Connect with us

Education

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം: സർക്കാർ ഉത്തരവ് അട്ടിമറിക്കുന്നു

Published

|

Last Updated

വ്യവസ്ഥകൾ പാലിക്കുന്ന എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന സർക്കാർ ഉത്തരവ് അട്ടിമറിക്കുന്നു. ചില എ ഇ ഒ, ഡി ഇ ഒ ഓഫീസുകളിലാണ് നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫയലുകളിൽ തീർപ്പ് കൽപ്പിക്കാതെ അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത്. 2016 ഡിസംബറിലെ കേരള വിദ്യാഭ്യാസ ചട്ട ഭേദഗതി ഉത്തരവ് വീണ്ടും തിരുത്തി 2019 ഫെബ്രുവരി 28ന് സർക്കാർ പുതിയ ഉത്തരവിറക്കിയിരുന്നു. മാർച്ച് എട്ടിന് ഇതിന്റെ സ്പഷ്ടീകരണ ഉത്തരവും ഇറക്കി. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം അനാവശ്യ സംശയങ്ങൾ ഉന്നയിച്ചാണ് പല ഓഫീസർമാരും ഫയലുകൾ തീർപ്പാക്കാതെ വെച്ചിരിക്കുന്നത്.
1979 ന് ശേഷം നിലവിൽ വന്നതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളിൽ ഒരു സംരക്ഷിത അധ്യാപകനെ നിലനിർത്തുകയോ ജൂൺ ഒന്നിന് നിയമിക്കുകയോ ചെയ്യുമെന്നുള്ള സമ്മതപത്രം മാനേജർ നൽകിയാൽ 2016 മുതലുള്ള റഗുലർ തസ്തികയിലെ നിയമനാംഗീകാരങ്ങൾ നിയമന തീയതി പ്രകാരം നൽകാമെന്നുള്ള ഉത്തരവുണ്ട്. എന്നാൽ ഇത്തരം ഫയലുകൾ തീർപ്പ് കൽപ്പിക്കാത്ത അവസ്ഥയുണ്ട്. ഇത്തരത്തിൽ ഫയലുകൾ അനാവശ്യമായി നീട്ടിക്കൊണ്ട് പോകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

നിയമനാംഗീകാരം നീട്ടിക്കൊണ്ടുപോകുന്ന കാര്യത്തിൽ വിവിധ എ ഇ ഒ, ഡി ഇ ഒ ഓഫീസർമാർക്കെതിരെ സർക്കാറിന് നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. നിയമന പ്രൊപ്പോസലുകളിലെ തിരുത്താവുന്ന തെറ്റുകൾ പോലും ചൂണ്ടിക്കാട്ടി അംഗീകാരം നിരസിക്കുന്നതായി പരാതികളിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ് കർശനമാക്കിയത്. അതേസമയം ചില എ ഇ ഒ, ഡി ഇ ഒ ഓഫീസുകളിൽ നിയമനാംഗീകാര പേപ്പറുകളിൽ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി എ ഇ ഒ/ഡി ഇ ഒ മാർ ഏപ്രിൽ ആറിനകം വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ ഒട്ടുമിക്ക ഓഫീസർമാരും ഈ നിർദേശം പാലിച്ചിട്ടില്ല. ഇതേ തുടർന്ന് വിവരങ്ങൾ നൽകാനുള്ള തീയതി ഈ മാസം പത്ത് വരെയാക്കി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി.

അതേസമയം കെ ടെറ്റ് ഇളവ്, കെ ഇ ആർ ഭേദഗതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം നിരസിക്കപ്പെട്ടതും തീർപ്പാകാതെ കിടക്കുന്നതുമായ ഫയലുകൾ പരിശോധിക്കുന്നതിനുമായി ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലും ഈ മാസം അവസാനം സന്ദർശനം നടത്തും. അതേസമയം സർക്കാർ പുതിയ ഉത്തരവിറക്കിയിട്ടും 2016 മുതൽ അധിക തസ്തികയിൽ നേരിട്ട് നിയമനം നേടിയവരും ലീവ് വേക്കൻസിയിൽ നിയമനം നേടിയവരുമായ അധ്യാപകരുടെ ദുരിതത്തിന് അറുതിയായിട്ടില്ല. ഇവർക്ക് അംഗീകാരം ലഭിക്കാൻ 1:1 പാലിക്കണമെന്ന് മാത്രമാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഇത് നടപ്പാക്കുമ്പോൾ മൂന്ന് വർഷമായി നിയമിതരായ 900 ത്തോളം അധ്യാപകരിൽ പകുതി പേരും പുറത്ത് പോകേണ്ട സാഹചര്യമാണുണ്ടാകുകയെന്ന് അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ എല്ലാ വിഭാഗം അധ്യാപകരുടെയും നിയമനങ്ങൾ അംഗീകരിക്കുന്ന തരത്തിലുള്ള ഉത്തരവ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest