Connect with us

Ongoing News

കോൺഗ്രസിനെ തുറന്നുകാട്ടി ഇടതുപക്ഷം; ഇടതിന്റെ പ്രസക്തി ചോദ്യം ചെയ്ത് തിരിച്ചടി

Published

|

Last Updated

നിർണായകമായ പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണ വിഷയങ്ങൾ മാറി മറിയുന്നു. ദേശീയതലത്തിൽ ഫാസിസ്റ്റ്്വിരുദ്ധ നിലപാട് മുൻനിർത്തി വോട്ട് ചോദിക്കുന്ന കോൺഗ്രസ് സംസ്ഥാനങ്ങളിൽ ഇതിനെ ദുർബലപ്പെടുത്തുന്ന നിലപാടുകൾ സ്വീകരിച്ചതിനെ തുറന്നുകാട്ടിയുള്ള ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങളെ, പൊതുതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ചോദ്യം ചെയ്താണ് കോൺഗ്രസ് പ്രതിരോധിക്കുന്നത്.

സംസ്ഥാന വിഷയങ്ങളും സാമൂഹിക മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വൈകാരിക പ്രശ്‌നങ്ങൾക്കുമപ്പുറം ദേശീയ പ്രശ്‌നങ്ങൾ കൂടി തിരഞ്ഞെടുപ്പിൽ ചർച്ചയായിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നേരത്തെ ദേശീയ പ്രശ്‌നങ്ങളും മറ്റും ഉയർത്തിയാണ് ഇടതുപക്ഷം പ്രചാരണമാരംഭിച്ചിരുന്നതെങ്കിലും സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന വൈകാരിക വിഷയങ്ങളും നേതാക്കളുടെ പരാമർശങ്ങളും പ്രചാരണായുധമാക്കി ഉയർത്തിക്കൊണ്ടുവരാനാണ് യു ഡി എഫ് ശ്രമിച്ചിരുന്നത്. ദേശീയ രാഷ്ട്രീയവും സാമ്പത്തിക, രാഷ്ട്രീയ നയ നിലപാടുകളും ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് പിന്നീട് രാഹുൽ ഗാന്ധിയുടെ വരവോടെയാണ് ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യാൻ നിർബന്ധിതരായത്.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം രാജ്യത്തെ ഫാസിസ്റ്റ്്വിരുദ്ധ പോരാട്ടത്തെ ദുർബലമാക്കാനാണെന്ന് സമർഥിക്കാൻ ഇടതുപക്ഷം ശ്രമിച്ചപ്പോൾ പൊതുതിരഞ്ഞെടുപ്പിൽ ബി ജെ പി- കോൺഗ്രസ് ഏറ്റുമുട്ടലാണെന്നും ഇതിനിടയിൽ ഇടത് പക്ഷത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇതിനെ പ്രതിരോധിക്കുന്നത്.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിലൂടെ പ്രതിപക്ഷ ഐക്യത്തെ തകർത്ത കോൺഗ്രസിന്റെ ബി ജെ പിവിരുദ്ധ വിശാലചേരിയുമായി ബന്ധപ്പെട്ട ആത്മാർഥതയെ ചോദ്യം ചെയ്ത ഇടതുമുന്നണി ഉത്തർ പ്രദേശ്, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സഖ്യ നീക്കങ്ങൾ തകർന്നതും കോൺഗ്രസിന്റെ ബി ജെ പിവിരുദ്ധ പോരാട്ട വാദത്തിലെ കാപട്യമായാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ബി ജെ പിയെ ചെറുക്കാൻ കോൺഗ്രസിനേ കഴിയൂവെന്ന വാദമുന ഉയർത്തി, ശോഷിച്ചു വരുന്ന ഇടതുപക്ഷത്തെ തുണച്ചിട്ടെന്തു കാര്യമെന്ന ചോദ്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ ഉന്നമിട്ടാണ് കോൺഗ്രസിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

ഇത് നിലനിൽപ്പിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണെന്നും ഇവിടെ ബി ജെ പി- കോൺഗ്രസ് ചേരികളിലൊന്നിൽ നിൽക്കാത്തവരൊക്കെ അപ്രസക്തരാണെന്നുമുള്ള സങ്കുചിത രാഷ്ട്രീയമാണ് ഉന്നയിക്കുന്നത്. എന്നാൽ നിങ്ങൾ ആരുടെ കൂടെയാണ് നിൽക്കുകയെന്ന ചോദ്യത്തിലൂടെ ബി ജെ പിയെയും കോൺഗ്രസിനെയും ഉൾക്കൊള്ളാനാവാത്ത ജനങ്ങളെ കോൺഗ്രസ് ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നാണ് ഇടതുപക്ഷവും വാദിക്കുന്നത്.

ഇതോടെ തിരഞ്ഞെടുപ്പിൽ മുഖ്യപ്രചാരണായുധമാകുമെന്ന് കരുതിയിരുന്ന ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമായി. ഇത് ശബരിമല വിഷയത്തിൽ മുതലെടുക്കാമെന്ന് കരുതിയ ബി ജെ പിക്കും കോൺഗ്രസിനുമാണ് തിരിച്ചടിയായത്. വിശ്വാസികളെ സ്വാധീനിക്കുമെങ്കിലും പ്രത്യക്ഷത്തിൽ ശബരിമല പ്രചാരണവേദികളിൽ ഇല്ല. ബി ജെ പിയും കോൺഗ്രസും സ്വാധീനക്കാവുന്നിടത്ത് ശബരിമലയെ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇതോടൊപ്പം ലീഗിനെ കുറിച്ചുള്ള യോഗിയുടെ പ്രതികരണവും കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവന്റെ ഒളിക്യാമറ വിവാദവും പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടും പ്രചാരണ വിഷയങ്ങളായി വന്നിട്ടുണ്ട്. എന്നാൽ തുടക്കത്തിൽ സി പി എം ഉന്നയിച്ച കോ ലി ബി സഖ്യമെന്ന ആരോപണവും കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest