Connect with us

Palakkad

മാംഗോപാർക്ക്: ലക്ഷ്യം പ്രതിവർഷം ₹3,100 കോടിയുടെ കയറ്റുമതി

Published

|

Last Updated

പാലക്കാട്: വ്യവസായികാടിസ്ഥാനത്തിൽ മാവ് കൃഷിയുള്ള മുതലമടയിൽ മാംഗോപാർക്ക് ലക്ഷ്യമിടുന്നത് പ്രതിവർഷം ₹3,100 കോടിയുടെ കയറ്റുമതി. ഇതിനായുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനായി ₹20 കോടിയുടെ പ്രവൃത്തികളാണ് മുതലമടയിൽ നടത്തുക. മാങ്ങയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ കർഷകർക്ക് പരമാവധി വരുമാനം നേടിക്കൊടുക്കുകയാണ് മാംഗോപാർക്ക് ലക്ഷ്യമിടുന്നത്.

പാർക്ക് സ്ഥാപിക്കുന്നതിനുള്ള പഠന, ഗവേഷണപ്രവർത്തനങ്ങൾ നടന്നുവരുന്നതായി നടത്തിപ്പ് ചുമതലയുള്ള കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ (കെയ്‌കോ) അധികൃതർ പറഞ്ഞു. കർഷകരിൽനിന്ന് വ്യാപാരികൾ നേരിട്ട് വിൽപ്പനക്കെടുക്കുന്ന മാങ്ങ സംസ്‌കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി കയറ്റുമതി നടത്തുകയാണ് മാംഗോ പാർക്ക് ലക്ഷ്യമിടുന്നത്.
അത്യുത്പാദന ശേഷിയുള്ള മാവിനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗ്രാഫ്റ്റിംഗ് സെന്റർ സ്ഥാപിക്കുക, കർഷകർക്ക് ഗ്രൂപ്പ് ഓർഗാനിക് സർട്ടിഫിക്കേഷൻ നൽകുക, ജല മാനേജ്‌മെന്റ്പദ്ധതി നടപ്പാക്കുക എന്നിവക്കുപുറമേ പഴസംസ്‌കരണ യൂനിറ്റുകൾക്കായി കർഷകർക്ക് സഹായം നൽകുന്നതിനും മാംഗോപാർക്ക് സഹായകമാകും. മുതലമടക്ക് പുറമേ സമീപ പഞ്ചായത്തുകളായ കൊല്ലങ്കോട്, എലവഞ്ചേരി, വടകരപ്പതി, പെരുമാട്ടി, എരുത്തേമ്പതി, നെന്മാറ എന്നിവ കേന്ദ്രീകരിച്ച് 3,800 ഹെക്‍ടറിൽ മാവുകൃഷിയുണ്ട്.

മുതലമട മാങ്ങക്ക് സ്വാദിനുപുറമേ നിറത്തിലും മണത്തിലും രൂപത്തിലുമുള്ള മികവാണ് വിപണിമൂല്യം വർധിപ്പിക്കുന്നത്. കിളിച്ചുണ്ടൻ, ബംഗനപ്പള്ളി, സിന്ദൂരം, അൽഫോൺസ, നടശ്ശാല, മല്ലിക, കാലാപാടി, ഹിമയൂൺ, നീലം, സ്വർണമുഖി, രത്‌ന, മൽഗോവ തുടങ്ങിയ ജനപ്രിയ ഇനങ്ങളടക്കം ഇരുപതിലധികം വിഭാഗത്തിൽപ്പെട്ട മാങ്ങകൾ മുതലമടയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ₹3,100 കോടി പ്രതിവർഷ വിറ്റുവരവുണ്ടെങ്കിലും ഇതിന്റെ 20 ശതമാനം തുകപോലും വിലയായി മാങ്ങക്കർഷകർക്ക് ലഭിക്കാത്ത സ്ഥിതിയാണ്. ഇടനിലക്കാരും വ്യാപാരികളുമാണ് കച്ചവടത്തിൽ സാമ്പത്തിക നേട്ടമുണ്ടാക്കുന്നത്.

കയറ്റുമതിക്കുപുറമേ ദക്ഷിണേന്ത്യയിലെ പ്രമുഖ കാർഷിക വിപണനകേന്ദ്രങ്ങളായ കോയമ്പത്തൂർ, പൊള്ളാച്ചി, ഉദുമൽപ്പേട്ട, ഒട്ടൻചത്രം, തേനി, കമ്പം എന്നിവയുടെ സാമീപ്യവും മുതലമട മാഗോപാർക്കിന് ഗുണകരമാവും. അനുകൂല കാലാവസ്ഥമൂലം തമിഴ്‌നാട്ടിലെ വിളവെടുപ്പിന് മൂന്ന് മാസംമുമ്പ് മുതലമടയിലെ മാങ്ങ വിളവെടുക്കാനാവുമെന്നത് മാംഗോ പാർക്കിന്റെ വിപണിസാധ്യത വർധിപ്പിക്കുന്നതായി കെയ്‌കോ അധികൃതർ പറഞ്ഞു.

Latest