Connect with us

Articles

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ നേപ്പാളിൽ നിന്ന് പഠിക്കേണ്ടത്

Published

|

Last Updated

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്തതുപോലെ ഏകീകരിക്കുകയും ഒന്നാകുകയും വേണമെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി (യുനൈറ്റഡ് മാർക്‌സിസ്റ്റ് -ലെനിനിസ്റ്റ്) ചെയർമാനും മുൻ നേപ്പാൾ പ്രധാനമന്ത്രിയുമായ ജലാനാഥ് ഖനാൽ തിരുവനന്തപുരത്ത് അഭിപ്രായപ്പെട്ടത് ഗൗരവമായ ചർച്ചക്ക് വിധേയമാക്കേണ്ട ഒന്നാണ്.

നേപ്പാളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് അവിടുത്തെ മുഖ്യ കമ്മ്യൂണിസ്റ്റ് പാർട്ടികൾ യോജിച്ച് മത്സരിക്കാൻ തയ്യാറായത്. മുൻ പ്രധാനമന്ത്രി ഒലീന നയിക്കുന്ന സി പി എൻ- യു എം എല്ലും മുൻ പ്രധാനമന്ത്രി പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സി പി എൻ – മാവോവാദികളുമാണ് യോജിച്ച് മത്സരിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഈ ഐക്യം കൊണ്ട് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നൽകി അവിടുത്തെ ജനങ്ങൾ ഈ പാർട്ടികളെ അധികാരത്തിൽ എത്തിക്കുകയാണ് ഉണ്ടായത്.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഈ മുന്നണി നേപ്പാളിൽ അധികാരമേറ്റടുത്തതിന് ശേഷമാണ് പാർട്ടികളുടെ ഏകീകരണം വിപുലമായ ചർച്ചക്ക് വിധേയമാകുകയും ഈ പാർട്ടികൾ ഒന്നായി പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തത്.
കമ്മ്യൂണിസ്റ്റ്പാർട്ടികളുടെ ഐക്യംകൊണ്ട് ഏറ്റവും വലിയ തകർച്ച നേരിട്ടത് നേപ്പാളി കോൺഗ്രസിനാണ്. നേപ്പാളിൽ രാജാധിപത്യം അവസാനിപ്പിച്ച്, ജനാധിപത്യം നിലവിൽ വന്ന അന്നു മുതൽ ഏറ്റവും വലിയ കക്ഷിയായി നിലകൊണ്ടിരുന്ന പാർട്ടിയാണ് നേപ്പാളി കോൺഗ്രസ്. ആ പാർട്ടിക്കാണ് ഇപ്പോൾ വലിയ പരാജയം ഏൽക്കേണ്ടിവന്നിരിക്കുന്നത്. ഇന്ത്യയിലെ നെഹ്‌റു കുടുംബം പോലെ വലിയ ജനപിന്തുണ ദശാബ്ദങ്ങളായി ആർജിച്ചിട്ടുള്ള ഒരു കുടുംബമാണ് നേപ്പാളി കോൺഗ്രസ് നയിച്ച കൊയ്‌രാള കുടുംബം. വി പി കൊയ്‌രാളയും എം വി കൊയ്‌രാളയും സുശീൽ കൊയ്‌രാളയുമെല്ലാം പാർട്ടി അധ്യക്ഷന്മാരും പ്രധാനമന്ത്രിമാരുമൊക്കെ ആയിരുന്നു. രാജവാഴ്ചക്ക് അനുകൂലമായ സമീപനമായിരുന്നു നേപ്പാളി കോൺഗ്രസ് നേരത്തേ കൈക്കൊണ്ടിരുന്നത്. രാജപക്ഷപാതികളായ ചില പാർട്ടികളുമായി ചേർന്നുകൊണ്ട് തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനും നേപ്പാളി കോൺഗ്രസ് തയ്യാറായിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് രാജവാഴ്ചക്കെതിരായി ജനാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടി നേപ്പാളിലെ ജനങ്ങൾ ഇടതുപക്ഷത്തിന് വമ്പിച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ചത്.

