Connect with us

Thiruvananthapuram

കേരളത്തിന്റെ സൗന്ദര്യം ആരും കാണാതെ പോകരുതെന്ന് വിദേശ ബ്ലോഗർമാർ

Published

|

Last Updated

തിരുവനന്തപുരം: പ്രകൃതി ഭംഗിയും സാംസ്‌കാരിക വൈവിധ്യവും സമ്മേളിക്കുന്ന കേരളം അവിസ്മരണീയ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് ലോകപ്രശസ്ത ബ്ലോഗർമാർ. സംസ്ഥാന വിനോദസഞ്ചാര വകുപ്പും മേഖലയിലെ പങ്കാളികളും സംയുക്തമായി സംഘടിപ്പിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിലെ 26 ബ്ലോഗർമാരാണ് കേരളത്തെ പ്രകീർത്തിച്ചത്.

മാർച്ച് 21 ന് കൊച്ചിയിൽ ആരംഭിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ആറാം പതിപ്പിന്റെ ഭാഗമായി ഇരുപത്തിയൊന്ന് രാജ്യങ്ങളിൽ നിന്നെത്തിയ 26 ബ്ലോഗർമാർ കേരളത്തിലുടനീളം രണ്ടാഴ്ചത്തെ യാത്ര നടത്തി. ബ്ലോഗർമാരുടെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കേരളത്തിലെ തനത് വിനോദസഞ്ചാര വിഭവങ്ങളെക്കുറിച്ച് ആഗോള ശ്രദ്ധ നേടിയെടുക്കുന്നതിന് ലക്ഷ്യമിട്ടുള്ള യാത്ര വെള്ളിയാഴ്ച കോവളത്ത് സമാപിച്ചു.

ലാറ്റിനമേരിക്കയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇപ്രാവശ്യം ബ്ലോഗർമാരെ എത്തിക്കാനായത് കേരളത്തെക്കുറിച്ച് ആഗോള താത്പര്യം സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരൺ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെയും ടൂറിസം വ്യവസായത്തിന്റെയും സംയുക്ത സംരംഭമായ ഈ യാത്രയിൽ അണിചേർന്നവരെല്ലാം കേരളത്തിന്റെ വക്താക്കളായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ശക്തമായ പ്രാതിനിധ്യമുണ്ടായിരുന്ന കേരള ബ്ലോഗ് എക്‌സ്പ്രസിലെ 26 ബ്ലോഗർമാരിൽ 16 പേരും വനിതകളായിരുന്നു. കേരളത്തിന്റെ വശ്യത ഒപ്പിയെടുക്കുന്ന ആഗോള പ്രചാരണമായ ഹ്യൂമൻ ബെ നേച്ചറിന്റെ ഭാഗമായായിരുന്നു ഈ സംരംഭം. അമ്പതിലധികം രാജ്യങ്ങളിൽ നിന്ന് ലഭിച്ച 7,000 എൻട്രികളിൽ നിന്നാണ് ബ്ലോഗർമാരെ തിരഞ്ഞെടുത്തത്.
ബ്ലോഗർമാർക്ക് അനുഭവങ്ങൾ കുറിക്കുന്നതിനും പോസ്റ്റ് ചെയ്യുന്നതിനുമുള്ള അത്യാധുനിക സജ്ജീകരണങ്ങൾ യാത്രയിലുടനീളം ഒരുക്കിയിരുന്നു.
സാഹസിക ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ, സംസ്‌കാരം, ശാസ്ത്രീയ കലാരൂപങ്ങൾ, ഭക്ഷ്യവിഭവങ്ങൾ എന്നിവയിലധിഷ്ഠിതമായ അനുഭവങ്ങളാണ് ബ്ലോഗർമാർക്കായി ഒരുക്കിയിരുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. കെ ടി എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരവും പങ്കെടുത്തു.

Latest