Connect with us

Editorial

നികുതിയും നോട്ട് നിരോധനവും

Published

|

Last Updated

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നികുതി വരുമാനത്തിന്റെ കാര്യത്തിലും കേന്ദ്ര സർക്കാറിന്റെ അവകാശവാദങ്ങൾ പൊളിഞ്ഞിരിക്കുന്നു. നോട്ട് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് കഴിഞ്ഞ മൂന്ന് വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പരിശോധിച്ചാൽ വ്യക്തമാകും.

നോട്ടു നിരോധത്തിന്റെ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടിയിരുന്നതിൽ പ്രധാനമായിരുന്നു നികുതിദായകരുടെ എണ്ണം വർധിച്ചുവെന്നത്. എന്നാൽ ഇതിനെ അപ്പാടെ തള്ളിക്കളയുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
നോട്ടുനിരോധം നടപ്പിലാക്കിയ 2016-17 സാമ്പത്തിക വർഷം നികുതി അടച്ചുവന്നിരുന്ന 88 ലക്ഷം പേർ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തെ തുടർന്ന് 2016-17 സാമ്പത്തിക വർഷം 1.06 കോടി പുതിയ നികുതിദായകർ എത്തിയെന്നും ഇത് മുൻ വർഷത്തെക്കാൾ 25 ശതമാനം കൂടുതലാണെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഉന്നയിച്ച അവകാശവാദം പൊള്ളയായിരുന്നുവെന്നാണ് ആദായ നികുതി വകുപ്പിന്റെ പുതിയ കണക്കുകൾ സമർഥിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ കണക്കുകൾ പ്രകാരം നേരത്തേ നികുതി അടച്ചിരുന്നവർപോലും നോട്ടുനിരോധനം വന്ന ശേഷം നികുതിയടക്കുന്നതിൽ നിന്ന് പിന്നോട്ട് പോയെന്നാണ് വ്യക്തമാകുന്നത്. നോട്ടുനിരോധനത്തിന് ശേഷം ആ സാമ്പത്തിക വർഷം അവശേഷിച്ച നാല് മാസം മാത്രം നികുതി റിട്ടേൺ സമർപ്പിക്കാതെ മാറി നിന്നത് തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ പത്തിരട്ടിയായിരുന്നു. 2015-17 സാമ്പത്തിക വർഷം റിട്ടേൺ സമർപ്പിക്കാതിരുന്നവരുടെ എണ്ണമാണ് 8.56 ലക്ഷത്തിൽ നിന്ന് 88 ലക്ഷമായി ഉയർന്നത്. 2012-13 ൽ ഇത് 37.54 ലക്ഷവും, 2014-15 ൽ 16.32 ലക്ഷവുമായിരുന്നു.
നികുതിദായകരുടെ എണ്ണത്തിലെ വർധന പ്രതീക്ഷിക്കുകയും ഏകീകൃത ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പിൽ വരുത്തുകയും ചെയ്തതിന് ശേഷവും ലഭ്യമാകുന്ന നികുതി വരുമാനത്തിന്റെ കണക്കുകൾ അത്ര ആശാവഹമല്ല. ഇതോടൊപ്പം വൻ നികുതി വരുമാന വിപ്ലവം ലക്ഷ്യമിട്ട് നടപ്പാക്കിയ ജി എസ് ടിയും നികുതി വരുമാനത്തിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മുൻ വർഷത്തെ അപേക്ഷിച്ച് 14.3 ശതമാനം വരുമാന വളർച്ചയാണ് നേടാനായതെന്ന് ജി എസ് ടി കണക്കുകൾ പറയുന്നു. അതേസമയം എൻ ഡി എ സർക്കാറിന്റെ കാലത്ത് രാജ്യത്തിന്റെ കടബാധ്യത 49 ശതമാനം വർധിച്ച് 82 ലക്ഷം കോടി രൂപയിലെത്തി നിൽക്കുകയാണ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ 2014 ജൂണിലെ കണക്കുപ്രകാരം 54,90,763 കോടി രൂപയായിരുന്നു ബാധ്യത. ഇത് 2018 സെപ്തംബറിൽ 82,03,253 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്.
ഇതോടൊപ്പം അടുത്ത സാമ്പത്തിക വർഷത്തെ ഇന്ത്യൻ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) കുറയുമെന്ന റിപ്പോർട്ടും രാജ്യത്തെ ഗുരുതരമായ സാമ്പത്തിക തകർച്ചയാണ് സൂചിപ്പിക്കുന്നത്. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ്‌സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന പ്രവചനമുള്ളത്. നടപ്പു സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് മുമ്പ് പ്രവചിച്ചതിനെക്കാൾ കുറവായിരിക്കുമെന്നാണ് ഫിച്ച് പറയുന്നത്. വായ്പാ പലിശ നിരക്കുകളിൽ റിസർവ്‌ബേങ്ക് മാറ്റം വരുത്തിയതാണ് നിരക്ക് കുറയാൻ കാരണം. റിസർവ് ബേങ്ക് വായ്പാ പലിശനിരക്ക് 0.25 ബേസിക്‌സ് പോയിന്റാണ് കുറച്ചത്. നടപ്പുസാമ്പത്തിക വർഷം ജി ഡി പിയിൽ ഏഴ് ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നുവെങ്കിലും 6.8 ശതമാനം വളർച്ച മാത്രമേ ഉണ്ടാകൂവെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നുണ്ട്. തൊട്ടടുത്ത വർഷം 7.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

