Connect with us

Articles

ചലനം സൃഷ്ടിക്കുമോ ഈ കർഷക നിലപാട്?

Published

|

Last Updated

രാജ്യം ഏറെ നിർണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. എക്കാലവും പറയുന്നതുപോലുള്ള സാമാന്യ വാചകമല്ല ഇത് ഇന്ന്. ഈ രാജ്യം അതിന്റെ തനതായ മൂല്യങ്ങളോടെ നിലനിൽക്കണോ വേണ്ടയോ എന്ന് തന്നെയാണ് ചോദ്യം. സർവ വിഭാഗങ്ങളും കടുത്ത നിരാശയിലും വേദനയിലുമാണ്. അക്കൂട്ടത്തിൽ ഏറ്റവും മുന്നിൽ കർഷകർ തന്നെയാണ്. കർഷകരാണ് ഒരു രാജ്യത്തിന്റെ വളർച്ചയിൽ നിസ്സീമമായ പങ്ക് വഹിക്കുന്നതെന്നിരിക്കെ, അവരെ ഇകഴ്ത്തിക്കൊണ്ടുള്ള, അവരുടെ ആവശ്യങ്ങൾ പരിഗണിക്കാതെ ഭരണസാരഥ്യം വഹിക്കുന്ന നേതാക്കളുടെ നീക്കം രാജ്യത്തിന്റെ പുരോഗതിയെ എത്ര ഭീകരമായായിരിക്കും ബാധിക്കുക. കഴിഞ്ഞ യു പി എ ഭരണകാലത്ത് നടന്ന കർഷകവിരുദ്ധ നീക്കങ്ങൾ മോദി സർക്കാറിനോളം വരില്ല. പക്ഷേ, കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പു കാലത്ത് നരേന്ദ്ര മോദി ഏറെ വിമർശനവിധേയമാക്കിയത് യു പി എ ഭരണകാലത്ത് നടന്ന കർഷക ആത്മഹത്യകളായിരുന്നു. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ തനിക്ക് ഇനി ഉറക്കമില്ലെന്നായിരുന്നു അന്ന് മോദിയുടെ പ്രസ്താവന. എന്നാൽ, ഭരണത്തിലേറിയതിനു പിന്നാലെ അടങ്ങാത്ത കർഷകവിരുദ്ധ നടപടികളിലൂടെയാണ് മോദി സർക്കാർ മുന്നോട്ടുപോയത്. കടക്കെണിയിലാണ് കർഷകർ. ഇതാണ് ആത്മഹത്യയിലേക്ക് അവരെ നയിക്കുന്നത്. ഭൂമി പാട്ടത്തിനെടുക്കും. ഒപ്പം വലിയ പലിശക്ക് വായ്പയും. വിളനാശവും വിലയിടിവും അവധിവ്യാപാരത്തിന്റെ ചതിവലകളും കർഷകരെ രക്ഷപ്പെടുത്താനാകാത്ത കടക്കെണിയിലേക്കാണ് നയിക്കുക.

