സമ്പത്തിന് മണ്ഡലത്തിലാകെ സ്വീകാര്യതയുണ്ട്. മാത്രമല്ല എൽ ഡി എഫിന് മണ്ഡലത്തിൽ ശക്തമായ അടിത്തറയാണുള്ളത്. മണ്ഡലത്തിൽ വിപുലമായ വ്യക്തിബന്ധവും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നേരിട്ടിടപെടുന്ന ജനപ്രതിനിധി എന്ന സവിശേഷതയും സമ്പത്തിനുണ്ട്. ഇതാണ് എൽ ഡി എഫിന്് അനുകൂലമായ ഘടകങ്ങൾ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചോർന്ന കോൺഗ്രസ് വോട്ടുകൾ ശക്തനായ സ്ഥാനാർഥി വഴി തിരികെ പിടിക്കാമെന്ന് യു ഡി എഫ് നേതൃത്വം കരുതുന്നു. മൂന്ന് തവണ മണ്ഡലത്തിൽ നിന്ന് വിജയിച്ച സമ്പത്തിനെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയത് ജനങ്ങൾ മാറി ചിന്തിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് യു ഡി എഫ്് വിലയിരുത്തൽ.

എതിരാളികളെത്താൻ വൈകിയതിനാൽ ആറ്റിങ്ങൽ മണ്ഡലത്തിൽ എ സമ്പത്തിന് പ്രചാരണപ്രവർത്തനങ്ങളിൽ മേൽക്കൈയുണ്ട്. തനിക്ക് പരിചയമുള്ള ആളുകളേയും ബന്ധുക്കളേയുമൊക്കെ കണ്ട് സമ്പത്ത് വോട്ട് ഉറപ്പിച്ചു കഴിഞ്ഞു. മണ്ഡല പര്യടനവും തുടങ്ങി. ആദ്യം തന്നെ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി അടൂർ പ്രകാശിന്റെ പേര് പറഞ്ഞു കേട്ടതാണ്. മറ്റ് സീറ്റുകളിലെ തീരുമാനമനുസരിച്ച് മാറ്റം വരുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. അടൂർ പ്രകാശ് എത്തിയതോടെ പ്രചാരണത്തിൽ യു ഡി എഫും ഏറെ മുന്നേറി.
മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സമ്പത്തിന്റെ പ്രവർത്തനങ്ങളും എൽ ഡി എഫിന് കരുത്തു പകരുന്നു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ പൂർത്തീകരിച്ച് റിസർവേഷൻ സൗകര്യം ലഭ്യമാക്കിയതും വർക്കല സ്റ്റേഷൻ ആധുനികവത്ക്കരിച്ചതും ആറ്റിങ്ങലിൽ പാസ്‌പോർട്ട് സേവാകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതും സാന്ത്വന പരിചരണവുമെല്ലാം അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് സമ്പത്ത് വോട്ട് ചോദിക്കുന്നത്.

മത്സ്യത്തൊഴിലാളികൾ, എസ്റ്റേറ്റ് തൊഴിലാളികൾ ഉൾപ്പെടെ തൊഴിലാളികൾ ഏറെയുളള മണ്ഡലമാണ് ആറ്റിങ്ങൽ. അതിനാൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ വോട്ടെടുപ്പിൽ പ്രതിഫലിക്കും. തൊഴിലാളികൾക്കിടയിൽ ശക്തമായ അടിത്തറയുള്ള പ്രസ്ഥാനമാണ് സി പി എം. എന്നാൽ തലേക്കുന്നിൽ ബഷീർ തുടർച്ചയായി മൂന്ന് പ്രാവശ്യം മണ്ഡലം നിലനിർത്തിയിരുന്നു എന്ന ആത്മവിശ്വാസം യു ഡി എഫ് ക്യാമ്പിനുണ്ട്. അടൂർ പ്രകാശിനെപ്പോലെ കരുത്തനായ സ്ഥാനാർഥിക്ക് മണ്ഡലം തിരികെ പിടിക്കാൻ കഴിയുമെന്ന് അവർ കരുതുന്നു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ അരുവിക്കര ഒഴികെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എൽ ഡി എഫിനായിരുന്നു വിജയം. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയാണ് സമ്പത്ത്് വിജയം ഉറപ്പിച്ചത്.
ഇത്തവണ ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിനടുത്ത് വോട്ടുകളാണ് ബി ജെ പി സ്ഥാനാർഥി നേടിയത്. ഇത്തവണ നല്ല മത്സരം കാഴ്ച്ചവെക്കാൻ ശോഭാ സുരേന്ദ്രന് കഴിയുമെന്നാണ് ബി ജെ പി ക്യാമ്പിന്റെ പ്രതീക്ഷ.

നിസ്സാരരെന്ന് കരുതിയ സ്ഥാനാർഥികൾ കേരള രാഷ്ട്രീയത്തിലെ വമ്പൻമാരെ അട്ടിമറിച്ച രാഷ്ട്രീയപാരമ്പര്യം കൂടി മണ്ഡലത്തിന് പറയാനുണ്ട്. ആർ ശങ്കറും വയലാർ രവിയും കെ അനിരുദ്ധനുമെല്ലാം ഈ അനുഭവത്തിന് കൃത്യമായ സാക്ഷ്യങ്ങൾ. വയലാർ രവിയും തുലേക്കുന്നിൽ ബഷീറും അടക്കം ഹാട്രിക്കിന്റെ വക്കിലെത്തിയവർ നിരവധിയെങ്കിലും വർക്കല രാധാകൃഷ്ണനാണ് ആദ്യമായി ഹാട്രിക് നേടിയത്.

ഈഴവ സമുദായത്തിന്റെ ശക്തമായ സാന്നിധ്യത്തിനൊപ്പം ന്യൂനപക്ഷങ്ങൾക്കും പട്ടിക ജാതി, വർഗ വിഭാഗങ്ങൾക്കും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ഈഴവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥികളെയാണ് ഇടതുപക്ഷമടക്കം പരീക്ഷിക്കുന്നത്. കെ അനിരുദ്ധൻ, വർക്കല രാധാകൃഷ്ണൻ, സുശീലാ ഗോപാലൻ, എ സമ്പത്ത് തുടങ്ങിയവർ വിജയം കണ്ടത് സാമുദായികമായും കൂടിയാണ്.

കോൺഗ്രസ് വയലാർ രവിയെ പരീക്ഷിച്ചു വിജയിച്ചു. തലേക്കുന്നിൽ ബഷീർ, എ എ റഹീം എന്നിവരും ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് വിജയം കണ്ടവരാണ്.
1996 ൽ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനെ 48,083 വോട്ടുകളുടെ മാർജിനിൽ പരാജപ്പെടുത്തിയാണ് സമ്പത്ത് ലോക്‌സഭയിലെത്തിയത്. 2009 ൽ “ചിറയിൻകീഴ്” മണ്ഡലം പേര് മാറി ആറ്റിങ്ങലായി. പുതിയ മണ്ഡലത്തിലും 2009 ൽ നടന്ന തിരഞ്ഞെടുപ്പിൽ നറുക്ക് സമ്പത്തിനായിരുന്നു. കോൺഗ്രസിലെ ജി ബാലചന്ദ്രനെയാണ് സമ്പത്ത് രണ്ടാമൂഴത്തിൽ തോൽപ്പിച്ചത്. 2014 ൽ 69,378 വോട്ടുകളുടെ മേൽകൈയിൽ കോൺഗ്രസിലെ ബിന്ദു കൃഷ്ണയെ തോൽപ്പിച്ചാണ് തന്റെ മൂന്നാം വരവ് രാജകീയമാക്കിയത്.

1991ന് ശേഷമുള്ള മണ്ഡലത്തിന്റെ രാഷ്ട്രീയ പ്രയാണം ഇടതിനൊപ്പമായിരുന്നെങ്കിൽ 1971 മുതൽ 1991 വരെ കോൺഗ്രസിന്റെ കൈവെള്ളക്കുള്ളിലായിരുന്നു. 91ൽ സുശീലാ ഗോപാലനിലൂടെ ഇടതുപക്ഷം തിരികെ പിടിച്ചു. ഇത് മാത്രമല്ല കേരള രാഷ്ട്രീയത്തിലെ അതികായരുടെ കൊമ്പുകോർക്കലുകൾക്കും ആറ്റിങ്ങലിന്റെ പഴയ രൂപമായ ചിറയിൻകീഴ് വേദിയായിട്ടുണ്ട്.

എൽ ഡി എഫ്
സാധ്യത: എ സന്പത്തിന്റെ ജനകീയ എം പി എന്ന പരിവേഷം. സമ്പത്ത് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ. ലോക്സഭാ സാമാജികനെന്ന നിലയിലെ മികവുറ്റ പ്രവർത്തനം.
ആശങ്ക: മൂന്ന് തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഒരു മാറ്റം വേണമെന്ന് വോട്ടർമാർ ആഗ്രഹിക്കുമോയെന്നത്. ബി ജെ പിക്ക് ബദൽ കോൺഗ്രസ് ആണെന്ന് വോട്ടർമാർ ചിന്തിക്കുമോയെന്നത്.

യു ഡി എഫ്
സാധ്യത: മികച്ച പാർലിമെന്റേറിയൻ എന്ന പരിവേഷം. മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങൾ. വോട്ടർമാർ മാറി ചിന്തിക്കും എന്ന വിശ്വാസം.
ആശങ്ക: മണ്ഡലത്തിന് പുറത്തു നിന്നുള്ളയാൾ. എതിർ സ്ഥാനാർഥിക്കുള്ള സ്വീകാര്യത.

ബി ജെ പി
സാധ്യത: വനിത ആയതിനാൽ വനിതാ വോട്ടർമാർ അനുകൂലമായി ചിന്തിക്കും എന്ന വിശ്വാസം. ശബരിമല വിഷയത്തിലെ ഇപെടലുകൾ.
ആശങ്ക: മണ്ഡലത്തിന് പുറത്ത് നിന്നുളളയാൾ. ബി ജെ പിക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ല. മത്സരം എൽ ഡി എഫും യു ഡി എഫും തമ്മിലെന്നത്.

ഡി ആർ സരിത്ത്

---- facebook comment plugin here -----

Latest