Connect with us

Kozhikode

രാഘവനെതിരെ ആരോപണവുമായി മുൻ റേഷനിംഗ് ഇൻസ്‌പെക്ടറും

Published

|

Last Updated

കോഴിക്കോട്: എം പി രാഘവനെതിരെ ആരോപണവുമായി മുൻ റേഷനിംഗ് ഇൻസ്‌പെക്ടർ. 2011 സെപ്തംബറിൽ എട്ട് ക്വിന്റൽ റേഷനരിയും ആറ് ക്വിന്റൽ ഗോതമ്പും മറിച്ചുവിറ്റതിന് റേഷൻ കടക്കാരനെതിരെ നടപടിയെടുത്ത തന്നെ എം കെ രാഘവൻ സ്ഥലം മാറ്റിയെന്ന് ആരോപിച്ചാണ് മുൻ റേഷനിംഗ് ഇൻസ്‌പെക്ടർ തോമസ് നടുവിലക്കര രംഗത്തെത്തിയത്.

ഇത് സംബന്ധിച്ച് സംസാരിക്കാൻ ഒരു കോൺഗ്രസ് നേതാവിനെയും കൂട്ടി എം പിയുടെ അടുത്ത് പോയപ്പോൾ “എല്ലാവരും എ കെ ആന്റണിയായാൽ ശരിയാകില്ലെന്നും റേഷൻ കടക്കാരൻ മോക്ഷം കിട്ടാനല്ല ബിസിനസ് ചെയ്യുന്നതെന്നും കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണമെന്നു”മായിരുന്നു എം പിയുടെ പ്രതികരണമെന്നാണ് തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇപ്പോൾ എം കെ രാഘവനെതിരെ ഉയർന്ന ആരോപണം രാഷ്ട്രീയ സ്വാധീനമില്ലാത്ത തനിക്ക് വേണ്ടി ദൈവം പ്രതികാരം ചെയ്തതാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നുവെന്ന കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവന്റെ പരാതിയിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എ കെ ജമാലുദ്ദീൻ അന്വേഷണമാരംഭിച്ചു.

പോലീസ് കമ്മീഷണർ എ വി ജോർജിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് അന്വേഷണം നടക്കുന്നത്. തനിക്കെതിരെ ഒരു ദൃശ്യമാധ്യമം വ്യാജശബ്ദശകലം ഉൾപ്പെടുത്തി എഡിറ്റ് ചെയ്ത് ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഈ വീഡിയോ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തും തന്റെ പേര് ചേർത്തും ചിലർ വ്യക്തിഹത്യക്ക് ശ്രമിക്കുന്നതായാണ് രാഘവൻ കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. വീഡിയോ സൈബർ സെല്ലിന്റെ സഹായത്തോടെ നീക്കം ചെയ്യണമെന്നും ഇത് പ്രസിദ്ധീകരിച്ചവർക്കും ഷെയർ ചെയ്തവർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം, കോഴ ആരോപണത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന രാഘവന്റെ പരാതിയിൽ കണ്ണൂർ റെയ്ഞ്ച് ഐ ജിയും ജില്ലാകലക്ടറും വിശദമായ അന്വേഷണം ആരംഭിച്ചു.

Latest