പൊതുവേ ശാന്തരും അസംഘടിതരുമായ കർഷകരെ ഇത്തവണ കടുത്ത പ്രക്ഷോഭത്തിലേക്ക് നയിച്ചത് മുൻ സർക്കാറുകളെ മുഴുവൻ അപ്രസക്തമാക്കി മോദി സർക്കാർ കർഷക ദ്രോഹം ശീലമാക്കിയപ്പോഴാണ്. യു പിയിലെ കരിമ്പ് കർഷകർക്കുള്ള കുടിശ്ശിക നൽകിയില്ല. അവധി വ്യാപാരം നിയന്ത്രിച്ചും കുത്തക സംഭരണം നിരോധിച്ചും കർഷകർക്ക് താങ്ങായില്ല. താങ്ങുവിലയിൽ വൻ തിരിമറി നടത്തി കർഷകരെ ചതിച്ചു. കർഷകർക്ക് തെരുവിലിറങ്ങാതെ വഴിയില്ലായിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഛത്തീസ്ഗഢ്, ഉത്തർ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരാണ് പ്രത്യക്ഷ പ്രക്ഷോഭ രീതികളിലേക്ക് മുന്നിട്ടിറങ്ങിയത്. മധ്യപ്രദേശിൽ വെടിവെപ്പിൽ കർഷകർ മരിച്ചു വീണു. ഓരോ പ്രദേശത്തെയും കർഷകർ വ്യത്യസ്ത രീതിയിലാണ് സർക്കാറിനെതിരെ പ്രതിഷേധിച്ചത്. 2016 നവംബർ എട്ടിന് കൊട്ടിഘോഷിച്ച് നടപ്പിൽ വരുത്തിയ നോട്ടുനിരോധനവും കർഷകരെ ചെറിയ തോതിലൊന്നുമല്ല ബാധിച്ചത്. താങ്ങുവില കുറച്ചും എടുത്തുകളഞ്ഞുമുള്ള സർക്കാർ നടപടിയിൽ തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ വിളകളെല്ലാം റോഡിലുപേക്ഷിച്ചും നശിപ്പിച്ചുമാണ് കർഷകർ അന്ന് പ്രതിഷേധമറിയിച്ചത്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും മുമ്പെങ്ങുമില്ലാത്ത കർഷക ഐക്യം രൂപപ്പെട്ടതിന്റെ ഫലമായാണ് വൻ ജനാവലിയുള്ള കർഷക പ്രക്ഷോഭ പരിപാടികൾ സർക്കാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്. മുന്നൂറോളം കർഷക സംഘടനകൾ ചേർന്ന് രൂപംനൽകിയ കിസാൻ സമന്വയൻ സമിതിയുടെ നേതൃത്വത്തിൽ നടന്ന കൂറ്റൻ കർഷക മുന്നേറ്റത്തിന് രാജ്യം സാക്ഷിയായിട്ടുണ്ട്. ഡൽഹിയിലെ ജന്തർമന്തർ ലക്ഷ്യമാക്കി, കർഷകർ വെടിയേറ്റുമരിച്ച മൻസോറിൽ നിന്ന് തുടങ്ങിയ കിസാൻ മുക്തിയാത്ര രാജ്യത്തെ കർഷകമുന്നേറ്റ ചരിത്രത്തിൽ പുതിയൊരു ചരിത്രം തീർക്കുന്നതായിരുന്നു. മോദി സർക്കാറിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ പാർലിമെന്റിലേക്ക് നടത്തിയ പടുകൂറ്റൻ റാലിയിൽ ഒരുലക്ഷത്തോളം പേർ പങ്കെടുത്തുവെന്നത് രാജ്യത്തെ കർഷകശക്തി തെളിയിക്കുന്നതായി. കടബാധ്യതമൂലം ജീവനൊടുക്കിയ കർഷകരുടെ തലയോട്ടിയുമേന്തിയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകരെത്തിയിരുന്നത്. രാജ്യത്തെ മിക്ക കർഷക സമരങ്ങളുടെയും മുഖ്യ ആവശ്യം സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾക്കനുസൃതമായി താങ്ങുവില നിയന്ത്രിക്കാൻ സ്ഥിരം സംവിധാനം വേണമെന്നതാണ്.

കർഷക ആത്മഹത്യ തടയാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഗുജറാത്തിലെ സിറ്റിസൻ റിസോഴ്‌സ് ആൻഡ് ആക്ഷൻ ഇനീഷ്യേറ്റീവ് എന്ന സംഘടനയാണ് ഹരജി നൽകിയത്. എന്നാൽ, സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ കെ കെ വേണുഗോപാൽ കോടതിയെ ബോധിപ്പിച്ചത്, കർഷകർക്കുവേണ്ടി എൻ ഡി എ സർക്കാർ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവ നടപ്പിലായാൽ കർഷക ആത്മഹത്യ ഇല്ലാതാകുമെന്നും നടപ്പിലാകാൻ കൂടുതൽ സമയമെടുക്കുമെന്നും അതിന്റെ ഗുണം അനുഭവിക്കാൻ ഒരു വർഷം കാത്തിരിക്കേണ്ടിവരുമെന്നുമാണ്. ആറ് മാസത്തിനകം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് അന്ന് സുപ്രീം കോടതി നിർദേശിക്കുകയുണ്ടായി. 30,000 കോടി കടം എഴുതിത്തള്ളുമെന്നാണ് അന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നത്. യു പിയിലും ഇത്തരത്തിൽ കടം എഴുതിത്തള്ളാൻ 36,000 കോടിയോളം വരും. പല സംസ്ഥാനങ്ങളിൽ നിന്നുമായി മൊത്തം 2.57 ലക്ഷം കോടി രൂപ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. എന്നാൽ, പൊടുന്നനെ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ പത്ര സമ്മേളനം വന്നു. കടം എഴുതിത്തള്ളാൻ ഒരു രൂപ പോലും കേന്ദ്രം വഹിക്കില്ലെന്നും സംസ്ഥാന സർക്കാറുകൾക്കാണ് അതിന്റെ ചുമതലയെന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. കടം എഴുതിത്തള്ളുമെന്ന ആശ്വാസകരമായ പ്രഖ്യാപനത്തിന് കരിനിഴൽ വീഴ്ത്തുന്നതായിരുന്നു ഇത്. തുടർന്ന് സംസ്ഥാന സർക്കാറുകൾക്കും അതേറ്റെടുക്കാൻ കഴിയാത്ത അവസ്ഥയാണുണ്ടായത്.

യഥാർഥത്തിൽ, രാജ്യത്തു നടന്ന കർഷക മുന്നേറ്റങ്ങൾ കേന്ദ്ര സർക്കാറിനെതിരായ ഒറ്റപ്പെട്ട സമരങ്ങളായോ കർഷക സംഘടനകളുടെ മാത്രം മുന്നേറ്റമായോ കാണാനാകില്ല. മറിച്ച് അതുവഴി വൻ പ്രതിപക്ഷ ഐക്യമാണ് രൂപപ്പെട്ടത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത് സി പി എം അടക്കമുള്ള കക്ഷികളുമായി അർഥവത്തായ സഹകരണത്തിന് സാഹചര്യമൊരുക്കി. എ എ പിയും സഹകരണത്തിലേക്ക് വന്നു. (എന്നാൽ പിന്നീട് അത്തരമൊരു സഖ്യത്തിന് മൂർത്തരൂപം കൈവരിക്കാനായില്ലെന്നത് കക്ഷി രാഷ്ട്രീയത്തിലെ ദുരവസ്ഥ). ഡി എം കെയുമായുള്ള കോൺഗ്രസിന്റെ സഹകരണം ശക്തമായി. രാജ്യത്ത് ഈയടുത്ത് നടന്ന മിക്ക കർഷക മുന്നേറ്റങ്ങളിലും എതിർപാർട്ടികൾ ഒരുമിച്ചുനിൽക്കുന്ന കാഴ്ചയാണ് കണ്ടത്. കേന്ദ്ര സർക്കാറിന്റെ കർഷകവിരുദ്ധ നീക്കങ്ങൾക്കെതിരെ വ്യക്തമായ മേൽക്കൈ നേടാൻ സാധിച്ചില്ലെങ്കിലും, ആത്യന്തികമായി ശക്തമായൊരു ജനസ്വാധീനം രൂപപ്പെടുത്താനായെന്നു പറയാനാകും. രാജ്യത്തെ എഴുപത് ശതമാനത്തോളം വരുന്ന ജനങ്ങളും നേരിട്ടോ അല്ലാതെയോ ഇടപെടുന്ന കാർഷികരംഗമാണ് ഇന്ത്യയിലേതെന്നിരിക്കെ, ഈ മേഖലയോടുള്ള അവഗണനയിൽ നിന്ന് രൂപപ്പെടുന്ന ഐക്യനിര സമരോത്സുകമായ വലിയ പൗരസമൂഹത്തെ സൃഷ്ടിക്കുമെന്നുറപ്പാണല്ലോ. രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം ഈ സമരങ്ങളുടേത് കൂടിയായിരുന്നുവെന്ന് കാണണം.
കർഷക വിഷയം ആളിക്കത്തിക്കൊണ്ടിരിക്കുമ്പോൾ, ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായതാണ് കർഷകസാന്നിധ്യം. 189 സ്ഥാനാർഥികൾ മത്സരിക്കുന്ന നിസാമാബാദിൽ 170ലധികം പേരും കർഷകരാണ്. ഇത്രയധികം സ്ഥാനാർഥികൾ രംഗത്തുള്ളതിനാൽത്തന്നെ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനാണ് മണ്ഡലം സാക്ഷിയാകുക. തങ്ങൾ നേരിടുന്ന ദുരിതങ്ങൾ ദേശീയശ്രദ്ധയിലെത്തിക്കുകയാണ് വ്യാപകമായി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിലൂടെ പ്രധാനമായും കർഷകർ ലക്ഷ്യമിടുന്നത്. മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കാൻ 111ഓളം കർഷകരാണ് രംഗത്തെത്തുമെന്ന് പ്രഖ്യാപിച്ചത്. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് നിരവധി തവണ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയിരുന്ന തമിഴ്‌നാട്ടിലെ കർഷകരാണ് മോദിക്കെതിരെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയത്തിൽ ഏറെ ചലനങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഈ കർഷകനീക്കം ഏറെ പ്രാധാന്യത്തോടെയാണ് സമൂഹം നോക്കിക്കാണുന്നത്. പ്രക്ഷോഭങ്ങളിലും സമരങ്ങളിലുമുള്ള വൻ ജനസാന്നിധ്യം തിരഞ്ഞെടുപ്പിലും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അതേസമയം, ഈ തീരുമാനം ബി ജെ പിയുടെ നേതാക്കളിൽ അൽപ്പം ഭയമുളവാക്കിയിട്ടുണ്ട്. കർഷക രോഷത്തിന്റെ ചൂട് കടുത്തതാകുമെന്ന് അവർ ഭയക്കുന്നു. കാഴ്ചക്കാരായി നിൽക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് കർഷകർ നടത്തിയിരിക്കുന്നത്. ഇത്തരം പ്രതികരണ ക്ഷമതയാണ് ഫാസിസത്തെ തടയാൻ അനിവാര്യമായിട്ടുള്ളത്.

മുഹമ്മദ് ലുഖ്‌മാൻ മേൽമുറി • kmluqman27@gmail.com