Connect with us

Wayanad

ശ്രീധന്യയുടെ വിജയം: മാതാപിതാക്കൾക്ക് അഭിമാന നിമിഷം

Published

|

Last Updated

ശ്രീധന്യയുടെ മാതാപിതാക്കൾ വീടിനു മുന്നിൽ.

മാനന്തവാടി: “നിക്കുറപ്പുണ്ടായിരുന്നു എന്റെ മകൾ കുടുംബത്തിനും നാടിനുമഭിമാനമായി മാറുമെന്ന്””. വയനാട്ടിലെ ആദ്യ സിവിൽ സർവീസുകാരി ശ്രീധന്യയുടെ അച്ഛൻ ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ സുരേഷ് ഇത് പറയുമ്പോൾ ഉറച്ച ആത്മവിശ്വാസവും കഷ്ടപ്പാടുകൾക്ക് ഫലമുണ്ടായ ആശ്വാസവും അഭിമാനവുമൊക്കെ വാക്കുകളിൽ നിറയുന്നുണ്ടായിരുന്നു. ആ വാക്കുകൾ വെറും ഒമ്പതാംക്ലാസ് വിദ്യാഭ്യാസവുമായി കൂലിപ്പണിയെടുത്ത് കുടുംബ പ്രാരാബ്ധത്തിൽ കഴിയുന്ന 56 കാരന്റെ വെറുംവാക്കുകളല്ലെന്നും അനുഭവത്തിലൂടെയും നിത്യവും വായിക്കുന്ന അഞ്ചോളം വർത്തമാന പത്രങ്ങളിൽ നിന്ന് ലഭിച്ച പൊതുവിവരത്തിന്റെ അടിസ്ഥാനത്തിലും മകളെ ലക്ഷ്യത്തിലെത്തിച്ച പിതാവിന്റെ ആത്മ സംതൃപ്തിയാണെന്ന് വ്യക്തമായിരുന്നു.

മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്, തേപ്പ് നടത്തിയിട്ടില്ലാത്തതിനാൽ ചുമരുകളിൽ നിന്ന് മണ്ണടർന്നു വീഴുന്നു, വാതിലുകൾ ദ്രവിച്ച് തീരാറായിരിക്കുന്നു. ജനലുകൾക്ക് പകരം പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ചിരിക്കുന്നു. വീടിനുള്ളിൽ സിവിൽ സർവീസിന് പഠിക്കുന്ന മകൾക്ക് പുസ്തകം സൂക്ഷിക്കാനോ വായിക്കാനോ മേശയോ കസേരയോ അലമാരയോ ഇല്ല. ഇങ്ങനെ നീണ്ട പരാധീനതകൾക്കിടയിലൂടെയാണ് ഭാര്യ കമലയും സുരേഷും ചേർന്ന് മകളെ നാടിന്റെ അഭിമാനസ്ഥാനത്തേക്കുയർത്തിയത്.11 വർഷം മുമ്പ് സർക്കാർ പണിതു നൽകിയ പ്രവൃത്തി പൂർത്തിയാവാത്ത വീട്ടിലാണ് അച്ഛനമ്മമാരും ഇളയ സഹോദരനുമൊപ്പം ശ്രീധന്യ താമസിക്കുന്നത്. സുരേഷ് കൂലിപ്പണിക്കും കമല തൊഴിലുറപ്പ് പണിക്കും പോവും. കൂലിപ്പണി കഴിഞ്ഞാൽ വീടിനോട് ചേർന്ന പുൽക്കുടിലിൽ വെച്ച് കരകൗശല വസ്തുക്കൾ നിർമിച്ച് വിൽപ്പന നടത്തും. മൂത്തമകൾ പാലക്കാട് കോടതിയിൽ ലാസ്റ്റ് ഗ്രേഡ് ജോലിയിലാണെങ്കിലും എട്ട് വയസ്സുള്ള ക്യാൻസർ രോഗിയായ മകന് വേണ്ടിയും പണം കണ്ടെത്തണം. ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കണമെന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്നവനെന്ന നിലയിൽ പലരുമായുള്ള ബന്ധങ്ങൾ മകളുടെ പഠനത്തിന് സഹായകരമായതായി സുരേഷ് പറഞ്ഞു. ഈ താത്പര്യം കൊണ്ടാണ് മകളെ സുവോളജിയിൽ പി ജി എടുപ്പിച്ചത്.

ശ്രീധന്യ

പിന്നീട് പി എച്ച് ഡിക്ക് വിടാമെന്നായിരുന്നു കരുതിയതെങ്കിലും മകളുടെ അഭിരുചി സിവിൽ സർവീസിനാണെന്നറിഞ്ഞപ്പോൾ അതിനനുവദിക്കുകയായിരുന്നു. ആദ്യ വർഷം ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചെങ്കിലും രണ്ടാം വർഷം സ്വകാര്യ സ്ഥാപനത്തിലായതിനാൽ സഹായം ലഭിക്കുകയുണ്ടായില്ല. സന്മനസ്സുള്ള ചില ഉദ്യോഗസ്ഥരുടെ സഹായവും ഒന്നര ലക്ഷത്തോളം കടമായി വാങ്ങിയ പണവുമായാണ് മകളുടെ പരിശീലനം പൂർത്തിയാക്കിയത്. ഇന്ന് രാവിലെ നാട്ടിലെത്തുന്ന ശ്രീധന്യക്ക് വിവിധ സംഘടനകളും നാട്ടുകാരും വൻ സ്വീകരണം ഒരുക്കുന്നുണ്ട്. ശ്രീധന്യയുടെ ഏക സഹോദരൻ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളി ടെക്‌നിക്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് വിദ്യാർഥിയാണ്.

Latest