സർക്കാറിനെതിരെ ആയുധമെടുത്ത് പോരാടിയിരുന്ന മാവോയിസ്റ്റ് സെന്റർ സമാധാന കരാറിൽ ഒപ്പുവെച്ച് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് ഈ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്. യു എം എല്ലും മാവോയിസ്റ്റ് സെന്ററും തിരഞ്ഞെടുപ്പ് സഖ്യത്തിൽ എത്തുകയും ചെയ്തു. രാജ്യത്തെ ഇടതുപക്ഷ ജനവിഭാഗത്തെ ആകെ ആവേശം കൊള്ളിച്ച ഈ സഖ്യം തിരഞ്ഞെടുപ്പ് ഫലത്തിൽ കൂടി ഈ കൊച്ചു രാജ്യത്തിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
നേപ്പാളിലെ തിരഞ്ഞെടുപ്പ് ഫലം ബി ജെ പി നേതൃത്വത്തിലുള്ള മോദി സർക്കാറിനെ നിരാശപ്പെടുത്തിയിരിക്കുകയാണ്. നേപ്പാളി കോൺഗ്രസിനേയും അതിന്റെ സർക്കാറുകളെയും മുൻ കോൺഗ്രസ് സർക്കാറുകളെപ്പോലെ മോദി സർക്കാറും ശക്തമായി പിന്തുണച്ചിരുന്നു. മധേശി പ്രശ്‌നം ഉയർത്തി അന്നത്തെ കെ പി ഒലി സർക്കാറിനെതിരായി ഉപരോധം പോലും മോദി സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. അവിടെ ഹിന്ദുമത ശക്തികൾക്കെതിരായി ഇടതുപക്ഷം അധികാരത്തിൽ എത്തുന്നത് ഇന്ത്യൻ ഭരണാധികാരികൾക്ക് സഹിക്കാൻ കഴിയുന്നതല്ല. ജാതി മത ശക്തികളുടെ വിജയമാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ നേപ്പാളിൽ സംഭവിച്ചത് ഇതിന് കടകവിരുദ്ധമായ ഒന്നാണല്ലോ.

ഈ സാഹചര്യത്തിലാണ് നേപ്പാൾ മാതൃകയിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്ന ജലാനാഥ് ഖനാലിന്റെ അഭിപ്രായം ശ്രദ്ധേയമാകുന്നത്. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. ഇത് പാർലിമെന്ററി ജനാധിപത്യത്തിൽ സംഭവിക്കാവുന്നതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ മികച്ച വിജയമുണ്ടാകുമെന്നും ഖനാൽ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുന്നോട്ടുവെക്കുന്ന അജൻഡയെ അടിസ്ഥാനപ്പെടുത്തിയാണ് ജയസാധ്യത. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മികച്ച വിജയം നേടാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ആത്യന്തികമായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ പുരോഗമനാത്മകമാണ്. അടിസ്ഥാനപരമായി അത് ജനങ്ങളുടെ പാർട്ടിയാണ്. ഇന്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പിന് മതേതരത്വം അനിവാര്യമാണ്. നേപ്പാൾ ഇന്ത്യയോടും ചൈനയോടും സന്തുലിത ബന്ധമാണ് പുലർത്തുന്നത്. രണ്ട് രാജ്യങ്ങളും അതിവേഗം വളരുന്ന ലോകശക്തികളാണ്. ഇന്ത്യക്കും ചൈനക്കും ഇടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പക്ഷം ചേരാതെ നിൽക്കുന്നതാണ് നേപ്പാളിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനമാണ് നേപ്പാളിന്റെ പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര ബന്ധങ്ങളിൽ നേപ്പാളിന് ഈ രാജ്യത്തിന്റെതായ രീതികളും നയങ്ങളുമുണ്ട്. നേപ്പാളിൽ ബുദ്ധ, ഹിന്ദുമത വിശ്വാസങ്ങൾക്ക് പുറമേ ഇസ്‌ലാം, ക്രിസ്ത്യൻ മതങ്ങൾക്കും വളർച്ചയുള്ള നാടാണ്. ചുരുക്കം ചില ജനവിഭാഗങ്ങൾ മാത്രമാണ് നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കാനും മതേതര ഭരണഘടന നീക്കാനും ആവശ്യപ്പെടുന്നത്. ഭൂരിഭാഗം ജനങ്ങളും മതേതരത്വത്തിനും അതിന് അനുസൃതമായ ഭരണഘടനക്കും വേണ്ടി നിലകൊള്ളുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഏകീകരിക്കപ്പെടുകയും ലയിക്കുകയും വേണമെന്നാണ് ഖനാലിന്റെ അഭിപ്രായം. ഇത് ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണെന്നുള്ളതിൽ തർക്കമില്ല ലോകത്തൊട്ടാകെ കമ്മ്യൂണിസ്റ്റ് – ഇടത് പാർട്ടികൾ യോജിക്കുകയും ഏകീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇടത് ട്രേഡ് യൂനിയനുകൾ ഇതിനകം തന്നെ യൂറോപ്യൻ രാജ്യങ്ങളിലാകെ ഏകീകരിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ തൊട്ടടുത്തുള്ള പാക്കിസ്ഥാനിൽ പോലും ട്രേഡ് യൂനിയനുകളെല്ലാം യോജിച്ച് ഒന്നായി കഴിഞ്ഞിരിക്കുകയാണ്.

അഡ്വ. ജി സുഗുണൻ ‌• adv_gsugunan@gmail.com

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest