Connect with us

National

ബി ജെ പിക്കെതിരായ പോരാട്ടത്തിന് തയാര്‍; എസ് പി-ബി എസ് പി-ആര്‍ എല്‍ ഡി പ്രചാരണത്തിന് ഇന്ന് തുടക്കം

Published

|

Last Updated

ലക്‌നൗ: യു പിയില്‍ സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പു റാലി ഞായറാഴ്ച സഹാറന്‍പൂരിലെ ദിയോബന്ധില്‍ നടക്കും. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി എസ് പി അധ്യക്ഷ മായാവതി, ആര്‍ എല്‍ ഡി അധ്യക്ഷന്‍ അജിത് സിംഗ്, ഉപാധ്യക്ഷന്‍ ജയന്ത് ചൗധരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കും.

ഏപില്‍ 11നാണ് സഹാറന്‍പൂര്‍ ഉള്‍പ്പടെ പശ്ചിമ യു പിയിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 80 പേരെ ലോക്‌സഭയിലേക്ക് അയച്ച, സംസ്ഥാനത്തെ ഭരണ കക്ഷി കൂടിയായ ബി ജെ പിക്കെതിരായ പോരാട്ടത്തിന്‍ സഖ്യ രൂപവത്കരിച്ച ശേഷം മൂന്നു കക്ഷികളുടെയും പ്രഥമ സംയുക്ത പൊതു സമ്മേളനമാണ് ഞായറാഴ്ച നടക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബി ജെ പി നേതാക്കളുടെ വിഭ്രാന്തി കലര്‍ന്നതും നിരുത്തരവാദപരവുമായ പ്രസ്താവനകളില്‍ നിന്നു തന്നെ സഖ്യത്തിന്റെ പ്രഭാവം എത്രത്തോളമുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്ന് ആര്‍ എല്‍ ഡി വക്താവ് അനില്‍ ദുബെ പറഞ്ഞു. സംസ്ഥാനത്ത് വളരെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്ന വിശാല സഖ്യം ഞായറാഴ്ചത്തെ റാലിയോടെ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന് ദുബെ അവകാശപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംയുക്ത റാലികള്‍ സംഘടിപ്പിക്കുമെന്ന് സഖ്യം രൂപവത്കരണത്തിനു ശേഷം അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഏഴ് മുതല്‍ 16 വരെയുള്ള തീയതികളിലായി മായാവതിയും അജിത് സിംഗും 11 സംയുക്ത റാലികളെ അഭിസംബോധന ചെയ്യുമെന്ന് ഒരു പാര്‍ട്ടി വക്താവ് അറിയിച്ചു. ദിയോബന്ധിനു ശേഷം ബദോവന്‍, ആഗ്ര, മെയിന്‍പുരി, രാംപൂര്‍, ഫിറോസാബാദ്, കനൗജ്, ഫൈസാബാദ്, അസംഗര്‍, ഗോരക്പൂര്‍, വാരണാസി എന്നിവിടങ്ങളിലാണ് റാലികള്‍ നടക്കുക. മെയിന്‍പുരിയില്‍ മുലായം സിംഗ് യാദവിനെയും കനൗജില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനെയുമാണ് എസ് പി സ്ഥാനാര്‍ഥികളായി നിര്‍ത്തിയിട്ടുള്ളത്.

ധാരണ പ്രകാരം എസ് പി, ബി എസ് പി കക്ഷികള്‍ യഥാക്രമം 37, 38 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ആര്‍ എല്‍ ഡി മൂന്നു സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന റായ് ബറേലി, അമേത്തി മണ്ഡലങ്ങളില്‍ സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല.

---- facebook comment plugin here -----

Latest