നോട്ട് നിരോധനം കള്ളപ്പണം തിരികെ കൊണ്ടുവന്നുവെന്ന അവകാശവാദം നേരത്തേ പൊളിഞ്ഞതാണ്. ഇപ്പോഴിതാ നികുതിയുടെ കണക്കും വന്നിരിക്കുന്നു. നികുതിദായകന്റെ നട്ടെല്ലൊടിക്കുന്ന ഏർപ്പാടായിരുന്നു ഇതെന്നതിന് മറ്റെന്ത് തെളിവ് വേണം. ഒരു സാമ്പത്തിക ശുദ്ധീകരണവും നടന്നില്ല. ആരൊക്കെയാണ് ഈ സാമ്പത്തിക സർജിക്കൽ സ്‌ട്രൈക്കിൽ നിന്ന് ഗുണമുണ്ടാക്കിയതെന്ന് ഇനിയും വെളിപ്പെടാനിരിക്കുന്നതേയുള്ളൂ.

രാജ്യത്തിന് പുറത്താണ് കള്ളപ്പണമുള്ളതെന്നും അത് തിരികെ കൊണ്ടുവരാനുള്ള ഇച്ഛാശക്തിയാണ് സർക്കാറിന് ഉണ്ടാകേണ്ടതെന്നുമാണ് നേരായി ചിന്തിക്കുന്ന സാമ്പത്തിക വിദഗ്ധരെല്ലാം ചൂണ്ടിക്കാണിച്ചത്. അത് തെളിയിക്കുന്ന നിരവധി വസ്തുതാ റിപ്പോർട്ടുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ ആ ദിശയിൽ ഒന്നും ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് സാധിച്ചിട്ടില്ല. ഇന്ത്യൻ ബേങ്കുകളിൽ നിന്ന് കോടികൾ അടിച്ചു മാറ്റി നാടു വിട്ടവർക്കെതിരെയും നടപടി ഫലപ്രദമല്ല. റിസർവ് ബേങ്ക് ഓഫ് ഇന്ത്യയിലെ വിദഗ്ധരുടെ പോലും മുന്നറിയിപ്പ് അവഗണിച്ചാണ് നോട്ടുനിരോധനം നടപ്പാക്കിയത്. തൊഴിൽ, വ്യാവസായിക ഉത്പാദനം, കാർഷികം തുടങ്ങി സർവ മേഖലയിലും നോട്ടുനിരോധനം ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാർ ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തേണ്ടതാണ്.

Latest